For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs WI: കാലിസിനെ കടത്തിവെട്ടി കോലി! മുന്നില്‍ നാല് പേര്‍ മാത്രം, 500ാം മാച്ചില്‍ വമ്പന്‍ നേട്ടം

വെസ്റ്റ് ഇന്‍ഡീസുമായുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ഇന്ത്യയുടെ മുന്‍ നായകനും ഇതിഹാസ ബാറ്ററുമായ വിരാട് കോലിയെ സംബന്ധിച്ച് വളരെ സ്‌പെഷ്യലായിരുന്നു. ഈ മല്‍സരത്തില്‍ ഇറങ്ങിയതോടെ ഇന്ത്യക്കു വേണ്ടി 500 മല്‍സരങ്ങളെന്ന വമ്പന്‍ നാഴികക്കല്ല് അദ്ദേഹം പിന്നിട്ടിരുന്നു. വലിയൊരു നേട്ടവുമായിട്ടാണ് ഇതു കോലി ആഘോഷിച്ചിരിക്കുന്നത്. മല്‍സരത്തില്‍ 87 റണ്‍സുമായി പുറത്താവാതെ നില്‍ക്കുന്ന അദ്ദേഹം സെഞ്ച്വറിയാണ് രണ്ടാംദിനം സ്വപ്‌നം കാണുന്നത്. 161 ബോളുകള്‍ നേരിട്ട കോലിയുടെ ഇന്നിങ്‌സില്‍ എട്ടു ഫോറുകളുണ്ടായിരുന്നു.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവുമധികം റണ്‍സെടുത്ത അഞ്ചാമത്തെ താരമെന്ന നേട്ടമാണ് ഈ ടെസ്റ്റിന്റെ ആദ്യദിനം കോലിയെ തേടിയെത്തിയത്. സൗത്താഫ്രിക്കയുടെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടറും ക്യാപ്റ്റനുമായ ജാക്വസ് കാലിസിനെ പിന്തള്ളി അദ്ദേഹം ടോപ്പ് ഫൈവിലേക്കു കയറുകയായിരുന്നു. വ്യക്തിഗത സ്‌കോര്‍ 75ലെത്തിയതോടെയാണ് കാലിസിനെ കോലി പിന്നിലാക്കിയത്.

VIRAT KOHLI

25,534 റണ്‍സോടെയായിരുന്നു കാലിസ് നേരത്തേ അഞ്ചാംസ്ഥാനത്ത് നിന്നത്. ഇതു തകര്‍ത്ത കോലിയുടെ സമ്പാദ്യം ഇപ്പോള്‍ 25,548 റണ്‍സാണ്. 2008ല്‍ അരങ്ങേറിയ അദ്ദേഹം മൂന്നു ഫോര്‍മാറ്റുകളിലുമായി 53.67 ശരാശരിയിലാണ് ഇത്രയും റണ്‍സ് സ്‌കോര്‍ ചെയ്തിരിക്കുന്നത്. 75 സെഞ്ച്വറികളും 132 ഫിഫ്റ്റികളും ഇതിലുള്‍പ്പെടും. 274 ഏകദിനങ്ങളും 114 ടി20കളും 111 ടെസ്റ്റുകളുമാണ് കോലി കളിച്ചിരിക്കുന്നത്.

ഏറ്റവുമധികം റണ്ണെടുത്ത ആദ്യത്തെ 10 പേരെയെടുത്താല്‍ 50ന് മുകളില്‍ ബാറ്റിങ് ശരാശരിയുള്ള ഏക താരവും കോലി മാത്രമാണ്. അദ്ദേഹം കഴിഞ്ഞാല്‍ ഏറ്റവും മികച്ച ശരാശരി കാലിസിനും (49.10) ഇന്ത്യയുടെ മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിനുമാണ് (48.52). റണ്‍വേട്ടക്കാരില്‍ ടോപ്പ് ഫൈവിലേക്കു കോലി കൂടി വന്നതോടെ ഇന്ത്യന്‍ താരങ്ങളുടെ സാന്നിധ്യം രണ്ടായി ഉയര്‍ന്നിരിക്കുകയാണ്.

സച്ചിനാണ് ഈ ലിസ്റ്റില്‍ തലപ്പത്തുള്ളത്. 1989 മുതല്‍ 2013 വരെയുള്ള കാലയളവില്‍ ഇന്ത്യന്‍ കുപ്പായമണിഞ്ഞ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ 664 മല്‍സരങ്ങളില്‍ നിന്നും വാരിക്കൂട്ടിയത് 34,357 റണ്‍സാണ്. 30,000ത്തിനു മുകളില്‍ റണ്‍സ് സ്‌കോര്‍ ചെയ്തിട്ടുള്ള ഏക താരവും സച്ചിന്‍ തന്നെ. 100 സെഞ്ച്വറികളും 164 ഫിഫ്റ്റികളും അതിശയിപ്പിക്കുന്ന കരിയറില്‍ അദ്ദേഹം അടിച്ചെടുത്തു. ഉയര്‍ന്ന സ്‌കോര്‍ പുറത്താവാതെ നേടിയ 248 റണ്‍സാണ്.

സച്ചിനു പിന്നില്‍ രണ്ടാംസ്ഥാനം ശ്രീലങ്കയുടെ മുന്‍ നായകനും വിക്കറ്റ് കീപ്പറുമായിട്ടുള്ള കുമാര്‍ സങ്കക്കാരയ്ക്കാണ്. ലങ്കയ്ക്കു വേണ്ടി 2000 മുതല്‍ 2015 വരെയുള്ള കാലയളവില്‍ 594 മല്‍സരങ്ങളില്‍ കളിച്ച അദ്ദേഹം 46.77 ശരാശരിയോടെ 28,016 റണ്ണെടുത്തിട്ടുണ്ട്. 63 സെഞ്ച്വറികളും 153 ഫിഫ്റ്റികളും സങ്ക സ്വന്തം പേരിലാക്കുകയും ചെയ്തു.

VIRAT KOHLI

ഓസ്‌ട്രേലിയയുടെ മുന്‍ നായകന്‍ റിക്കി പോണ്ടിങ് (27,843), ശ്രീലങ്കയുടെ മുന്‍ ക്യാപ്റ്റന്‍ മഹേല ജയവര്‍ധനെ (25,957) എന്നിവരാണ് മൂന്നും നാലും സ്ഥാനങ്ങളില്‍. ആദ്യത്തെ പത്തില്‍ സച്ചിന്‍, കോലി എന്നിവരെക്കൂടാതെയുള്ള മറ്റൊരു ഇന്ത്യന്‍ താരം മുന്‍ ഇതിഹാസവും നിലവിലെ കോച്ചുമായ രാഹുല്‍ ദ്രാവിഡാണ്. 509 മല്‍സരങ്ങളില്‍ നിന്നും അദ്ദേഹം നേടിയത് 24,208 റണ്‍സാണ്. നിലവില്‍ ഏഴാംസ്ഥാനത്താണ് ദ്രാവിഡ്.

അതേസമയം, വിന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യദിനം ശുഭ്മന്‍ ഗില്‍ പുറത്തായതിനു ശേഷമാണ് രണ്ടാം സെഷനില്‍ കോലി ക്രീസിലെത്തിയത്. തുടക്കത്തില്‍ അക്കൗണ്ട് തുറക്കാന്‍ അദ്ദേഹം ശരിക്കും പാടുപെട്ടു. ഇതിനിടെ മൂന്നിലേറെ തവണ കോലിയെ ബീറ്റ് ചെയ്യാനും വിന്‍ഡീസ് ബൗളര്‍മാര്‍ക്കു സാധിച്ചു. ആദ്യ റണ്ണിനായി 20 ബോളുകളാണ് അദ്ദേഹത്തിനു കാത്തിരിക്കേണ്ടി വന്നത്. ഒടുവില്‍ അല്‍സാറി ജോസഫെറിഞ്ഞ 44ാം ഓവറിലെ നാലാമത്തെ പന്ത് മികച്ചൊരു ഡ്രൈവിലൂടെ ബൗണ്ടറി കടത്തി കോലി ആദ്യത്തെ റണ്‍സ് കുറിക്കുകയായിരുന്നു.

Story first published: Friday, July 21, 2023, 9:32 [IST]
Other articles published on Jul 21, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+