വെസ്റ്റ് ഇന്‍ഡീസിനെതിരേ ഡൊമിനിക്കയില്‍ സമാപിച്ച ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ കിടിലനൊരു സെഞ്ച്വറിയായിരുന്നു മുന്‍ നായകന്‍ വിരാട് കോലിയില്‍ നിന്നും എല്ലാവരും പ്രതീക്ഷിച്ചത്. പക്ഷെ അതു യാഥാര്‍ഥ്യമാക്കാന്‍ കഴിയാതെ ഇതിഹാസ ബാറ്റര്‍ക്കു ക്രീസ് വിടേണ്ടി വരികയായിരുന്നു. 70കള്‍ക്കും സെഞ്ച്വറിക്കുമിടയില്‍ വീഴുകയെന്ന പതിവ് കോലി ഇത്തവണയും തെറ്റിച്ചില്ല. 76 റണ്‍സായിരുന്നു അദ്ദേഹത്തിന്റെ സമ്പാദ്യം. 182 ബോളുകള്‍ നേരിട്ട താരം അഞ്ചു ഫോറുകളടിച്ചു.
ഒരിക്കല്‍ക്കൂടി 70നും സെഞ്ച്വറിക്കും ഇടയില്‍ വീണതോടെ മോശം ബാറ്റിങ് റെക്കോര്‍ഡുള്ളവരുടെ ലിസ്റ്റില്‍ കോലി നാലാമതെത്തുകയും ചെയ്തിരിക്കുകയാണ്. ടെസ്റ്റില്‍ 75-99 റണ്‍സിനിടെ പുറത്തായിട്ടുള്ള ഇന്ത്യന്‍ താരങ്ങളുടെ ലിസ്റ്റിലാണ് അദ്ദേഹം നാലാംസ്ഥാനത്തു നില്‍ക്കുന്നത്.

35 തവണയാണ് കോലി 75നും 99നുമിടെ പുറത്തായിരിക്കുന്നത്. മുന്‍ നായകനും ബിസിസിഐ പ്രഡിസന്റുമായിരുന്ന സൗരവ് ഗാംഗുലിക്കു (36 തവണ) തൊട്ടരികിലും കോലി ഇതോടെ എത്തിയിരിക്കുകയാണ്. ഈ ലിസ്റ്റില്‍ തലപ്പത്തുള്ളത് മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറാണ്.
61 തവണയാണ് 75-99 റണ്‍സിനിടയില്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ വിക്കറ്റ് നഷ്ടപ്പെടുത്തിയിരിക്കുന്നത്. രണ്ടാം സ്ഥാനത്തു മറ്റൊരു മുന്‍ ഇതിഹാസ താരവും നിലവില കോച്ചുമായ രാഹുല്‍ ദ്രാവിഡാണ്. 42 തവണ അദ്ദേഹം സെഞ്ച്വറിയിലേക്കു എത്താനാവാതെ കാലിടറി വീണിട്ടുണ്ട്.
വിന്‍ഡീസിനെതിരേ ഇന്നിങ്‌സിന്റെ തുടക്കം മുതല്‍ വളരെ ശ്രദ്ധയോടെ ബാറ്റ് വീശിയ കോലി റണ്ണെടുക്കാന്‍ യാതൊരു ധൃതിയും കാണിച്ചില്ല. തന്റെ പതിവു ബാറ്റിങിനേക്കാള്‍ വളരെ സ്ലോയായിട്ടാണ് അദ്ദേഹം ഡൊമിനിക്കയില്‍ കളിച്ചത്. ഫിഫ്റ്റി നേടിയതിനു ശേഷമായിരുന്നു കോലിയുടെ ബാറ്റില്‍ നിന്നും കൂടുതല്‍ ബൗണ്ടറികള്‍ വന്നത്.
സെഞ്ച്വറി നേടുമെന്ന പ്രതീക്ഷ നല്‍കി ഇന്നിങ്‌സ് മുന്നോട്ടു കൊണ്ടുപോയ അദ്ദേഹത്തെ വിന്‍ഡീസ് സ്പിന്നര്‍ റഖീം കോണ്‍വാള്‍ വീഴ്ത്തുകയായിരുന്നു. ലഞ്ച് ബ്രേക്കിനു ശേഷമാണ് കോലിയുടെ വിലപ്പെട്ട വിക്കറ്റ് കോണ്‍വാള്‍ കൈക്കലാക്കിയത്. ഇന്ത്യന്‍ ഇന്നിങ്‌സിലെ 145ാം ഓവറിലെ നാലാമത്തെ ബോളിലായിരുന്നു ഇത്. മിഡില്‍ സ്റ്റംപ് ലക്ഷ്യമിട്ട് ലെങ്ത് ബോളായിരുന്നു കോണ്‍വാള്‍ എറിഞ്ഞത്.

കോലി അതു ബാക്ക്ഫൂട്ടില്‍ നിന്ന് ലെഗ് സൈഡിലേക്കു വഴി തിരിച്ചുവിടാന്‍ ശ്രമിക്കുകയായിരുന്നു. പക്ഷെ ബോളിനു അദ്ദേഹം പ്രതീക്ഷിച്ചതിനേക്കാള്‍ ബൗണ്‍സുണ്ടായിരുന്നു. അതു കോലിയുടെ കണക്കുകൂട്ടലും തെറ്റിച്ചു. ബാറ്റില്‍ ഉരസിയ ബോള്‍ എഡ്ജായ ശേഷം ലെഗ് സ്ലിപ്പില്‍ നേരെ അലിക്ക് അതാന്‍സെയുടെ കൈകളിലെത്തുകയായിരുന്നു.
വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളില്‍ തന്റെ യഥാര്‍ഥ ഫോമിലേക്കു കഴിഞ്ഞ വര്‍ഷം തിരികെയെത്തിയെങ്കിലും ടെസ്റ്റില്‍ കോലിക്കു ഇനിയും പഴയ കോലിയാവാന്‍ സാധിച്ചിട്ടില്ല. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ടെസ്റ്റില്‍ അദ്ദേഹം നേടിയത് ഒരേയൊരു സെഞ്ച്വറി മാത്രമാണമെന്ന ദയനീയ റെക്കോര്‍ഡ് അതു ശരി വയ്ക്കുകയും ചെയ്യുന്നു.
2019ലെ പിങ്ക് ബോള്‍ ടെസ്റ്റില്‍ ബംഗ്ലാദേശിനെതിരേ സെഞ്ച്വറി നേടിയ ശേഷം അടുത്തതിനായുള്ള കാത്തിരിപ്പ് തീര്‍ന്നത് ഈ വര്‍ഷമായിരുന്നു. ഓസ്‌ട്രേലിയക്കെതിരേ നാട്ടില്‍ നടന്ന ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിലായിരുന്നു ഇത്. അഹമ്മദാബാദില്‍ നടന്ന നാലാം ടെസ്റ്റിന്റെ നാലാംദിനമായിരുന്നു കോലി മൂന്നക്കമെന്ന മാന്ത്രിക സംഖ്യയില്‍ വീണ്ടുമെത്തിയത്. ടെസ്റ്റ് കരിയറില്‍ അദ്ദേഹത്തിന്റെ 28ാമത്തെ സെഞ്ച്വറി കൂടിയായിരുന്നു അത്.