മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ നിന്ന് ചേതേശ്വര്‍ പുജാര തഴയപ്പെട്ടത് വലിയ ചര്‍ച്ചയായിരുന്നു. രാഹുല്‍ ദ്രാവിഡ് ഒഴിച്ചിട്ട മൂന്നാം നമ്പറില്‍ ഏറെക്കാലമായി വിശ്വസ്തനായി നിന്ന പുജാരയുടെ സമീപകാല പ്രകടനം വളരെ മോശമാണ്. കൗണ്ടി ക്രിക്കറ്റ് കളിച്ചിട്ടും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ പുജാര മികവുകാട്ടാനാവാതെ പോയതാണ് നിരാശപ്പെടുത്തിയത്. ഇതോടെ വിന്‍ഡീസ് പര്യടനത്തില്‍ നിന്ന് താരത്തെ തഴയാന്‍ തീരുമാനിക്കുകയായിരുന്നു.
മൂന്നാം നമ്പറില്‍ ഇന്ത്യക്ക് മാറ്റം അനിവാര്യമാണെങ്കിലും പുജാരയെ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയില്‍ക്കൂടി പരിഗണിച്ച് യാത്രയയപ്പ് നല്‍കണമായിരുന്നു. വിരമിക്കാനുള്ള മത്സരം അദ്ദേഹം അര്‍ഹിച്ചിരുന്നുവെന്ന് പറയാം. ഇത്തരത്തില്‍ പെട്ടെന്ന് തഴയപ്പെടേണ്ട കളിക്കാരനല്ല പുജാര. ഇപ്പോഴിതാ വിരാട് കോലിക്കും ചേതേശ്വര്‍ പുജാരക്കും ഒരേ ശരാശരിയായിട്ടും പുജാരയെ മാത്രം പുറത്താക്കുന്നത് അനീതിയാണെന്ന് ചൂണ്ടിക്കാട്ടുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്ര.
'ഇപ്പോള്‍ ഇന്ത്യന്‍ ടീമില്‍ ചേതേശ്വര്‍ പുജാരയില്ല. പ്രധാനപ്പെട്ട ചോദ്യം ഇത് ശരിയായ തീരുമാനം ആണോഎന്നതാണ്? എന്റേതായ ഒരു അഭിപ്രായം ഞാന്‍ പറയുന്നില്ല. പക്ഷെ ടെസ്റ്റ് ക്രിക്കറ്റിലെ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ കഴിഞ്ഞ മൂന്നുവര്‍ഷത്തെ കണക്കുകള്‍ കാട്ടാം. 18 മത്സരത്തില്‍ നിന്ന് 43 ശരാശരിയില്‍ രോഹിത് ശര്‍മയാണ് കൂടുതല്‍ റണ്‍സ് നേടിയത്. ശുബ്മാന്‍ ഗില്ലിന്റെ 16 മത്സരത്തില്‍ നിന്നുള്ള ശരാശരി 32ഉും കെ എല്‍ രാഹുലിന്റെ 11 മത്സരത്തില്‍ നിന്നുള്ള ശരാശരി 30ഉുമായിരുന്നു.
28 മത്സരത്തില്‍ നിന്നുള്ള പുജാരയുടെ ശരാശരി 29ആണ്. വിരാട് കോലിയുടെയും ശരാശരി ഇതുതന്നെയാണ്. എന്നാല്‍ പുജാരയെക്കാള്‍ മൂന്ന് മത്സരം കുറവാണ് കോലി കളിച്ചത്. അജിന്‍ക്യ രഹാനെ 20 മത്സരമാണ് കളിച്ചത്. 26.50 ആണ് ശരാശരി. ഇക്കൂട്ടത്തില്‍ ഏറ്റവും മോശം കണക്ക് രഹാനെയുടേതാണ്. ഇതേ കണക്കിന്റെ അടിസ്ഥാനത്തിലാണ് പുജാരയെ പുറത്താക്കിയതെന്നോര്‍ക്കണം.

രഹാനെയുടെ തിരിച്ചുവരവ് മികച്ചതായിരുന്നു. ചേതേശ്വര്‍ പുജാരയും ടീമില്‍ നിന്ന് പുറത്തുപോയതായിരുന്നു. കൗണ്ടി ക്രിക്കറ്റില്‍ മികവുകാട്ടിയാണ് പുജാര തിരിച്ച് ടീമിലേക്കെത്തിയത്. അവന്റെ പ്രകടനം മോശമല്ലായിരുന്നു. എന്നാല്‍ അടുത്ത ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ആരംഭിക്കുകയാണ്. പുജാര ചെറുപ്പമാവുകയല്ല പ്രായമാവുകയാണ്. ഇന്ത്യ മറ്റൊരു രീതിയിലൂടെ ടീമിനെ കാണാന്‍ ശ്രമിക്കുന്നു'- യുട്യൂബ് ചാനലിലൂടെ ആകാശ് ചോപ്ര പറഞ്ഞു.
പുജാര മൂന്നാം നമ്പറിലാണ് കളിക്കുന്നത്. ടെസ്റ്റിലെ വളരെ ദുഷ്‌കരമായ ബാറ്റിങ് പൊസിഷനാണിത്. അതുകൊണ്ടുതന്നെ നല്ല ക്ഷമയില്ലാത്ത ബാറ്റ്‌സ്മാന് ഈ പൊസിഷനില്‍ കളിച്ച് മികവുകാട്ടുക ദുഷ്‌കരമായിരിക്കും. രാഹുല്‍ ദ്രാവിഡും പുജാരയും ഏറെ നാള്‍ എതിരാളികളില്ലാതെ കളിച്ച ബാറ്റിങ് പൊസിഷനാണിത്. ഇപ്പോള്‍ ഫോം പരിഗണിച്ച് പുജാര ടീമില്‍ നിന്ന് പുറത്തുപോയിരിക്കുകയാണ്. പകരം റുതുരാജ് ഗെയ്ക് വാദാവും ഇന്ത്യക്കായി മൂന്നാം നമ്പറില്‍ കളിക്കുക.
യുവതാരത്തെ വളര്‍ത്തിക്കൊണ്ടുവരേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണെങ്കിലും പുജാരക്ക് വിരമിക്കല്‍ മത്സരം പോലും നല്‍കാതെ പുറത്താക്കുന്നത് അദ്ദേഹത്തോടുകാട്ടുന്ന അനാദരവായിരിക്കും. എന്നാല്‍ തോറ്റുകൊടുക്കാന്‍ താന്‍ തയ്യാറല്ലെന്ന നിലപാടിലാണ് പുജാര. ദുലീപ് ട്രോഫി കളിക്കാന്‍ പുജാര പരിശീലനം ആരംഭിച്ചുകഴിഞ്ഞു. ടൂര്‍ണമെന്റില്‍ തിളങ്ങി തിരിച്ചുവരവാണ് പുജാര ലക്ഷ്യം വെക്കുന്നത്. എന്നാല്‍ അത് എളുപ്പമാവില്ലെന്നുറപ്പ്.
വെസ്റ്റ് ഇന്‍ഡീസ് പരമ്പരക്ക് ശേഷം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് ഇന്ത്യ ടെസ്റ്റ് കളിക്കുന്നത്. ഈ പരമ്പര ഡിസംബറിലാണ്. ഇടവേളയുള്ളതിനാല്‍ത്തന്നെ മറ്റ് ഫോര്‍മാറ്റുകളില്‍ കളിക്കാത്ത പുജാരക്ക് പെട്ടെന്ന് തിരിച്ചെത്തുക കടുപ്പമാവും. ദുലീപ് ട്രോഫിയില്‍ മികവുകാട്ടുകയെന്നതാണ് പ്രധാനപ്പെട്ട കാര്യം. അതിന് പുജാരക്ക് സാധിക്കുമോയെന്നത് കണ്ടറിയണം. വെസ്റ്റ് ഇന്‍ഡീസില്‍ യുവതാരങ്ങള്‍ മൂന്നാം നമ്പറില്‍ തിളങ്ങിയാല്‍ പുജാരയുടെ മടങ്ങിവരവ് പ്രതീക്ഷകളും അസ്തമിക്കും.