വിന്‍ഡീസിനെതിരായ സെഞ്ച്വറി വീരന്‍മാര്‍- കോലി തന്നെ കിങ്! ബാബറിനെ പേടിക്കണം
ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ഏകദിന പരമ്പര ഫെബ്രുവരി ആറിന് ആരംഭിക്കാനിരിക്കെ എല്ലാ കണ്ണുകളും മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ വിരാട് കോലിയിലേക്കാണ്. രണ്ടു വര്‍ഷത്തിലേറെയായി തുടരുന്ന സെഞ്ച്വറി വരള്‍ച്ചയ്ക്കു അദ്ദേഹം ഈ പരമ്പരയില്‍ അറുതിയിടുമോയെന്നാണ് ക്രിക്കറ്റ് പ്രേമികളും ആരാധകരും ഉറ്റുനോക്കുന്നത്. സൗത്താഫ്രിക്കയ്‌ക്കെതിരേ സമാപിച്ച കഴിഞ്ഞ ടെസ്റ്റ്, ഏകദിന പരമ്പരകളില്‍ സെഞ്ച്വറിക്കായുള്ള കോലിയുടെ കാത്തിരിപ്പ് അന്ത്യമാവുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല.
ഇനി വെസ്റ്റ് ഇന്‍ഡീസിനെതിരേ ഉറപ്പായും കോലി മൂന്നക്കം തികയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയിലാണ് ഇന്ത്യയും വിന്‍ഡീസും ഏറ്റുമുട്ടുന്നത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് മല്‍സരങ്ങള്‍. അതിനു ശേഷം മൂന്നു ടി20കളിലും ഇന്ത്യയും വിന്‍ഡീസും ഏറ്റുമുട്ടും.

വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ കോലി തന്റെ സെഞ്ച്വറി ക്ഷാമം അവസാനിപ്പിക്കുമെന്ന് ഉറപ്പിക്കാന്‍ ഒരു കാരണം കൂടിയുണ്ട്. ഏകദിനത്തില്‍ വിന്‍ഡീസിനെതിരേ അദ്ദേഹത്തിനുള്ള തകര്‍പ്പന്‍ റെക്കോര്‍ഡ് തന്നെയാണ് ഇതിനു കാരണം. വിന്‍ഡീസിനെതിരേ ഏറ്റവുമധികം ഏകദിന സെഞ്ച്വറികളെന്ന ഓള്‍ടൈം റെക്കോര്‍ഡ് കോലിക്ക് അവകാശപ്പെട്ടതാണ്. ഒമ്പത് സെഞ്ച്വറികളാണ് അദ്ദേഹം വാരിക്കൂട്ടിയത്. കോലിയുടെ തൊട്ടരികില്‍പ്പോലും ആരുമില്ലെന്നതാണ് ശ്രദ്ധേയം.

വിരാട് കോലിക്കു പിന്നില്‍ രണ്ടാംസ്ഥാനം പങ്കിടുന്ന മൂന്ന പേരും അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചവരാണ്. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ ഒന്നാംസ്ഥാനത്തിനു വെല്ലുവിളിയും കുറവാണ്. അഞ്ചു വീതം സെഞ്ച്വറികളുമായി സൗത്താഫ്രിക്കയുടെ മുന്‍ ഇതിഹാസങ്ങളായ ഹാഷിം അംല, എബി ഡിവില്ലിയേഴ്‌സ്, ഹെര്‍ഷല്‍ ഗിബ്‌സ് എന്നിവരാണ് കോലിക്കു പിറകിലുള്ളത്.

മൂന്നാംസ്ഥാനത്തിനു നാലു അവകാശികളാണുള്ളത്. ഇതില്‍ രണ്ടു പേര്‍ വിരമിച്ചവരുമാണ്. പാകിസ്താന്‍ ടീമിന്റെ നിലവിലെ ക്യാപ്റ്റനും അടുത്ത സൂപ്പര്‍ താരുമായ ബാബര്‍ ആസം, ഇംഗ്ലണ്ട് ടെസ്റ്റ് ക്യാപ്റ്റന്‍ ജോ റൂട്ട്, ഇന്ത്യയുടെ മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൗത്താഫ്രിക്കയുടെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ ജാക്വിസ് കാലിസ് എന്നിവരാണ് മൂന്നാമത്. ഇവരെല്ലാം നാലു സെഞ്ച്വറികള്‍ വീതമാണ് വിന്‍ഡീസിനെതിരേ സ്‌കോര്‍ ചെയ്തത്. ഇതില്‍ ബാബറില്‍ നിന്നാണ് കോലിക്കു പ്രധാനമായും ഭീഷണിയുള്ളത്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ കോലിയുടെ സെഞ്ച്വറിയിലേക്കു വന്നാല്‍ അദ്ദേഹം അവസാനമായി മൂന്നക്കം തികച്ചത് 2019 നവംബറിലായിരുന്നു. ബംഗ്ലാദേശിനെതിരേ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന ഇന്ത്യയുടെ കന്നി പിങ്ക് ബോള്‍ ടെസ്റ്റിലായിരുന്നു ഇത്. അതിനു ശേഷം ഒരിക്കല്‍പ്പോലും സെഞ്ച്വറി കോലിയുടെ കൂടെ കൂടിയിട്ടില്ല. പല തവണ 70കളിലും 80കളിലുമെല്ലാം അദ്ദേഹം പുറത്തായിട്ടുണ്ട്.

ഇന്ത്യന്‍ ഏകദിന ടീം
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍, ആദ്യ മല്‍സരം കളിക്കില്ല), റുതുരാജ് ഗെയ്ക്വാദ്, ശിഖര്‍ ധവാന്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, ദീപക് ഹൂഡ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ദീപക് ചാഹര്‍, ഷര്‍ദുല്‍ ടാക്കൂര്‍, യുസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ് , വാഷിംഗ്ടണ്‍ സുന്ദര്‍, രവി ബിഷ്നോയ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ആവേശ് ഖാന്‍.

വെസ്റ്റ് ഇന്‍ഡീസ് ഏകദിന ടീം
കരെണ്‍ പൊള്ളാര്‍ഡ് (ക്യാപ്റ്റന്‍), ഫാബിയന്‍ അലെന്‍, ക്രുമ ബോണര്‍, ഡാരെന്‍ ബ്രാവോ, ഷമാറ ബ്രൂക്‌സ്, ജാസണ്‍ ഹോള്‍ഡര്‍, ഷെയ് ഹോപ്പ്, അക്കീല്‍ ഹൊസെയ്ന്‍, അല്‍സാറി ജോസഫ്, ബ്രെന്‍ഡന്‍ കിങ്, നിക്കോളാസ് പൂരന്‍, കെമര്‍ റോച്ച്, റൊമാരിയോ ഷെപാര്‍ഡ്, ഒഡീന്‍ സ്മിത്ത്, ഹെയ്ഡന്‍ വാല്‍ഷ് ജൂനിയര്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications