IND vs WI: കിങ് കോലിയെ പിന്നിലാക്കാം, തിലകിനെ കാത്ത് വമ്പന്‍ നേട്ടം! പക്ഷെ കടുപ്പം
വെസ്റ്റ് ഇന്‍ഡീസിനെതിരായ നാലാം ടി20ക്കായുള്ള മുന്നൊരുക്കത്തിലാണ് ഇന്ത്യന്‍ ടീം. ആദ്യ രണ്ട് മത്സരവും ഇന്ത്യ തോറ്റപ്പോള്‍ മൂന്നാം മത്സരത്തില്‍ ജയം നേടി ടീം തിരിച്ചുവന്നു. അഞ്ച് മത്സര പരമ്പരയില്‍ നിലവില്‍ 2-1ന് ഇന്ത്യ പിന്നിലാണ്. നാലാം മത്സരം തോറ്റാല്‍ ഇന്ത്യക്ക് പരമ്പര നഷ്ടമാവും. അതുകൊണ്ടുതന്നെ ജീവന്‍-മരണ പോരാട്ടമാണ് നടക്കാന്‍ പോകുന്നത്. ഇന്ത്യയുടെ യുവനിരയുടെ കരുത്ത് അളക്കപ്പെടാന്‍ പോകുന്ന മത്സരമാണ് വരാനിരിക്കുന്നത്.
പരമ്പര പുരോഗമിക്കുമ്പോള്‍ ഇന്ത്യക്ക് മുന്നിലുള്ളത് നിരവധി ആശങ്കകളാണ്. എന്നാല്‍ ഇതിനിടയില്‍ ഇന്ത്യക്ക് സന്തോഷം നല്‍കുന്നത് തിലക് വര്‍മയുടെ പ്രകടനമാണ്. മൂന്ന് മത്സരത്തിലും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ തിലകിനായി. സമ്മര്‍ദ്ദ സാഹചര്യത്തില്‍ ഇന്ത്യയുടെ പ്രമുഖ താരങ്ങളെല്ലാം പതറിയപ്പോഴും തിലക് മികച്ച പ്രകടനത്തോടെ കൈയടി നേടി. 39, 51, 49* എന്നിങ്ങനെയാണ് തിലക് നേടിയത്. 139 റണ്‍സ് ഇതിനോടകം അദ്ദേഹം പോക്കറ്റിലാക്കി.

മൂന്നാം ടി20യില്‍ അര്‍ധ സെഞ്ച്വറി നേടാന്‍ അവസരമുണ്ടായിരുന്നെങ്കിലും ഇന്ത്യന്‍ നായകന്‍ ഹാര്‍ദിക് പാണ്ഡ്യ സിക്‌സര്‍ പറത്തി മത്സരം ഫിനിഷ് ചെയ്തതോടെ തിലകിന് അര്‍ധ സെഞ്ച്വറി നിഷേധിക്കപ്പെട്ടു. പരമ്പരയില്‍ രണ്ട് മത്സരം ശേഷിക്കെ വിരാട് കോലിയുടെ വമ്പന്‍ റെക്കോഡ് തകര്‍ക്കാനുള്ള അവസരമാണ് തിലകിനെ കാത്തിരിക്കുന്നത്.
അഞ്ച് മത്സര ടി20 പരമ്പരയില്‍ ഇന്ത്യക്കായി കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോഡില്‍ തലപ്പത്തെത്താനുള്ള അവസരമാണ് തിലകിനെ കാത്തിരിക്കുന്നത്. നിലവില്‍ 231 റണ്‍സുമായി വിരാട് കോലിയാണ് ഈ റെക്കോഡില്‍ തലപ്പത്ത്. 2021ല്‍ ഇംഗ്ലണ്ടിനെതിരേയാണ് കോലി ഈ നേട്ടത്തിലെത്തിയത്. 2020ല്‍ ന്യൂസീലന്‍ഡിനെതിരേ 224 റണ്‍സ് നേടിയ കെ എല്‍ രാഹുല്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ 2022ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ 206 റണ്‍സ് നേടി ഇഷാന്‍ കിഷന്‍ മൂന്നാം സ്ഥാനത്തുണ്ട്.
2020ല്‍ ന്യൂസീലന്‍ഡിനെതിരേ 153 റണ്‍സ് നേടിയ ശ്രേയസ് അയ്യര്‍ നാലാം സ്ഥാനത്താണ്. മൂന്ന് മത്സരത്തില്‍ നിന്ന് 139 റണ്‍സ് തിലക് നേടിക്കഴിഞ്ഞു. ശ്രേയസിന്റെ റെക്കോഡ് അനായാസമായി തിലക് മറികടക്കുമെന്ന് പ്രതീക്ഷിക്കാം. എന്നാല്‍ വിരാട് കോലിയുടെ റെക്കോഡ് തകര്‍ക്കാന്‍ രണ്ട് മത്സരത്തിലും അര്‍ധ സെഞ്ച്വറി പ്രകടനം തിലക് നടത്തേണ്ടതായുണ്ട്. നിലവിലെ തിലകിന്റെ ഫോം പ്രതീക്ഷ നല്‍കുന്നതാണ്.
മുംബൈ ഇന്ത്യന്‍സിനൊപ്പം നിരവധി തവണ വെടിക്കെട്ട് പ്രകടനം നടത്താന്‍ തിലകിന് സാധിച്ചിട്ടുണ്ട്. ഈ മികവ് ഇന്ത്യന്‍ ജേഴ്‌സിയിലും അദ്ദേഹം തുടരുന്നു. കോലിയെ മറികടന്ന് വമ്പന്‍ റെക്കോഡ് സ്വന്തമാക്കാനുള്ള സുവര്‍ണ്ണാവസരമാണ് തിലകിനെ കാത്തിരിക്കുന്നത്. എന്നാല്‍ ഈ നേട്ടത്തിലേക്കെത്തുക തിലകിന് എളുപ്പമായിരിക്കില്ലെന്ന കാര്യം ഉറപ്പാണ്.
നാലാം നമ്പറില്‍ ഇടം കൈയന്‍ ബാറ്റ്‌സ്മാനില്ലാത്തത് ഏറെ നാളുകളായി ഇന്ത്യയെ അലട്ടുന്ന പ്രശ്‌നമാണ്. ഇതിന് പരിഹാരം കാണാന്‍ തിലകിന് മികവുണ്ട്. ഏഷ്യാ കപ്പിലേക്കും തിലകിന് വിളിയെത്തിയേക്കുമെന്നാണ് വിവരം. ഏഷ്യാ കപ്പില്‍ തിളങ്ങാനായാല്‍ ഏകദിന ലോകകപ്പിലേക്കും അദ്ദേഹം പരിഗണിക്കപ്പെട്ടേക്കും. ഇന്ത്യക്കൊപ്പം വലിയ ഭാവി കല്‍പ്പിക്കപ്പെടുന്ന താരമായി തിലക് മാറിക്കഴിഞ്ഞു. മധ്യനിരയിലെ സൂപ്പര്‍ ഹീറോയായി തിലകിന് മാറാന്‍ സാധിക്കുമോയെന്നത് കാത്തിരുന്ന് കാണാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications