IND vs WI: സഞ്ജുവിന് ഇനി അവസരം നല്‍കേണ്ട! ജിതേഷിനെ വളര്‍ത്തണം! കാരണങ്ങളിതാ
മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ തോല്‍വി മറന്ന് ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനായുള്ള തയ്യാറെടുപ്പിലാണ്. രണ്ട് ടെസ്റ്റും മൂന്ന് ഏകദിനവും അഞ്ച് ടി20യും ഉള്‍പ്പെടുന്ന പരമ്പരയാണ് ഇന്ത്യ വെസ്റ്റ് ഇന്‍ഡീസില്‍ കളിക്കാന്‍ പോകുന്നത്. ഈ വര്‍ഷം ഏകദിന ലോകകപ്പും അടുത്ത വര്‍ഷം ടി20 ലോകകപ്പും നടക്കാനിരിക്കെ വെസ്റ്റ് ഇന്‍ഡീസ് പരമ്പര ഇന്ത്യക്ക് വളരെ പ്രധാനപ്പെട്ടതാണ്. ഇന്ത്യയുടെ ലോകകപ്പ് മുന്നൊരുക്കങ്ങളുടെ പ്രധാന ചുവടായി വിന്‍ഡീസ് പര്യടനം മാറും.
ലോകകപ്പ് കളിക്കാന്‍ സാധ്യതയുള്ള ഇന്ത്യന്‍ താരങ്ങളെ ഈ പരമ്പരയിലൂടെ ഏറെക്കുറെ വ്യക്തമായേക്കും. പുതുമുഖങ്ങളെ ഉള്‍പ്പെടെ ടീമിലേക്കെത്തിച്ച് അടിമുടി മാറ്റത്തിനൊരുങ്ങുകയാണ് ഇന്ത്യ. സഞ്ജു സാംസണെ വിന്‍ഡീസ് പരമ്പരയ്ക്കുള്ള ഏകദിന, ടി20 ടീമിലേക്ക് പരിഗണിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ സജീവമാണ്. മോശം ഫോമിനെത്തുടര്‍ന്ന് ടീമിന് പുറത്തായ സഞ്ജു ഇക്കഴിഞ്ഞ ഐപിഎല്ലില്‍ ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചത്.
സ്ഥിരതയുടെ കാര്യത്തില്‍ സഞ്ജു പഴയ അവസ്ഥയില്‍ നിന്ന് മെച്ചപ്പെട്ടിട്ടില്ല. സാഹചര്യത്തിനനുസരിച്ച് ശൈലി മാറ്റാന്‍ താന്‍ ഒരുക്കമല്ലെന്ന് അദ്ദേഹം തന്നെ തുറന്നുപറയുകയും ചെയ്തിട്ടുള്ളതാണ്. ഈ സാഹചര്യത്തില്‍ സഞ്ജുവിനെ ഇനിയും ഇന്ത്യ ടീമിലേക്ക് വിളിക്കുന്നത് മണ്ടത്തരമായേക്കും. സഞ്ജുവിനെ പരിഗണിച്ചാലും ലോകകപ്പില്‍ സീറ്റുണ്ടാവില്ലെന്നുറപ്പ്. ഈ സാഹചര്യത്തില്‍ ഇന്ത്യ സഞ്ജുവിനെ പിന്തുണക്കുന്നതിനെക്കാള്‍ നല്ലത് ജിതേഷ് ശര്‍മയെ വളര്‍ത്തുന്നതാണ്. അതിന്റെ കാരണങ്ങളിതാ.
സഞ്ജുവിനെ ഇന്ത്യ പരിഗണിച്ചാല്‍ ടോപ് ഓഡറില്‍ കളിപ്പിക്കാന്‍ സാധിക്കണം. കുറഞ്ഞ പക്ഷം നാലാം നമ്പറിലെങ്കിലും കളിപ്പിച്ചാലെ സഞ്ജുവിന് ഭേദപ്പെട്ട പ്രകടനം നടത്താന്‍ സാധിക്കൂ. നിലവിലെ ഇന്ത്യന്‍ ടീമില്‍ ടോപ് ഓഡറില്‍ കളിക്കാന്‍ പ്രമുഖ താരങ്ങളുടെ മത്സരമാണ്. ഇതിന്റെയിടെ സഞ്ജുവിന് അവസരം ലഭിക്കാന്‍ സാധ്യത വളരെ കുറവാണ്. ഇന്ത്യക്കാവശ്യം ഫിനിഷര്‍ റോളില്‍ കളിക്കുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനെയാണ്.
അത്തരത്തില്‍ വിലയിരുത്തുമ്പോള്‍ സഞ്ജുവിനെക്കാള്‍ ബെസ്റ്റ് ജിതേഷ് ശര്‍മയാണ്. ആദ്യ പന്ത് മുതല്‍ ആക്രമിക്കാന്‍ കഴിവുള്ള ബാറ്റ്‌സ്മാനാണ് ജിതേഷ് ശര്‍മ. ഫിനിഷര്‍ റോളില്‍ സഞ്ജുവിനെക്കാള്‍ മിടുക്ക് ജിതേഷിനുണ്ട്. അവസാന ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിന്റെ ഭാഗമായ ജിതേഷ് 12 മത്സരത്തില്‍ നിന്ന് 234 റണ്‍സാണ് നേടിയത്. 163ന് മുകളില്‍ സ്‌ട്രൈക്കറേറ്റുള്ള ജിതേഷ് ഡെത്തോവറിലാണ് കൂടുതല്‍ ആക്രമണകാരി.

ഇന്ത്യക്കാവശ്യം ഇത്തരമൊരു താരത്തെയാണ്. ടി20 ലോകകപ്പ് മുന്നില്‍ക്കണ്ട് പരിഗണിക്കുമ്പോള്‍ ജിതേഷിന് മുന്‍തൂക്കമുണ്ട്. സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നായകനാണ്. എന്നാല്‍ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിലും പ്രധാന മത്സരങ്ങളില്‍ തിളങ്ങുന്നതിലും സഞ്ജു വളരെ പിന്നിലാണ്. അവസാനമായി കളിച്ച ശ്രീലങ്കന്‍ പരമ്പരയിലും സഞ്ജു ഉത്തരവാദിത്തം കാട്ടാതെ നിരാശപ്പെടുത്തി. തന്റെ ശൈലിയില്‍ അമിതമായി വിശ്വസിക്കുന്ന സഞ്ജു വിട്ടുവീഴ്ചകള്‍ക്ക് തയ്യാറല്ല.
ജിതേഷ് സഞ്ജുവിനെക്കാള്‍ നന്നായി സാഹചര്യം മനസിലാക്കി കളിക്കുന്ന താരമാണ്. സാഹചര്യത്തിനനുസരിച്ച് കളി മാറ്റികളിക്കാന്‍ ജിതേഷ് മിടുക്കനാണ്. ഈ മികവ് സഞ്ജുവിനില്ല. അതുകൊണ്ട് തന്നെ സഞ്ജുവിനെക്കാള്‍ അവസരം അര്‍ഹിക്കുന്നത് ജിതേഷ് ശര്‍മയാണ്. സഞ്ജുവിനെ ഇത്രനാള്‍ കളിപ്പിച്ചിട്ടും ടീം മാനേജ്‌മെന്റിനും സെലക്ടര്‍മാര്‍ക്കും താരത്തിന്റെ പ്രകടനം സംതൃപ്തി നല്‍കിയിട്ടില്ല. സഞ്ജുവിന് ടീമില്‍ സ്ഥിരസ്ഥാനം ലഭിക്കാത്തതും അതുകൊണ്ടാണ്.
സഞ്ജുവിന് ഭാവിയിലേക്കും ടീമില്‍ സ്ഥിര സ്ഥാനം ലഭിക്കാന്‍ സാധ്യതയില്ല. അതുകൊണ്ടുതന്നെ ഇന്ത്യക്ക് ഭാവിയിലേക്കുകൂടി ഗുണം ചെയ്യുന്ന താരത്തെ വളര്‍ത്തിക്കൊണ്ടുവരുന്നതാണ് നല്ലത്. ജിതേഷിന് പ്രായം 29 പിന്നിട്ടിരിക്കുകയാണ്. ഇപ്പോള്‍ അവസരം ലഭിക്കാതെ തഴയപ്പെട്ടാല്‍ തിരിച്ചുവരവ് കടുപ്പമാവും. ഇക്കാരണങ്ങളെല്ലാം പരിഗണിക്കുമ്പോള്‍ സഞ്ജുവിനെ പിന്തുണക്കുന്നതിനെക്കാള്‍ നല്ലത് ജിതേഷിനെ വളര്‍ത്താന്‍ ശ്രമിക്കുന്നതാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications