Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: രോഹിത്തിന് വിശ്രമം, ഓപ്പണിങ്ങില്‍ ഗില്ലിന്റെ പങ്കാളിയാര്? ഈ മൂന്ന് പേരിലൊരാള്‍

മുംബൈ: വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്ക്കുള്ള മുന്നൊരുക്കത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. രണ്ട് മത്സര ടെസ്റ്റ്, മൂന്ന് മത്സര ഏകദിനം, അഞ്ച് മത്സര ടി20 പരമ്പരകളാണ് ഇന്ത്യ വെസ്റ്റ് ഇന്‍ഡീസില്‍ കളിക്കുക. ഏഷ്യാ കപ്പും ഏകദിന ലോകകപ്പും വരാനിരിക്കെ യുവതാരങ്ങളെയടക്കം പരിഗണിച്ച് ടീം ശക്തിപ്പെടുത്തുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ഇത് മുന്നില്‍ക്കണ്ടുള്ള ടീം തിരഞ്ഞെടുപ്പാവും ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയില്‍ നടത്തുക.

ഏകദിന, ടി20 പരമ്പര കളിക്കാന്‍ നായകന്‍ രോഹിത് ശര്‍മയുണ്ടാകില്ലെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. ഏഷ്യാ കപ്പും ഏകദിന ലോകകപ്പും മുന്നില്‍ക്കണ്ട് രോഹിത്തിന് വിശ്രമം അനുവദിക്കാനുള്ള നീക്കത്തിലാണ് ടീം മാനേജ്‌മെന്റ്. രോഹിത് വിട്ടുനിന്നാല്‍ ഓപ്പണിങ്ങില്‍ ശുബ്മാന്‍ ഗില്ലിനൊപ്പം ആരെന്നത് പ്രധാന ചോദ്യമാണ്. ഇന്ത്യക്ക് പരിഗണിക്കാന്‍ സാധിക്കുന്ന ഓപ്പണര്‍മാര്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

ഇന്ത്യ ഏറ്റവും മുന്‍ഗണന നല്‍കുക യശ്വസി ജയ്‌സ്വാളിനാവും. കാരണം ഇന്ത്യയുടെ മറ്റ് ഓപ്പണര്‍മാരിലെ മിക്കവരും വലം കൈയന്‍മാരാണ്. മികച്ചൊരു ഇടം കൈയന്‍ ഓപ്പണറുടെ അഭാവം ഇന്ത്യക്കുണ്ട്. ഇഷാന്‍ കിഷനുണ്ടെങ്കിലും സ്ഥിരതയില്ല. അതുകൊണ്ട് തന്നെ ജയ്‌സ്വാളിനെ ഇന്ത്യ വളര്‍ത്തിക്കൊണ്ടുവരാനുള്ള സാധ്യതയാണ് കൂടുതല്‍. ഗൗതം ഗംഭീറിനും ശിഖര്‍ ധവാനും ശേഷം മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി കളിക്കാന്‍ കഴിവുള്ള താരമാണ് ജയ്‌സ്വാള്‍.

അവസാന ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പം 600ലധികം റണ്‍സടിച്ച താരം പവര്‍പ്ലേ മുതലാക്കി കളിക്കുന്ന ഓപ്പണറാണ്. ഭയമില്ലാത്ത ബാറ്റ്‌സ്മാനാണെന്നതാണ് എടുത്തു പറയേണ്ടത്. ഇന്ത്യക്ക് ടി20യില്‍ താരം മുതല്‍ക്കൂട്ടായേക്കും. അണ്ടര്‍ 19 ലോകകപ്പിലൂടെ ശ്രദ്ധ നേടിയ താരം ആഭ്യന്തര ക്രിക്കറ്റിലും മികവുകാട്ടുന്നു. അതുകൊണ്ടുതന്നെ ജയ്‌സ്വാളിനെ ഇന്ത്യ പിന്തുണച്ച് വളര്‍ത്താനാണ് സാധ്യത.

ishan kishan

മറ്റൊരു താരം റുതുരാജ് ഗെയ്ക് വാദാണ്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം തകര്‍ത്തുകളിക്കുന്ന റുതുരാജിനെ നേരത്തെ തന്നെ ഇന്ത്യ ടീമിലേക്ക് പരിഗണിച്ചതാണ്. എന്നാല്‍ പ്രതീക്ഷക്കൊത്തുയരാതെ വന്നതോടെ തഴയപ്പെട്ടു. എന്നാല്‍ ഇപ്പോള്‍ മൂന്ന് ഫോര്‍മാറ്റിലേക്കും വളര്‍ത്താവുന്ന ഓപ്പണറായി റുതുരാജ് പരിഗണിക്കപ്പെടുന്നു. ക്ലാസിക് താരമെന്ന നിലയില്‍ റുതുരാജിനെ ഇന്ത്യ പിന്തുണക്കും.

ഏകദിനത്തിലാണ് റുതുരാജിന് അല്‍പ്പം കൂടി തിളങ്ങാനാവുക. പതിയെ നിലയുറപ്പിച്ച് കത്തിക്കയറുന്നതാണ് റുതുരാജിന്റെ ശൈലി. ഇന്ത്യയുടെ ടി20 ടീമില്‍ ഈ ശൈലി ഗുണം ചെയ്‌തേക്കില്ല. അതുകൊണ്ടുതന്നെ റുതുരാജിനെ ഏകദിനത്തിലും ജയ്‌സ്വാളിനെ ടി20യിലേക്കും ഓപ്പണര്‍മാരായി പരിഗണിക്കാനാണ് സാധ്യത കൂടുതല്‍. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ബാക്കപ്പ് ഓപ്പണറായി റുതുരാജിനെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു.

എന്നാല്‍ വിവാഹവുമായി ബന്ധപ്പെട്ട് റുതുരാജ് ടീം വിട്ടതോടെ പകരം ജയ്‌സ്വാളിനെ ഉള്‍പ്പെടുത്തി. മൂന്നാമതായി പരിഗണിക്കാന്‍ സാധിക്കുന്ന താരം ഇഷാന്‍ കിഷനാണ്. ഇടം കൈയന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ടീമിലുണ്ടാവുമെന്നുറപ്പാണ്. ശുബ്മാന്‍ ഗില്ലുമായി അടുത്ത സൗഹൃദം ഇഷാനുണ്ട്. ഇരുവരും തമ്മില്‍ മികച്ച ധാരണയുണ്ട്. അതുകൊണ്ട് തന്നെ ശുബ്മാന്‍ ഗില്ലിനൊപ്പം ഇഷാനെ പരിഗണിക്കാനും ഇന്ത്യ തയ്യാറായേക്കും.

എന്നാല്‍ ഇഷാന്റെ സമീപകാല പ്രകടനങ്ങളൊന്നും അത്ര മികച്ചതല്ല. ഇരട്ട സെഞ്ച്വറി പ്രകടനത്തിന് ശേഷം തുടര്‍ച്ചയായി ഫ്‌ളോപ്പായിരുന്നു അദ്ദേഹം. ഈ സാഹചര്യത്തില്‍ ഇഷാനെ ഇനിയും ഇന്ത്യ പിന്തുണച്ചേക്കില്ല. ഓപ്പണിങ്ങില്‍ പുതിയ താരങ്ങളെ വളര്‍ത്താനാവും ശ്രമിക്കുക. വെസ്റ്റ് ഇന്‍ഡീസ് പരമ്പരയില്‍ കെ എല്‍ രാഹുല്‍ കളിക്കുന്നില്ല. അല്ലായിരുന്നെങ്കില്‍ ഓപ്പണറായി ഇന്ത്യ രാഹുലിനെ പരിഗണിക്കാനും സാധ്യതകളുണ്ടായിരുന്നു.

ഇന്ത്യയെ സംബന്ധിച്ച് വെസ്റ്റ് ഇന്‍ഡീസ് പരമ്പര നേട്ടം എളുപ്പമാവില്ല. എന്നാല്‍ രോഹിത്തിന്റെ അഭാവം ടീമിനെ പ്രതികൂലമായി ബാധിക്കാനുള്ള സാധ്യത വളരെ കുറവാണ്. ഹര്‍ദിക് പാണ്ഡ്യ മികച്ച നായകനായതിനാല്‍ രോഹിത്തിന്റെ അഭാവം ഇന്ത്യയുടെ ക്യാപ്റ്റന്‍സിയേയും ബാധിച്ചേക്കില്ല.

Story first published: Friday, June 16, 2023, 15:15 [IST]
Other articles published on Jun 16, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+