IND vs WI T20: മൂന്നാം മത്സരം നാളെ, പരമ്പര തൂത്തുവാരാന്‍ ഇന്ത്യ, ആശ്വാസ ജയം തേടി വിന്‍ഡീസ്

കൊല്‍ക്കത്ത: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ടി20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം നാളെ (20-02-2022). മൂന്ന് മത്സര പരമ്പരയിലെ ആദ്യ രണ്ട് മത്സരവും ജയിച്ച് ആതിഥേയരായ ഇന്ത്യ പരമ്പര ഉറപ്പാക്കി കഴിഞ്ഞു. അവസാന മത്സരത്തിലും ജയിച്ച് പരമ്പര തൂത്തുവാരുകയാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ആദ്യ മത്സരത്തില്‍ ആറ് വിക്കറ്റിന് ജയിച്ച ഇന്ത്യ ലാസ്റ്റ് ഓവര്‍ ത്രില്ലറിലേക്ക് നീണ്ട രണ്ടാം മത്സരത്തില്‍ എട്ട് റണ്‍സിന് വിജയിച്ചാണ് പരമ്പര സ്വന്തമാക്കിയത്.
ടി20 ലോകകപ്പ് ഒക്ടോബറില്‍ നടക്കാനിരിക്കെ വെസ്റ്റ് ഇന്‍ഡീസിനെതിരേ ടി20 പരമ്പര തൂത്തുവാരുന്നത് ഇന്ത്യയെ സംബന്ധിച്ച് വലിയ ആത്മവിശ്വാസം നല്‍കുന്ന കാര്യം തന്നെയാണ്. അതേ സമയം കരുത്തരായ വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയ്ക്ക് പിന്നാലെ ടി20യിലും സമ്പൂര്‍ണ്ണ തോല്‍വി ഏറ്റുവാങ്ങുന്നത് അവര്‍ക്ക് വലിയ തലവേദനയാവുമെന്നുറപ്പ്. അതുകൊണ്ട് തന്നെ എന്ത് വിലകൊടുത്തും ജയിക്കാനാവും സന്ദര്‍ശകര്‍ ശ്രമിക്കുക.

ആത്മവിശ്വാസത്തോടെ ഇന്ത്യ
പരമ്പര ഉറപ്പിച്ചതിനാല്‍ത്തന്നെ വലിയ ആത്മവിശ്വാസത്തോടെയാവും ഇന്ത്യ ഇറങ്ങുകയെന്നുറപ്പാണ്. രോഹിത് ശര്‍മക്കൊപ്പം ആര് ഓപ്പണറാവുമെന്നത് ചോദ്യമുയര്‍ത്തുന്നു. ആദ്യ രണ്ട് മത്സരത്തിലും നിരാശപ്പെടുത്തിയ ഇഷാന്‍ കിഷനെ മൂന്നാം മത്സരത്തിലും പരിഗണിക്കുമോയെന്നത് കണ്ടറിയണം. ഇഷാന് പകരം മികച്ച ഫോമിലുള്ള റുതുരാജ് ഗെയ്ക് വാദിനെ ഇന്ത്യ പരിഗണിക്കാനുള്ള സാധ്യത കൂടുതലാണ്. അവസാന ഐപിഎല്ലിലെ ഓറഞ്ച് ക്യാപ് നേടിയ റുതുരാജ് ആഭ്യന്തര ക്രിക്കറ്റിലും മിന്നും പ്രകടനം നടത്തിയിട്ടും ഇന്ത്യയുടെ പ്ലേയിങ് 11ലേക്കെത്തിയില്ല. മൂന്നാം മത്സരത്തില്‍ റുതുരാജിന് ഇന്ത്യ അവസരം നല്‍കാനാണ് സാധ്യത കൂടുതല്‍.

കോലി ഫോമിലേക്കെത്തിയത് പ്രതീക്ഷ
രോഹിത് ശര്‍മക്കൊപ്പം വിരാട് കോലി ഫോമിലേക്കെത്തിയത് ഇന്ത്യയുടെ പ്രതീക്ഷ ഉയര്‍ത്തുന്ന കാര്യമാണ്. മധ്യനിരയില്‍ സൂര്യകുമാര്‍ യാദവിന്റെ സാന്നിധ്യം കരുത്ത് പകരുന്നു. രണ്ടാം മത്സരത്തില്‍ തിളങ്ങാനായില്ലെങ്കിലും സ്ഥിരതയോടെ മികവ് കാട്ടാന്‍ സൂര്യക്ക് സാധിക്കും. ടി20യിലെ റിഷഭ് പന്തിന്റെ പ്രകടനത്തിനെതിരേ ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോള്‍ അര്‍ധ സെഞ്ച്വറിയോടെ എല്ലാവരുടെയും വായടപ്പിക്കാന്‍ അദ്ദേഹത്തിനായി. ഫിനിഷര്‍ റോളില്‍ ഡെത്ത് ഓവറില്‍ ആര് വെടിക്കെട്ട് നടത്തുമെന്നത് പ്രസക്തമായ ചോദ്യമായിരുന്നു. ഇതിന് വെങ്കടേഷ് അയ്യര്‍ എന്ന ഉത്തരം ഇന്ത്യക്ക് ലഭിച്ചിരിക്കുകയാണ്. മീഡിയം പേസ് ഓള്‍റൗണ്ടറായ വെങ്കടേഷ് ആദ്യ രണ്ട് മത്സരത്തിലും തിളങ്ങിയിരുന്നു.

ബൗളിങ് നിരയില്‍ മാറ്റത്തിന് സാധ്യത
ഇന്ത്യയുടെ ബൗളിങ് നിരയില്‍ മാറ്റം വരുത്താനുള്ള സാധ്യതയും കാണുന്നുണ്ട്. ദീപക് ചഹാറിന് വിശ്രമം നല്‍കി മുഹമ്മദ് സിറാജ്, ആവേഷ് ഖാന്‍ എന്നിവരിലൊരാള്‍ക്ക് അവസരം ലഭിച്ചേക്കും. സ്പിന്‍ നിരയില്‍ മാറ്റങ്ങള്‍ക്ക് സാധ്യതയില്ല. രവി ബിഷ്‌നോയ്, യുസ് വേന്ദ്ര ചഹാല്‍ എന്നിവര്‍ തന്നെ സ്പിന്‍ നിരയില്‍ സ്ഥാനം നിലനിര്‍ത്തിയേക്കും. ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ പേസ് നിരയില്‍ തുടര്‍ന്നേക്കും. ഭുവിയുടെ പ്രകടനം രണ്ടാം മത്സരത്തിലെ ജയത്തില്‍ ഇന്ത്യക്ക് നിര്‍ണ്ണായകമായിരുന്നു.

കരുത്തരുടെ നിരയുമായി വെസ്റ്റ് ഇന്‍ഡീസ്
വെസ്റ്റ് ഇന്‍ഡീസിന്റെ ടീം കരുത്തില്‍ ആര്‍ക്കും സംശയമില്ല. നിക്കോളാസ് പുരാന്‍, റോവ്മാന്‍ പവല്‍, കറെണ്‍ പൊള്ളാര്‍ഡ്, റോഷ്ടന്‍ ചേസ്, ജേസന്‍ ഹോള്‍ഡര്‍ എന്നിവരെല്ലാം ഉള്‍പ്പെടുന്ന വിന്‍ഡീസ് എതിരാളികളുടെ പേടി സ്വപ്‌നമാണ്. ബ്രണ്ടന്‍ കിങ്-കെയ്ല്‍ മെയേഴ്‌സ് ഓപ്പണിങ് കൂട്ടുകെട്ടിന് മികവിലേക്കെത്താനാവുന്നില്ല. ബൗളര്‍മാരായ ഒഡെയ്ന്‍ സ്മിത്ത്, ഷെല്‍ഡോന്‍ കോട്രല്‍, റൊമാരിയോ ഷിഫേര്‍ഡ് എന്നിവരെല്ലാം ഭേദപ്പെട്ട പ്രകടനം നടത്തുന്നുണ്ട്. അതുകൊണ്ട് തന്നെ ശക്തമായി തിരിച്ചെത്താമെന്ന പ്രതീക്ഷയിലാണ് വിന്‍ഡീസ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications