ട്രിനിഡാഡ്: ടെസ്റ്റ് പരമ്പരയ്ക്കു പിന്നാലെ വെസ്റ്റ് ഇന്‍ഡീസുമായുള്ള ഏകദിന പരമ്പരയും ഇന്ത്യക്കു സ്വന്തം. ഫൈനലിനു സമാനമായ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ വിന്‍ഡീസിനെതിരേ വമ്പന്‍ ജയം കൊയ്താണ് 2-1ന് ഇന്ത്യ പരമ്പര കൈക്കലാക്കിയത്. 200 റണ്‍സിന്റെ ഏകപക്ഷീയ ജയമാണ് ഇന്ത്യ നേടിയത്.
352 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമായിരുന്നു വിന്‍ഡീസിനു ഇന്ത്യ നല്‍കിയത്. മറുപടിയില്‍ 35.3 ഓവറില്‍ വെറും 151ന് അവര്‍ ഓള്‍ ഔട്ടായി. വാലറ്റത്ത് ഗുഡകേഷ് മോട്ടിയും (39*) മൂന്നാം നമ്പറില്‍ ഇറങ്ങിയ അലിക്ക് അതാനെസും (32) മാത്രമേ അല്‍പ്പമെങ്കിലും പിടിച്ചുനിന്നുള്ളൂ. നാലു വിക്കറ്റുകളെടുത്ത ശര്‍ദ്ദുല്‍ ടാക്കൂറും മൂന്നു പേരെ പുറത്താക്കിയ മുകേഷ് കുമാറും ചേര്‍ന്നാണ് വിന്‍ഡീസിനെ മുക്കിയത്. കുല്‍ദീപ് യാദവിനു രണ്ടു വിക്കറ്റ് ലഭിച്ചു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ഇന്ത്യ ആരാധകരുടെ പ്രതീക്ഷ കാക്കുന്ന കളിയാണ് കെട്ടഴിച്ചത്. അഞ്ചു വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 351 റണ്‍സെന്ന വലിയ ടോട്ടല്‍ പടുത്തുയര്‍ത്തിയത്. ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയടക്കം നാലു താരങ്ങളുടെ ഫിഫ്റ്റിയാണ് ഇന്ത്യക്കു കരുത്തായത്. 85 റണ്‍സെടുത്ത ഓപ്പണര്‍ ശുഭ്മന്‍ ഗില്ലാണ് ടീമിന്റെ അമരക്കാരന്‍. 91 ബോളില്‍ 11 ഫോറുകളുള്‍പ്പെട്ടതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിങ്‌സ്. തുടരെ മൂന്നാമത്തെ മല്‍സരത്തിലും ഫിഫ്റ്റി പ്ലസ് നേടിയ ഇഷാന്‍ കിഷനാണ് (77) രണ്ടാമത്തെ മികച്ച സ്‌കോറര്‍. 64 ബോളുകള്‍ നേരിട്ട താരം എട്ടു ഫോറും മൂന്നു സിക്‌സറുകളുമടിച്ചു.

നായകന്റെ കളി പുറത്തെടുത്ത ഹാര്‍ദിക് പുറത്താവാതെ 52 ബോളില്‍ അഞ്ചു സിക്‌സറും നാലു ഫോറുമടക്കം പുറത്താവാതെ 70 റണ്‍സ് അടിച്ചെടുത്തു. ഈ മല്‍സരത്തില്‍ നാലാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ച സഞ്ജു സാംസണ്‍ ഫിഫ്റ്റിയോടെയാണ് ഇതിനു നന്ദി പറഞ്ഞത്. അറ്റാക്കിങ് ബാറ്റിങ് കാഴ്ചവച്ച അദ്ദേഹം നാലു സിക്‌സറും രണ്ടു ഫോറുകളുമടിച്ചു. ഏകദിന കരിയറില്‍ സഞ്ജുവിന്റെ മൂന്നാമത്തെ ഫിഫ്റ്റിയായിരുന്നു ഇത്.
35 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവും ഭേദപ്പെട്ട സംഭാവന നല്‍കി. ഈ പര്യടനത്തില്‍ ആദ്യമായി പ്ലെയിങ് ഇലവനിലെത്തിയ റുതുരാജ് ഗെയ്ക്വാദ് ബാറ്റിങില്‍ ക്ലിക്കായില്ല. മൂന്നാം നമ്പറില്‍ കളിച്ച അദ്ദേഹം എട്ടു റണ്‍സ് മാത്രമെടുത്തു പുറത്തായി.
ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലെത്തിക്കാന്‍ സഹായിച്ചത് ഗില്‍- ഇഷാന്‍ ഓപ്പണിങ് സഖ്യമായിരുന്നു. ആദ്യ വിക്കറ്റില്‍ 143 റണ്‍സാണ് ഇരുവരും അടിച്ചെടുത്തത്. വെറും 19.4 ഓവറുകളിലായിരുന്നു ഇത്. തുടരെ രണ്ടാമത്തെ കളിയിലും ടോസ് ലഭിച്ച വിന്‍ഡീസ് നായകന്‍ ഷെയ് ഹോപ്പ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.

രോഹിത് ശര്‍മയ്ക്കും വിരാട് കോലിക്കും ഈ മല്‍സരത്തിലും ഇന്ത്യ വിശ്രമം നല്‍കി. രണ്ടാം ഏകദിനത്തിലെ ടീമില്‍ രണ്ടു മാറ്റങ്ങളോടെയാണ് ഇന്ത്യയിറങ്ങിയത്. അക്ഷര്‍ പട്ടേല്‍, ഉമ്രാന്‍ മാലിക്ക് എന്നിവര്‍ക്കു പകരം റുതുരാജ് ഗെയ്ക്വാദും ജയദേവ് ഉനാട്കട്ടും ടീമിലേക്കു വരികയായിരുന്നു. മറുഭാഗത്ത് വിന്‍ഡീസ് കഴിഞ്ഞ മല്‍സരത്തിലെ അതേ ടീമിനെ നിലനിര്‍ത്തി.
മൂന്നു മല്‍സരങ്ങളുടെ പരമ്പര 1-1നു ഒപ്പം നില്‍ക്കുന്നതിനാല്‍ ഇരുടീമുകള്‍ക്കും ഈ മല്‍സരം ഒരുപോലെ നിര്‍ണായകമാണ്. ജയത്തില്‍ കുറഞ്ഞതൊന്നും ഇന്ത്യയെ തൃപ്തിപ്പെടുത്തില്ല. മറുവശത്ത് അപ്രതീക്ഷിത പരമ്പര വിജയത്തിനു കൈയെത്തുംദൂരത്താണ് വിന്‍ഡീസ്.
ഈ പരമ്പരയില്‍ ഇന്ത്യയുടെ തുടക്കം മികച്ചതായിരുന്നു. ആദ്യ കളിയില്‍ ബൗളര്‍മാര്‍ കത്തിക്കയറിയപ്പോള്‍ കാര്യമായി വിയര്‍ക്കാതെയാണ് ഇന്ത്യ ജയിച്ചുകയറിയത്. അഞ്ചു വിക്കറ്റിനായിരുന്നു ഇന്ത്യന്‍ വിജയം. ഇതേ വേദിയില്‍ നടന്ന രണ്ടാമത്തെ കളിയും ജയിച്ച് പരമ്പരയില്‍ അപരാജിത ലീഡ് നേടാമെന്ന പ്രതീക്ഷയോടെയിറങ്ങിയ ഇന്ത്യക്കു പിഴച്ചു.
വിന്‍ഡീസ് ബൗളര്‍മാരും ഫീല്‍ഡര്‍മാരും ഒരുപോലെ കസറിയപ്പോള്‍ ഇന്ത്യന്‍ ബാറ്റിങ് തകര്‍ന്നടിഞ്ഞു. വിക്കറ്റ് പോവാതെ 90ല്‍ നിന്ന് 91 റണ്‍സ് നേടുമ്പോഴേക്കും 181ന് ഇന്ത്യ ഓള്‍ഔട്ടായി. വിന്‍ഡീസ് വെറും നാലു വിക്കറ്റ് നഷ്ടത്തില്‍ ഈ സ്‌കോര്‍ ചേസ് ചെയ്തു ജയിക്കുകയും ചെയ്തു.
മൂന്നാം ഏകദിനത്തിലെ പ്ലെയിങ് ഇലവന്‍
ഇന്ത്യ- ശുഭ്മന്‍ ഗില്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), റുതുരാജ് ഗെയ്ക്വാദ്, സഞ്ജു സാംസണ്‍, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, ശര്‍ദ്ദുല്‍ ടാക്കൂര്‍, കുല്‍ദീപ് യാദവ്, മുകേഷ് കുമാര്‍, ജയദേവ് ഉനാട്കട്ട്.
വെസ്റ്റ് ഇന്‍ഡീസ്- ബ്രെന്‍ഡന്‍ കിങ്, കൈല്‍ മയേഴ്‌സ്, അലിക്ക് അതാനെസ്, ഷെയ് ഹോപ്പ് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ഷിംറോണ്‍ ഹെറ്റ്‌മെയര്‍, കെയ്‌സി കാര്‍ട്ടി, റൊമാരിയോ ഷെപ്പേര്‍ഡ്, യാനിക് കറിയ, അല്‍സാറി ജോസഫ്, ഗുഡകേഷ് മോട്ടി, ജയ്ഡന്‍ സീല്‍സ്.