Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI T20: ലാസ്റ്റ് ഓവര്‍ ത്രില്ലറില്‍ ഇന്ത്യക്ക് ജയം, വെസ്റ്റ് ഇന്‍ഡീസിനെ തകര്‍ത്ത് പരമ്പര

1

കൊല്‍ക്കത്ത: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരക്ക് പിന്നാലെ ടി20 പരമ്പരയും സ്വന്തമാക്കി ഇന്ത്യ. അവസാന ഓവറിലേക്കെത്തിയ വാശിയേറിയ പോരാട്ടത്തില്‍ എട്ട് റണ്‍സിനാണ് ഇന്ത്യയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ വെസ്റ്റ് ഇന്‍ഡീസിന് 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സെടുക്കാനെ സാധിച്ചുള്ളു. ആദ്യ മത്സരത്തില്‍ ആറ് വിക്കറ്റിന് ജയിച്ച ഇന്ത്യ രണ്ടാം മത്സരത്തിലും ജയിച്ച് മൂന്ന് മത്സര പരമ്പര 2-0ന് സ്വന്തമാക്കുകയായിരുന്നു. റിഷഭ് പന്താണ് കളിയിലെ താരം.

നിക്കോളാസ് പുരാന്‍ (62), റോവ്മാന്‍ പവല്‍ (68*) കൂട്ടുകെട്ട് വെസ്റ്റ് ഇന്‍ഡീസിന് വിജയ പ്രതീക്ഷ നല്‍കിയെങ്കിലും ഇന്ത്യന്‍ ബൗളര്‍മാരുടെ ഡെത്ത് ഓവര്‍ മികവിന് മുന്നില്‍ തലകുനിക്കേണ്ടി വന്നു. 19ാം ഓവര്‍ എറിഞ്ഞ് നാല് റണ്‍സ് മാത്രം വഴങ്ങിയ ഭുവനേശ്വര്‍ കുമാറിന്റെ പ്രകടനം നിര്‍ണ്ണായകമായി. ഇന്ത്യക്കായി ഭുവനേശ്വര്‍ കുമാറും യുസ് വേന്ദ്ര ചഹാലും രവി ബിഷ്‌നോയിയും ഓരോ വിക്കറ്റുകള്‍ വീഴ്ത്തി. നിരവധി ഫീല്‍ഡിങ് പിഴവുകള്‍ മത്സരത്തില്‍ ഇന്ത്യക്ക് സംഭവിച്ചു.

1

അവസാന ഓവറില്‍ വെസ്റ്റ് ഇന്‍ഡീസിന് ജയിക്കാന്‍ 25 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. ഹര്‍ഷല്‍ പട്ടേലെറിഞ്ഞ ഓവറില്‍ 16 റണ്‍സ് നേടാന്‍ വെസ്റ്റ് ഇന്‍ഡീസിനായെങ്കിലും വിജയിക്കാനത് മതിയാവുമായിരുന്നില്ല. വിരാട് കോലിയുടെയും (52) റിഷഭ് പന്തിന്റെയും (52*) അര്‍ധ സെഞ്ച്വറിക്കരുത്തിലാണ് ഇന്ത്യ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സ് നേടിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന ഇന്ത്യയുടെ ഓപ്പണര്‍മാര്‍ നിരാശപ്പെടുത്തിയെങ്കിലും വിരാട് കോലിയുടെയും റിഷഭ് പന്തിന്റെയുംവെങ്കടേഷ് അയ്യരുടെയും (33) പ്രകടനം കരുത്താവുകയായിരുന്നു. അവസാന ഓവറുകളില്‍ അതിവേഗം റണ്‍സുയര്‍ത്താന്‍ റിഷഭ്-വെങ്കടേഷ് കൂട്ടുകെട്ടിനായി.

1

മഞ്ഞുവീഴ്ചയുള്ള പിച്ചില്‍ ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് നായകന്‍ കീറോണ്‍ പൊള്ളാര്‍ഡ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഈ തീരുമാനം ശരിവെച്ച് തുടക്കം മുതല്‍ പന്തിന് നല്ല സ്വിങ് ലഭിച്ചു. മോശം ഫോമിലായിരുന്ന ഇഷാന്‍ കിഷന്റെ ഗംഭീര തിരിച്ചുവരവ് എല്ലാവരും പ്രതീക്ഷിച്ചെങ്കിലും താരത്തിന് തിളങ്ങാനായില്ല. 10 പന്ത് നേരിട്ട താരം രണ്ട് റണ്‍സുമായി പുറത്തായി. ആദ്യ മത്സരത്തിലെ വെടിക്കെട്ട് ആവര്‍ത്തിക്കാന്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മക്കുമായില്ല. ഷെല്‍ട്ടോന്‍ കോട്രല്ലിന്റെ പന്തില്‍ ഒരു തവണ ലൈഫ് കിട്ടിയിട്ടും രോഹിത്തിന് (19) മുതലാക്കാനായില്ല. 18 പന്ത് നേരിട്ട് രണ്ട് ഫോറും ഒരു സിക്സുമാണ് താരം നേടിയത്. റോഷ്ടന്‍ ചേസിനെ വമ്പന്‍ ഷോട്ടിന് ശ്രമിച്ച് ക്യാച്ചില്‍ രോഹിത്ത് പുറത്താവുകയായിരുന്നു.

1

ഉത്തരവാദിത്തമേറ്റെടുത്ത് ബാറ്റുവീശിയ വിരാട് കോലി ആക്രമണ മൂഡിലായിരുന്നു. നേരിട്ട ആദ്യ ഓവറില്‍ത്തന്നെ രണ്ട് ബൗണ്ടറി നേടിയ കോലി സന്ദര്‍ശകര്‍ക്ക് മുന്നറിയിപ്പ് നല്‍കി. വിമര്‍ശകരുടെ വായടപ്പിച്ച് ബാറ്റുവീശിയ കോലി 41 പന്തില്‍ ഏഴ് ഫോറും ഒരു സിക്സുമടക്കം 52 റണ്‍സാണ് നേടിയത്. ആദ്യ മത്സരത്തില്‍ കോലിക്ക് തിളങ്ങാനായിരുന്നില്ല. ആദ്യ മത്സരത്തില്‍ മികച്ച പ്രകടനം നടത്തിയ സൂര്യകുമാര്‍ യാദവിന് (8) രണ്ടാം മത്സരത്തില്‍ തിളങ്ങാനായില്ല. ബൗണ്ടറിയൊക്കെ നേടി തുടങ്ങിയെങ്കിലും റോഷ്ടന്‍ ചേസിന് റിട്ടേണ്‍ ക്യാച്ച് നല്‍കി മടങ്ങി.

1

അഞ്ചാം വിക്കറ്റില്‍ ഒത്തുകൂടിയ റിഷഭ് പന്ത് (52) വെങ്കടേഷ് അയ്യര്‍ (33) കൂട്ടുകെട്ടാണ് ഇന്ത്യയെ മികച്ച സ്‌കോറിലേക്കെത്തിച്ചത്. ഇരുവരും ചേര്‍ന്ന് 76 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. 18 പന്ത് നേരിട്ട് നാല് ഫോറും ഒരു സിക്സും പറത്തിയാണ് വെങ്കടേഷ് മടങ്ങിയത്. ആദ്യ മത്സരത്തിലും ബാറ്റിങ്ങില്‍ തിളങ്ങാന്‍ യുവ ഓള്‍റൗണ്ടര്‍ക്കായിരുന്നു. ആദ്യ മത്സരത്തില്‍ വിമര്‍ശനം ഏറ്റുവാങ്ങിയ റിഷഭ് 28 പന്തില്‍ ഏഴ് ഫോറും ഒരു സിക്സുമടക്കമാണ് അര്‍ധ സെഞ്ച്വറി നേടിയത്. വെസ്റ്റ് ഇന്‍ഡീസിനായി റോഷ്ടന്‍ ചേസ് മൂന്നും റൊമാരിയോ റിഫേര്‍ഡ്, ഷെല്‍ഡോണ്‍ കോട്രല്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

പ്ലേയിങ് 11 - ഇന്ത്യ- രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, വിരാട് കോലി, റിഷഭ് പന്ത്, സൂര്യകുമാര്‍ യാദവ്, വെങ്കടേഷ് അയ്യര്‍, ദീപക് ചഹാര്‍, ഹര്‍ഷല്‍ പട്ടേല്‍, രവി ബിഷ്‌നോയ്, ഭുവനേശ്വര്‍ കുമാര്‍, യുസ് വേന്ദ്ര ചഹാല്‍
വെസ്റ്റ് ഇന്‍ഡീസ്: ബ്രണ്ടന്‍ കിങ്, കെയ്ല്‍ മേയഴ്‌സ്, റോഷ്ടന്‍ ചേസ്, നിക്കോളാസ് പുരാന്‍, റോവ്മാന്‍ പവല്‍, കറെണ്‍ പൊള്ളാര്‍ഡ്, ജേസണ്‍ ഹോള്‍ഡര്‍, അക്കീല്‍ ഹൊസീന്‍, ഒഡെയ്ന്‍ സ്മിത്ത്, റൊമാരിയോ ഷിഫേര്‍ഡ്, ഷെല്‍ഡോന്‍ കോട്രല്‍

Story first published: Friday, February 18, 2022, 23:21 [IST]
Other articles published on Feb 18, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+