ഫ്‌ളോറിഡ: വെസ്റ്റ് ഇന്‍ഡീസിനെതിരായ അഞ്ചാം ടി20യിലെ ഇന്ത്യയുടെ തോല്‍വി വലിയ നാണക്കേടായിരിക്കുകയാണ്. നിര്‍ണ്ണായക മത്സരം തോറ്റതോടെ ഇന്ത്യ പരമ്പരയും കൈവിട്ടിരിക്കുകയാണ്. അഞ്ച് മത്സര പരമ്പര 3-2നാണ് വെസ്റ്റ് ഇന്‍ഡീസ് സ്വന്തമാക്കിയത്. അഞ്ചാം ടി20യില്‍ എട്ട് വിക്കറ്റിനായിരുന്നു വിന്‍ഡീസിന്റെ ജയം. ഇന്ത്യയുടെ ബാറ്റിങ് നിരയും ബൗളിങ് നിരയും ഒരുപോലെ നിരാശപ്പെടുത്തിയ മത്സരത്തില്‍ സൂര്യകുമാര്‍ യാദവിന്റെ പ്രകടനം മാത്രമാണ് അല്‍പ്പം ആശ്വാസമായത്.
45 പന്ത് നേരിട്ട് നാല് ഫോറും 3 സിക്‌സും ഉള്‍പ്പെടെയാണ് സൂര്യകുമാര്‍ യാദവ് കസറിയത്. 135.55 സ്‌ട്രൈക്ക് റേറ്റിലായിരുന്നു സൂര്യയുടെ പ്രകടനം. ഇന്ത്യയെ വന്‍ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത് സൂര്യകുമാര്‍ യാദവാണെന്ന് പറയാം. അഞ്ചാം മത്സരത്തിലെ അര്‍ധ സെഞ്ച്വറി പ്രകടനത്തോടെ വമ്പന്‍ റെക്കോഡിലേക്കും സൂര്യകുമാര്‍ എത്തിപ്പെട്ടിരിക്കുകയാണ്. ആദ്യത്തെ 50 ടി20യില്‍ നിന്ന് കൂടുതല്‍ 50 പ്ലസ് സ്‌കോറെന്ന റെക്കോഡിലേക്കാണ് സൂര്യകുമാര്‍ യാദവ് പേരു ചേര്‍ത്തിരിക്കുന്നത്.
വിരാട് കോലി, ബാബര്‍ ആസം എന്നിവര്‍ 18 അര്‍ധ സെഞ്ച്വറികളോടെ ഈ റെക്കോഡില്‍ തലപ്പത്ത് നില്‍ക്കുകയായിരുന്നു. ഇപ്പോള്‍ സൂര്യകുമാര്‍ യാദവും ഈ റെക്കോഡില്‍ പേരുചേര്‍ക്കുകയായിരുന്നു. 17 അര്‍ധ സെഞ്ച്വറികള്‍ നേടിയ കെ എല്‍ രാഹുലിന്റെ റെക്കോഡ് സൂര്യ തകര്‍ക്കുകയും ചെയ്തു. 16 അര്‍ധ സെഞ്ച്വറികള്‍ നേടിയ മുഹമ്മദ് റിസ്വാന്‍, 15 അര്‍ധ സെഞ്ച്വറികള്‍ നേടിയ ക്രിസ് ഗെയ്ല്‍, ഡേവിഡ് മലാന്‍ എന്നിവരാണ് ഈ റെക്കോഡില്‍ പിന്നാലെയുള്ളത്.
ഇന്ത്യക്കായി ഏകദിനത്തില്‍ നിരാശപ്പെടുത്തുമ്പോഴും ടി20 ഫോര്‍മാറ്റില്‍ പകരം വെക്കാനില്ലാത്ത പ്രതിഭയായി സൂര്യ മാറുകയാണ്. ലോകത്തിലെ ഒന്നാം നമ്പര്‍ ടി20 ബാറ്റ്‌സ്മാനാണ് സൂര്യകുമാര്‍. 2021 മാര്‍ച്ചില്‍ ഇംഗ്ലണ്ടിനെതിരേയായിരുന്നു സൂര്യകുമാറിന്റെ അരങ്ങേറ്റം. അരങ്ങേറ്റ ഇന്നിങ്‌സില്‍ത്തന്നെ അര്‍ധ സെഞ്ച്വറി നേടാന്‍ സൂര്യകുമാറിന് സാധിച്ചു. ടി20യില്‍ സ്ഥിരതയോടെ റണ്‍സ് നേടാന്‍ ഇപ്പോള്‍ സൂര്യകുമാറിന് സാധിക്കുന്നു.

ആദ്യത്തെ 50 ടി20 ഇന്നിങ്‌സ് പൂര്‍ത്തിയാവുമ്പോള്‍ 1943 റണ്‍സുമായി വിരാട് കോലിയാണ് റണ്‍വേട്ടക്കാരില്‍ തലപ്പത്ത്. 1942 റണ്‍സുമായി പാക് നായകന്‍ ബാബര്‍ ആസം രണ്ടാം സ്ഥാനത്തും പാകിസ്താന്റെ മുഹമ്മദ് റിസ്വാന്‍ (1888) മൂന്നാം സ്ഥാനത്തുമാണുള്ളത്. 1841 റണ്‍സോടെ സൂര്യകുമാര്‍ യാദവ് നാലാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ 1751 റണ്‍സാണ് കെ എല്‍ രാഹുല്‍ നേടിയത്. 1692 റണ്‍സാണ് ഡേവിഡ് മലാന്റെ സമ്പാദ്യം.
ഏത് മൈതാനത്തും തന്റെ ബാറ്റിങ് വെടിക്കെട്ട് പുറത്തെടുക്കാന്‍ സൂര്യക്ക് സാധിക്കുന്നു. ടി20 ലോകകപ്പ് വരാനിരിക്കെ സൂര്യയുടെ ഫോം ഇന്ത്യക്ക് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. എന്നാല്‍ ഇന്ത്യയുടെ മറ്റ് പ്രധാന താരങ്ങളുടെ മോശം ഫോം ടീമിന് വലിയ തലവേദന ആയി മാറിയിട്ടുണ്ട്. വെസ്റ്റ് ഇന്‍ഡീസ് പരമ്പരയില്‍ സൂര്യയുടേയും തിലക് വര്‍മയുടേയും പ്രകടനം മാറ്റിനിര്‍ത്തിയാല്‍ മറ്റുള്ളവരെല്ലാം നിരാശപ്പെടുത്തിയെന്ന് പറയാം.
അഞ്ചാം ടി20യില്‍ ഇന്ത്യയുടെ ബാറ്റിങ് നിരയുടെ മോശം പ്രകടനമാണ് തിരിച്ചടിയായത്. യശ്വസി ജയ്‌സ്വാള്‍ (5), ശുബ്മാന്‍ ഗില്‍ (9), തിലക് വര്‍മ (27), സഞ്ജു സാംസണ്‍ (13), ഹാര്‍ദിക് പാണ്ഡ്യ (14), അക്ഷര്‍ പട്ടേല്‍ (13) എന്നിവരെല്ലാം നിരാശപ്പെടുത്തി. സൂര്യകുമാര്‍ യാദവിന് ഒഴികെ മറ്റാര്‍ക്കും വലിയൊരു സ്‌കോര്‍ നേടി ടീമിന് അടിത്തറ പാകാന്‍ സാധിച്ചില്ല. അടുത്ത വര്‍ഷം ടി20 ലോകകപ്പ് നടക്കേണ്ടത് വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലുമായാണ്.
അതുകൊണ്ടുതന്നെ ഇത്തവണത്തെ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരക്ക് പ്രാധാന്യമേറെയായിരുന്നു. എന്നാല്‍ പ്രതീക്ഷിച്ച മികവ് കാട്ടാന്‍ സാധിക്കാതെ ഇന്ത്യ പരമ്പര കൈവിട്ടു. ഇന്ത്യയുടെ ടി20 ടീമില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാവേണ്ടിയിരിക്കുന്നു. അല്ലാത്ത പക്ഷം ടി20 ലോകകപ്പ് കിരീടത്തിലേക്കെത്താനാവില്ലെന്ന് ഉറപ്പാണ്.