ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മില്‍ ക്വീന്‍സ് പാര്‍ക്ക് ഓവലില്‍ പുരോഗമിക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ഒരുപാട് കാര്യങ്ങള്‍ കൊണ്ട് വളരെ സ്‌പെഷ്യലാണ്. ആദ്യത്തേത് ഇന്ത്യയും വിന്‍ഡീസും തമ്മിലുള്ള 100ാമത്തെ ടെസ്റ്റ് മല്‍സരമാണ് ഇത് എന്നതാണ്. മറ്റൊരു പ്രത്യേകത ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം വിരാട് കോലിയുടെ 500ാമത്തെ അന്താരാഷ്ട്ര മല്‍സരമായിരുന്നു ഇത് എന്നതായിരുന്നു. കരിയറിലെ ഈ നാഴികക്കല്ല് സെഞ്ച്വറിയോടെ അദ്ദേഹം ഗംഭീരമാക്കുകയും ചെയ്തു.
ആദ്യ ഇന്നിങ്‌സില്‍ 121 റണ്‍സാണ് കോലി അടിച്ചെടുത്തത്. 206 ബോളുകല്‍ നേരിട്ട അദ്ദേഹത്തിന്റെ ഇന്നിങ്‌സില്‍ 11 ഫോറുകളുള്‍പ്പെട്ടിരുന്നു. സച്ചിന്റെ ഈ ഇന്നിങ്‌സും ഇന്ത്യയുടെ മുന്‍ ബാറ്റിങ് ഇതിഹാസം സുനില്‍ ഗവാസ്‌കറുടെ ഇന്നിങ്‌സും തമ്മിലുള്ള അതിശയിപ്പിക്കുന്ന ഒരു സാമ്യതയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

1983ലായിരുന്നു ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള 50ാം ടെസ്റ്റ്. ഈ കളിയില്‍ ടീമിന്റെ ഭാഗമായിരുന്നു ഗവാസ്‌കര്‍. അദ്ദേഹം 121 റണ്‍സാണ് ഇന്ത്യക്കു വേണ്ടി സ്‌കോര്‍ ചെയ്തത്. ടെസ്റ്റ് കരിയറില്‍ ഗവാസ്‌കറുടെ 29ാമത്തെ സെഞ്ച്വറിയും കൂടിയായിരുന്നു അത്. ഇപ്പോള്‍ ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള 100ാം ടെസ്റ്റിലും ഇതിന്റെ റീപ്ലേ തന്നെയാണ് സംഭവിച്ചിരിക്കുന്നത്.
ഒരേയൊരു മാറ്റം ഗവാസ്‌കറിനു പകരം കോലിയാണെന്നതു മാത്രമാണ്. അന്നു ഗവാസ്‌കര്‍ നേടിയത് 121 റണ്‍സായിരുന്നെങ്കില്‍ കോലിയുടെയും സമ്പാദ്യം ഇതേ സ്‌കോര്‍ തന്നെ. അന്നു ഗവാസ്‌കര്‍ കുറിച്ചത് 29ാം ടെസ്റ്റ് സെഞ്ച്വറിയായിരുന്നെങ്കില്‍ കോലിയും തന്റെ 29ാം ടെസ്റ്റ് സെഞ്ച്വറിയാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്.
അതേസമയം, വിന്‍ഡീസുമായുള്ള രണ്ടാം ടെസ്റ്റിലേക്കു വരിയാണെങ്കില്‍ നിലവില്‍ ഇന്ത്യയാണ് ഡ്രൈവിങ് സീറ്റിലുള്ളത്. കോലി സെഞ്ച്വറിയോടെ മുന്നില്‍ നിന്നു പട നയിച്ചപ്പോള്‍ ഒന്നാമിന്നിങ്‌സില്‍ 438 റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ ഇന്ത്യക്കു സാധിച്ചു. കോലിയെക്കൂടാതെ മറ്റു നാലു പേര്‍ കൂടി സ്‌കോര്‍ ബോര്‍ഡിലേക്കു മികച്ച സംഭാവനകള്‍ നല്‍കി.
ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് ഇക്കൂട്ടത്തില്‍ മുന്നില്‍. തുടരെ രണ്ടാം ടെസ്റ്റിലും അദ്ദേഹം സെഞ്ച്വറി നേടുമെന്നു പ്രതീക്ഷിച്ചെങ്കിലും 80 റണ്‍സില്‍ നില്‍ക്കെ പുറത്തായി. 143 ബോളുകള്‍ നേരിട്ട ഹിറ്റ്മാന്റെ ഇന്നിങ്‌സില്‍ ഒമ്പതു ഫോറും രണ്ടു സിക്‌സറുമുള്‍പ്പെട്ടിരുന്നു.

അരങ്ങേറ്റ ടെസ്റ്റില്‍ 171 റണ്‍സുമായി കസറിയ യുവതാരം യശസ്വി ജയ്‌സ്വാള്‍ തുടരെ രണ്ടാമിന്നിങ്‌സിലും ഫിഫ്റ്റി പ്ലസ് സ്‌കോര്‍ നേടി. 57 റണ്‍സാണ് താരം സ്‌കോര്‍ ചെയ്ത്. 74 ബോളുകള്‍ നേരിട്ട ജയ്‌സ്വാള്‍ ഒമ്പതു ഫോറും ഒരു സിക്‌സറുമടിച്ചു. ഓപ്പണിങ് വിക്കറ്റല്‍ രോഹിത്- ജയ്‌സ്വാള്‍ സഖ്യം 139 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയിരുന്നു.
ഇന്ത്യന്‍ ഇന്നിങ്‌സിനു ശക്തമായ അടിത്തറയിട്ടതും ഇതു തന്നെയായിരുന്നു. ലോവര്‍ ഓര്‍ഡറില്‍ രവീന്ദ്ര ജഡേജയും (61) ആര്‍ അശ്വിനുമാണ് (56) ഇന്ത്യന്‍ നിരയില്‍ ഫിഫ്റ്റി നേടിയ മറ്റുള്ളവര്‍. 152 ബോളുകള്‍ നേരിട്ട ജഡേജ അഞ്ചു ഫോറുകളടക്കമാണ് 61 റണ്‍സ് നേടിയത്. അഞ്ചാം വിക്കറ്റില്‍ കോലിക്കൊപ്പം 159 റണ്‍സിന്റെ തകര്‍പ്പന്‍ കൂട്ടുകെട്ടുണ്ടാക്കാനും അദ്ദേഹത്തിനു കഴിഞ്ഞു.
ഇന്ത്യന്‍ ഇന്നിങ്‌സിലെ ഏറ്റവും വലിയ കൂട്ടുകെട്ടും ഇതു തന്നെയായിരുന്നു. ജഡേജ പുറത്തായ ശേഷമായിരുന്നു അശ്വിന്റെ അറ്റാക്കിങ് ഇന്നിങ്‌സ്. വെറും 78 ബോളിലാണ് എട്ടു ഫോറുകളടക്കം അദ്ദേഹം 56 റണ്‍സെടുത്തത്.
മറുപടി ബാറ്റിങില്‍ വിന്‍ഡീസ് രണ്ടാംദിനം സ്റ്റംപെടുക്കുമ്പോള്‍ ഒരു വിക്കറ്റിനു 86 റണ്‍സെന്ന നിലയിലാണ്. ഒമ്പതു വിക്കറ്റുകള്‍ കൈയിലിരിക്കെ ഇന്ത്യക്കൊപ്പമെത്താന്‍ അവര്‍ക്കു ഇനി 352 റണ്‍സ് കൂടി വേണം. 33 റണ്‍സെടുത്ത ടാഗ്‌നരെയ്ന്‍ ചന്ദര്‍പോളാണ് പുറത്തായത്. നായകന്‍ ക്രെയ്ഗ് ബ്രാത്വെയ്റ്റിനൊപ്പം (37) കിര്‍ക്ക് മക്കെന്‍സിയാണ് (14) ക്രീസിലുള്ളത്.