For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs WI: ലോകകപ്പ് മുഖ്യം, സൂപ്പര്‍ താരങ്ങള്‍ ടെസ്റ്റ് കളിക്കരുത്! മുന്നറിയിപ്പുമായി ഗവാസ്‌കര്‍

മുംബൈ: വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. രണ്ട് മത്സര ടെസ്റ്റ് മൂന്ന് മത്സര ഏകദിന, അഞ്ച് മത്സര ടി20 പരമ്പരകളാണ് ഇന്ത്യ വെസ്റ്റ് ഇന്‍ഡീസില്‍ കൡക്കുന്നത്. ടെസ്റ്റ്, ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ ഇന്ത്യ പ്രഖ്യാപിച്ചുകഴിഞ്ഞു. പ്രധാനപ്പെട്ട താരങ്ങള്‍ക്കെല്ലാം വിശ്രമം നല്‍കിയേക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ സൂപ്പര്‍ താരങ്ങളെയെല്ലാം ഉള്‍പ്പെടുത്തിയുള്ള ടീമിനെയാണ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്.

ഏഷ്യാ കപ്പും ഏകദിന ലോകകപ്പും വരാനിരിക്കെ ഇന്ത്യ പ്രമുഖര്‍ക്ക് വിശ്രമം നല്‍കാന്‍ തയ്യാറായിട്ടില്ല. ഇപ്പോഴിതാ ഇന്ത്യ സൂപ്പര്‍ താരങ്ങള്‍ക്ക് ടെസ്റ്റില്‍ പൂര്‍ണ്ണ വിശ്രമം നല്‍കണമായിരുന്നുവെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് സുനില്‍ ഗവാസ്‌കര്‍. രോഹിത് ശര്‍മ, വിരാട് കോലി എന്നിവരൊന്നും ടെസ്റ്റ് കളിക്കേണ്ടിയിരുന്നില്ലെന്നാണ് ഗവാസ്‌കര്‍ അഭിപ്രായപ്പെടുന്നത്.

'പുതിയ താരങ്ങളെ കണ്ടെത്താനും അവരെ പരിഗണിക്കാനുമുള്ള സുവര്‍ണ്ണാവസരമാണ് ഇപ്പോള്‍ മുന്നിലുള്ളത്. ഇന്ത്യക്ക് പരീക്ഷണങ്ങള്‍ നടത്താന്‍ സാധിക്കുന്ന പരമ്പരയായിരുന്നു ഇത്. കാരണം വെസ്റ്റ് ഇന്‍ഡീസാണ് എതിരാളികള്‍. ഇപ്പോള്‍ വലിയൊരു ശക്തിയല്ല. അതുകൊണ്ടുതന്നെ യുവതാരങ്ങള്‍ക്ക് ശരിയായത് ചെയ്യാനുള്ള അവസരമാണ് മുന്നിലുള്ളത്.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഇന്ത്യക്ക് കൈവിട്ടുപോയിരിക്കുന്നു. ഇനി വരാനുള്ള വലിയ ടൂര്‍ണമെന്റ് ഏകദിന ലോകകപ്പാണ്. എന്റെ അഭിപ്രായത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്ക് ടെസ്റ്റില്‍ പൂര്‍ണ്ണ വിശ്രമം നല്‍കണം. ഏകദിനവും ടി20യും മാത്രമാണ് ഇവര്‍ കളിക്കേണ്ടത്. ഇപ്പോള്‍ അവര്‍ വെള്ളബോള്‍ ക്രിക്കറ്റിലാണ് ശ്രദ്ധ നല്‍കേണ്ടത്'- സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു.

rohit sharma, virat kohli

ഗവാസ്‌കറിന്റെ അഭിപ്രായം ഇന്ത്യ സ്വീകരിക്കേണ്ടതായിരുന്നുവെന്ന് പറയാം. കാരണം ലോകകപ്പിന് ഇനി നാല് മാസം മാത്രമാണുള്ളത്. കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, ജസ്പ്രീത് ബുംറ, റിഷഭ് പന്ത് എന്നിവരെല്ലാം പരിക്കിന്റെ പിടിയിലാണ്. ലോകകപ്പിന് മുമ്പ് ഇവരൊക്കെ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ. എന്നാല്‍ നിലവിലെ അവസ്ഥ പരിഗണിക്കുമ്പോള്‍ സാധ്യത കുറവാണെന്ന് തന്നെ പറയാം.

രോഹിത് ശര്‍മയുടെ ഫിറ്റ്‌നസ് വളരെ പ്രശ്‌നമാണ്. അമിതഭാരത്തിന്റെ പ്രശ്‌നങ്ങള്‍ രോഹിത്തിനുണ്ട്. അതുകൊണ്ടുതന്നെ ഇപ്പോള്‍ ടെസ്റ്റില്‍ കളിക്കേണ്ട ആവശ്യമില്ലായിരുന്നു. തുടര്‍ച്ചയായി രണ്ട് മാസത്തോളം ഐപിഎല്‍ കളിച്ച രോഹിത് പിന്നീട് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലും കളിച്ചിരുന്നു. ഇപ്പോള്‍ ഇടവേള ആഘോഷിക്കുകയാണെങ്കിലും വിന്‍ഡീസിനെതിരായ ടെസ്റ്റ്, ഏകദിന പരമ്പരയില്‍ ഇന്ത്യയെ നയിക്കുന്നത് രോഹിത്താണ്.

വരാനിരിക്കുന്ന ഏകദിന ലോകകപ്പോടെ രോഹിത്തിന്റെ ക്യാപ്റ്റന്‍സിയുടെ കാര്യത്തില്‍ തീരുമാനമായേക്കും. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരക്ക് ശേഷം ഇന്ത്യയുടെ അടുത്ത ടെസ്റ്റ് പരമ്പര ഡിസംബറില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയാണ്. ഇതിന് മുമ്പായിത്തന്നെ രോഹിത്തിന്റെ ചീട്ടുകീറാന്‍ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ഇപ്പോള്‍ ടെസ്റ്റ് കളിപ്പിച്ച് അദ്ദേഹത്തിന് പരിക്കേല്‍ക്കാനുള്ള സാധ്യത സൃഷ്ടിക്കാതിരിക്കുന്നതാണ് നല്ലത്.

വെസ്റ്റ് ഇന്‍ഡീസിലേത് പേസ് പിച്ചാണ്. അതുകൊണ്ടുതന്നെ രോഹിത്തിന് പരിക്കേറ്റാല്‍ തിരിച്ചുവരവ് വളരെ പ്രയാസമാണ്. ഇതോടെ ലോകകപ്പും നഷ്ടമായേക്കും. അങ്ങനെ വന്നാല്‍ രോഹിത്തിന്റെ കരിയറിലത് നികത്താനാവാത്ത വിടവായി മാറും. ഈ സാഹചര്യത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്ന് രോഹിത്തിനെ മാറ്റിനിര്‍ത്തുന്നതായിരുന്നു നല്ലത്. നയിക്കാന്‍ അജിന്‍ക്യ രഹാനെ അവിടെയുള്ളതിനാല്‍ രോഹിത്തിന്റെ അഭാവം കാര്യമായി ബാധിക്കാനും സാധ്യതയില്ല.

'ഒക്ടോബര്‍-നവംബര്‍ മുതല്‍ അവര്‍ തുടര്‍ച്ചയായി കളിക്കുകയാണ്. പരിക്കിന്റെ ഇടവേളയല്ലാതെ വലിയൊരു ഇടവേള അവര്‍ക്ക് ലഭിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ചുവപ്പുബോള്‍ ക്രിക്കറ്റില്‍ നിന്ന് അവര്‍ക്ക് പൂര്‍ണ്ണ വിശ്രമം നല്‍കണം. മുഹമ്മദ് ഷമിക്ക് വിശ്രമം നല്‍കിയതുപോലെ കോലിക്കും രോഹിത്തിനും വിശ്രമം നല്‍കണമായിരുന്നു. ജൂലൈ 25വരെയെങ്കിലും അവര്‍ക്ക് ഇടവേള നല്‍കണം.

അതായത് ടെസ്റ്റ് കളിപ്പിക്കാന്‍ പാടില്ല. ഇന്ത്യ വെസ്റ്റ് ഇന്‍ഡീസില്‍ സന്നാഹ മത്സരവും കളിക്കുന്നുണ്ട്. ചെറിയ ഇടവേളയാണ് താരങ്ങള്‍ക്ക് ലഭിക്കുന്നത്. ഇപ്പോള്‍ 20 ദിവസത്തോളം മാത്രമാണ് ഇടവേള ലഭിക്കുന്നത്. 40 ദിവസത്തിന് മുകളില്‍ ഇടവേള ആവശ്യമാണ്. അത് അവര്‍ക്ക് പുതുമ നല്‍കുകയും കൂടുതല്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സഹായിക്കുകയും ചെയ്യും'-ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Sunday, June 25, 2023, 16:53 [IST]
Other articles published on Jun 25, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+