വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ശക്തമായ നിലയിലാണ്. ബൗളിങ്ങിലും ബാറ്റിങ്ങിലും മികവുകാട്ടിയ ഇന്ത്യ ആതിഥേയര്‍ക്കെതിരേ സര്‍വാധിപത്യം നേടിയെടുത്തിരിക്കുകയാണ്. വിന്‍ഡീസിനെ ഒന്നാം ഇന്നിങ്‌സില്‍ 150 റണ്‍സിന് പുറത്താക്കിയ ഇന്ത്യ രണ്ടാം ദിനം സ്റ്റംപെടുക്കുമ്പോള്‍ രണ്ട് വിക്കറ്റിന് 312 എന്ന ശക്തമായ നിലയിലാണ്. എട്ട് വിക്കറ്റുകള്‍ ശേഷിക്കെ 162 റണ്‍സ് ലീഡ് ഇന്ത്യക്കുണ്ട്.
അരങ്ങേറ്റക്കാരന്‍ യശ്വസി ജയ്‌സ്വാളിന്റെയും (143*) നായകന്‍ രോഹിത് ശര്‍മയുടെയും (103) സെഞ്ച്വറി പ്രകടനങ്ങളാണ് ഇന്ത്യക്ക് കരുത്തായത്. ഓപ്പണിങ് വിട്ട് മൂന്നാം നമ്പറിലേക്കെത്തിയ ശുബ്മാന്‍ ഗില്ലിന് (6) തിളങ്ങാനുമായില്ല. മൂന്നാം നമ്പര്‍ സ്ഥാനത്ത് കളിച്ചിരുന്ന ചേതേശ്വര്‍ പുജാരയെ മോശം ഫോമിന്റെ പേരില്‍ ഇന്ത്യ തഴഞ്ഞിരുന്നു. ഇതോടെയാണ് മൂന്നാം നമ്പറിലേക്ക് ശുബ്മാന്‍ ഗില്ലെത്തുന്നത്. ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനോട് ഗില്‍ മൂന്നാം നമ്പര്‍ ചോദിച്ചുവാങ്ങുകയായിരുന്നുവെന്നാണ് രോഹിത് ശര്‍മ വെളിപ്പെടുത്തിയത്.
അതുകൊണ്ടുതന്നെ മൂന്നാം നമ്പറില്‍ ഗില്‍ ഫ്‌ളോപ്പായതോടെ വലിയ വിമര്‍ശനം താരത്തിനെതിരേ ഉയരുകയും ചെയ്തു. ഇപ്പോഴിതാ ഓപ്പണിങ് സ്ഥാനം വിട്ട് മൂന്നാം നമ്പറില്‍ കളിക്കാനുള്ള കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ഗില്‍. 'ഇന്ത്യ എ ടീമിനൊപ്പമുള്ള മത്സരങ്ങളില്‍ ഞാന്‍ മൂന്നാം നമ്പറിലും നാലാം നമ്പറിലും നിരവധി തവണ ബാറ്റുചെയ്തിട്ടുണ്ട്. നിനക്ക് എവിടെ ബാറ്റു ചെയ്യാനാണ് ആഗ്രഹമെന്ന് അവര്‍ എന്നോട് ചോദിച്ചു. ഞാന്‍ മൂന്നാം നമ്പറില്‍ കളിക്കാമെന്നും പറഞ്ഞു.
എനിക്ക് ബാറ്റുചെയ്യാന്‍ അനുയോജ്യമായ സ്ഥാനമാണതെന്നാണ് കരുതുന്നത്. ന്യൂബോളില്‍ കളിക്കാനുള്ള വെല്ലുവിളിയാണ് ഓപ്പണിങ്ങില്‍ ലഭിക്കുന്നത്. ഞാനത് കളിച്ച് തെളിയിച്ചതാണ്. എന്നാല്‍ മൂന്നാം നമ്പറില്‍ കളിക്കുന്നത് ഓപ്പണിങ്ങില്‍ കളിക്കുന്നതില്‍ നിന്ന് വ്യത്യസ്തമായാണ്. ഇന്നിങ്‌സുകള്‍ക്കിടയില്‍ അല്‍പ്പം ഇടവേള ലഭിക്കും'- ശുബ്മാന്‍ ഗില്‍ രണ്ടാം ദിനത്തിന് ശേഷം സംസാരിക്കവെ പറഞ്ഞു. ഇന്ത്യ അണ്ടര്‍ 19 ക്രിക്കറ്റിലൂടെ വളര്‍ന്ന താരമാണ് ശുബ്മാന്‍ ഗില്‍.

പൃഥ്വി ഷാക്ക് കീഴില്‍ ഇന്ത്യ അണ്ടര്‍ 19 കിരീടം നേടിയപ്പോള്‍ ടൂര്‍ണമെന്റിലെ താരമായത് ഗില്ലായിരുന്നു. അന്ന് ഗില്‍ മൂന്നാം നമ്പറിലാണ് കളിച്ചിരുന്നത്. ഐപിഎല്ലില്‍ നിലവില്‍ ഗുജറാത്ത് ടൈറ്റന്‍സ് താരമാണ് ഗില്‍. ഐപിഎല്ലിലേക്കെത്തിയപ്പോള്‍ ഓപ്പണര്‍ റോളിലാണ് ഗില്‍ തിളങ്ങിയത്. ഇന്ത്യന്‍ ടീമിലേക്ക് ഗില്‍ പരിഗണിക്കപ്പെട്ടതും ഓപ്പണര്‍ റോളിലാണ്. എന്നാല്‍ ഇപ്പോള്‍ സ്വന്തം ഇഷ്ട പ്രകാരം മൂന്നാം നമ്പറിലേക്ക് അദ്ദേഹം മാറുകയായിരുന്നു.
ഗില്ലിന്റെ കരിയര്‍ തന്നെ തകര്‍ക്കുന്ന മണ്ടന്‍ തീരുമാനമായി ഇത് മാറിയേക്കാം. ടെസ്റ്റില്‍ മൂന്നാം നമ്പറെന്നത് വളരെ പ്രയാസമുള്ള ബാറ്റിങ് പൊസിഷനാണ്. ടീമിന്റെ കെട്ടുറപ്പിന് അടിത്തറ ഇടേണ്ട ഉത്തരവാദിത്തം മൂന്നാം നമ്പറുകാരനാണെന്ന് പറയാം. രാഹുല്‍ ദ്രാവിഡും ചേതേശ്വര്‍ പുജാരയും ശ്രദ്ധേയ പ്രകടനങ്ങള്‍ നടത്തിയിരുന്ന ഈ റോളിലേക്ക് ശുബ്മാന്‍ ഗില്ലെത്തുമ്പോള്‍ കാര്യങ്ങള്‍ എളുപ്പമാവില്ലെന്ന കാര്യം ഉറപ്പാണ്. ക്ഷമയോടെ പതിയെ ഇന്നിങ്‌സ് കെട്ടിപ്പടുക്കാന്‍ മൂന്നാം നമ്പറുകാരന് സാധിക്കണം.
എന്നാല്‍ ഗില്‍ അത്ര ക്ഷമയുള്ള ബാറ്റ്‌സ്മാനല്ല. വലിയ ഷോട്ടുകള്‍ കളിക്കാന്‍ താല്‍പര്യം കാട്ടുന്ന അദ്ദേഹം ഓപ്പണറായി തുടരുന്നതാണ് നല്ലത്. ചേതേശ്വര്‍ പുജാര നിലവില്‍ ടീമിന് പുറത്താണെങ്കിലും തിരിച്ചുവരാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. പുജാര മടങ്ങിയെത്തുകയും ജയ്‌സ്വാള്‍ ഓപ്പണിങ്ങില്‍ സ്ഥിരതയോടെ കസറുകയും ചെയ്താല്‍ ഗില്ലിന് പണിയാവും. മധ്യനിരയിലേക്ക് ബാറ്റിങ് പൊസിഷന്‍ മാറ്റാന്‍ താരം നിര്‍ബന്ധിതനാവും.
ഇതോടെ പ്രതീക്ഷിച്ച ഉയരത്തിലേക്ക് കരിയറെത്തിക്കാന്‍ ഗില്ലിന് സാധിക്കാതെ വരും. നിലവിലെ പ്രകടനം വിലയിരുത്തുമ്പോള്‍ ബാറ്റിങ് പൊസിഷന്‍ മാറ്റാനുള്ള ഗില്ലിന്റെ തീരുമാനം മണ്ടത്തരമാണെന്ന് പറയാം. പക്ഷെ തിരിച്ചുവരാനുള്ള അവസരം ഗില്ലിനുണ്ട്. മൂന്നാം നമ്പറില്‍ ഒരു ഇന്നിങ്‌സ് മാത്രമാണ് ഗില്‍ ബാറ്റുചെയ്തത്. അതുകൊണ്ടുതന്നെ വിലയിരുത്താനുള്ള സമയമായിട്ടില്ല.