അഹമ്മദാബാദ്: വെസ്റ്റ് ഇന്‍ഡീസുമായുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ആദ്യദിനം തന്നെ പിടിമുറുക്കിയിരിക്കുകയാണ് ഇന്ത്യ. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത വിന്‍ഡീസ് ലഞ്ച് ബ്രേക്കിനു പിന്നാലെ വെറും 162 റണ്‍സിനു ഓള്‍ഔട്ടാവുകയായിരുന്നു. വിന്‍ഡീസ് നിരയില്‍ ഒരാള്‍ പോലും 35 റണ്‍സ് തികച്ചില്ല.
ശുഭ്മന്‍ ഗില്ലിനു കീഴില്‍ നാട്ടില്‍ ഇന്ത്യ കളിച്ച ആദ്യ ടെസ്റ്റ് മല്‍സരം കൂടിയാണിത്. കഴിഞ്ഞ ഇഗ്ലണ്ട് പര്യടനത്തിലൂടെയാണ് റെഡ് ബോള്‍ ടീമിന്റെ സ്ഥിരം നായകനായി അദ്ദേഹം അരങ്ങേറിയത്. വിന്‍ഡീഡുമായുള്ള ഒന്നാമങ്കത്തില്‍ ക്യാപ്റ്റനെന്ന നിലയില്‍ വലിയൊരു നാണക്കേട് കുറിച്ചിരിക്കുകയാണ് ഗില്‍. ഇതു എന്താണെന്നു നോക്കാം.

ഇത്രയും ഭാഗ്യക്കേടോ?
ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റനെന്ന നിലയില്‍ വീണ്ടുമൊരു ടോസ് കൂടി കൈവിട്ടാണ് ശുഭ്മന്‍ ഗില്‍ നാണക്കേടിന്റെ റെക്കോര്‍ഡ് കുറിച്ചത്. സ്ഥിരം നായകനായ ശേഷം തുടര്‍ച്ചയായ ആറാമത്തെ ടോസാണ് അദ്ദേഹം കൈവിട്ടിരിക്കുന്നത്. സ്ഥിരം ക്യാപ്റ്റനായി ചുമതലയേറ്റെടുത്ത ശേഷം ഒരു ടെസ്റ്റില്‍ പോലും ടോസ് ജയിക്കാന്‍ ഗില്ലിനു കഴിഞ്ഞിട്ടില്ലെന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം.
കഴിഞ്ഞ ആന്‍ഡേഴ്‌സന്‍- ടെണ്ടുല്‍ക്കര്‍ ട്രോഫിയില്‍ ഇംഗ്ലണ്ടുമായി അഞ്ചു ടെസ്റ്റുകളിലാണ് ഇന്ത്യ കൊമ്പുകോര്‍ത്തത്. ഇവയിലൊന്നും ടോസ് ഭാഗ്യം ഇന്ത്യക്കൊപ്പം നിന്നതുമില്ല. വെസ്റ്റ് ഇന്‍ഡീസുമായുള്ള ഈ പരമ്പരയില്‍ ടോസ് ഭാഗ്യം ഗില്ലിനുണ്ടാവുമെന്നു പ്രതീക്ഷിച്ചെങ്കിലും ആദ്യ ടെസ്റ്റില്‍ തന്നെ ഗില്‍ ടോസ് കൈവിട്ടിരിക്കുകയാണ്.
ടോസ് ഭാഗ്യമുണ്ടായില്ലെങ്കിലും ഇംഗ്ലണ്ടില്‍ രണ്ടു ടെസ്റ്റുകളില്‍ ടീമിനെ ജയിപ്പിക്കാനും ഒന്നില്‍ സമനില നേടിയെടുക്കാനും അദ്ദേഹത്തിനു സാധിച്ചു. രണ്ടു ടെസ്റ്റുകളില്‍ തോല്‍വി രുചിക്കുകയും ചെയ്തു. ടെസ്റ്റ് ക്യാപ്റ്റനെന്ന നിലയില്‍ ടോസ് ഭാഗ്യമുണ്ടായില്ലെങ്കിലും ടി20യില്‍ മികച്ച റെക്കോര്‍ഡ് ഗില്ലിനുണ്ട്. ഇതിനകം കളിച്ച അഞ്ചു ടെസ്റ്റുകളില്‍ നാലിലും ടോസ് ജയിക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്.
ശക്തമായ തിരിച്ചുവരവിന് ഗില്‍
യുഎഇയുല്‍ സമാപിച്ച ഏഷ്യാ കപ്പില്‍ ഇന്ത്യക്കൊപ്പം കിരീടം നേടാനായെങ്കിലും ബാറ്ററെന്ന നിലയില്‍ ശുഭ്മന്‍ ഗില്ലിന്റെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. ഒരു വര്‍ഷത്തിലേറെ നീണ്ട ഇടവേളയ്ക്കു ശേഷം ടി20 ടീമിലേക്കു മടങ്ങിയെത്തിയ അദ്ദേഹം ബാറ്റിങില്‍ നിരാശപ്പെടുത്തി. ഏഴിന്നിങ്‌സുകൡ കളിച്ചെങ്കിലും ഒരു ഫിഫ്റ്റി പോലുമില്ലതെയാണ് ഗില്‍ ടൂര്‍ണമെന്റ് അവസാനിപ്പിച്ചത്.

പാകിസ്താനുമായുള്ള സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ റണ്‍ചേസില്‍ നേടിയ 47 റണ്‍സാണ് അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. ഇതു മാറ്റി നിര്‍ത്തിയാല്‍ മികച്ച ഇന്നിങ്‌സുകളൊന്നും ഗില്ലിനു കളിക്കാനായിട്ടില്ല. ഭേദപ്പെട്ട തുടക്കങ്ങള്‍ പല മല്‍സരങ്ങളിലും അദ്ദേഹത്തിനു ലഭിച്ചെങ്കിലും ഇവ വലിയ ഇന്നിങ്‌സുകളാക്കി മാറ്റുന്നതില്‍ പരാജയപ്പെട്ടു.
ഏഷ്യാ കപ്പിലെ ക്ഷീണം വെസ്റ്റ് ഇന്‍ഡീസുമായുള്ള ടെസ്റ്റ് പരമ്പരയില്‍ തീര്‍ക്കാനായിരിക്കും ഗില്ലിന്റെ ശ്രമം. കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തിലേതു പോലെ വലിയൊരു റണ്‍വേട്ടയായിരിക്കും വിന്‍ഡീസുമായുള്ള രണ്ടു ടെസ്റ്റുകളില്‍ അദ്ദേഹം ലക്ഷ്യമിടുക. ഇംഗ്ലണ്ടില്‍ അഞ്ചു ടെസ്റ്റുകളില്‍ നിന്നും ഗില്‍ വാരിക്കൂട്ടിയത് 754 റണ്‍സാണ്.
75.40 എന്ന മികച്ച ശരാശരിയോടെയാണിത്. നാലു സെഞ്ച്വറികള്‍ ഇതിലുള്‍പ്പെടും. ഇതിലൊന്നു ഡബിള്‍ സെഞ്ച്വറിയുമായിരുന്നു. 269 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഇംഗ്ലണ്ട് പര്യടനത്തില്‍ ഒരു ടെസ്റ്റ് പരമ്പരയില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ എക്കാലത്തെയും വലിയ റണ്‍വേട്ടയും കൂടിയായിരുന്നു ഇത്.