മുംബൈ: ക്രിക്കറ്റ് മാറ്റത്തിന്റെ പാതയിലൂടെ സഞ്ചരിക്കുകയാണ്. ടെസ്റ്റിലടക്കം വലിയ മാറ്റങ്ങള്‍ സംഭവിക്കുന്നു. പഴയതുപോലെ അമിത പ്രതിരോധം നടത്തുന്ന വിരസന്‍ ടെസ്റ്റ് ശൈലിയോട് ആര്‍ക്കും താല്‍പര്യമില്ല. ആരാധകര്‍ ആവിശ്യപ്പെടുന്നതും ആക്രമണോത്സകതയുള്ള ടെസ്റ്റ് ശൈലിയാണ്. അതുകൊണ്ടാണ് ഇംഗ്ലണ്ടിന്റെ ബാസ്‌ബോള്‍ ശൈലി എല്ലാവരും ഇഷ്ടപ്പെടുന്നതും പിന്തുണക്കുന്നതും. ബ്രണ്ടന്‍ മക്കല്ലം പരിശീലകനായ ശേഷമാണ് ബാസ്‌ബോള്‍ ശൈലിയിലേക്ക് ഇംഗ്ലണ്ടെത്തിയത്.
ഇതോടെ ആറിന് മുകളില്‍ റണ്‍റേറ്റിലാണ് ഇംഗ്ലണ്ട് ടീം ടെസ്റ്റ് കളിക്കുന്നത്. അമിത പ്രതിരോധത്തിലൂന്നാതെ മോശം പന്തുകളില്‍ ആക്രമിച്ച് മുന്നോട്ട് പോകുന്നതാണ് ബാസ്‌ബോള്‍ ശൈലിയുടെ അടിസ്ഥാനം. ഇന്ന് പല ടീമുകളും ബാസ്‌ബോള്‍ ശൈലിയെ ഇഷ്ടപ്പെടുകയും പിന്തുടരാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഈ സ്റ്റൈലില്‍ കളിച്ച് മുന്നേറുക എളുപ്പമല്ല. അതുകൊണ്ട് തന്നെ പല ടീമുകളും ഈ ശൈലി സ്വീകരിക്കാന്‍ ഭയപ്പെടുന്നു.
എന്നാല്‍ ഇന്ത്യക്ക് വലിയ ബുദ്ധിമുട്ടില്ലാതെ ഈ ശൈലിയിലേക്കെത്താനാവും. പക്ഷെ നിലവിലെ ടീമില്‍ പ്രധാനപ്പെട്ട ചില മാറ്റങ്ങള്‍ വരുത്തിയാലെ അത് സാധ്യമാകൂ. ബാസ്‌ബോള്‍ ശൈലിയിലേക്കെത്താന്‍ ഇന്ത്യ വരുത്തേണ്ട പ്രധാനപ്പെട്ട മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ കാര്യം പരിശീലകനെ മാറ്റുകയെന്നതാണ്. രാഹുല്‍ ദ്രാവിഡിനെപ്പോലൊരു ക്ലാസിക് താരത്തിന് വെടിക്കെട്ട് ബാറ്റിങ് ശൈലിയില്‍ ടെസ്റ്റ് കളിക്കാന്‍ പഠിപ്പിക്കാനാവില്ല.
അതുകൊണ്ട് തന്നെ ഇന്ത്യ പരിശീലകനെ മാറ്റണം. വീരേന്ദര്‍ സെവാഗിനെ പരിശീലകനാക്കിയാല്‍ ഇന്ത്യക്ക് ബാസ് ബോള്‍ ശൈലിയിലേക്ക് മാറാം. സെവാഗ് ടെസ്റ്റില്‍ രണ്ട് തവണ ട്രിപ്പിള്‍ സെഞ്ച്വറി നേടിയിട്ടുള്ള താരമാണ്. മോശം പന്തുകളെ പ്രഹരിച്ചുകളിക്കുകയെന്ന തത്വത്തെ കരിയറിലുടെനീളം മുറുക്കെപ്പിടിക്കാന്‍ സെവാഗിന് സാധിച്ചിട്ടുണ്ട്. ഇതേ ശൈലിയാണ് ഇന്ത്യന്‍ ടീമിനെ പഠിപ്പിക്കേണ്ടത്. അധികം വൈകാതെ ടെസ്റ്റ് ബാസ് ബോള്‍ ശൈലിയിലേക്ക് പൂര്‍ണ്ണമായും മാറാന്‍ സാധ്യതയുണ്ട്.
അതുകൊണ്ട് തന്നെ ഇപ്പോഴെ ഇന്ത്യ മുന്നൊരുക്കം നടത്തുന്നതാണ് നല്ലത്. സെവാഗിനെ ഇന്ത്യ പരിശീലകനാക്കിയാല്‍ മക്കല്ലം ഇംഗ്ലണ്ടിലുണ്ടാക്കിയ അതേ ഇംപാക്ട് ഇന്ത്യന്‍ ടീമിലും സൃഷ്ടിക്കപ്പെടാന്‍ സാധ്യത കൂടുതലാണ്. ഇന്ത്യന്‍ ടീമില്‍ ഇപ്പോള്‍ത്തന്നെ ബാസ് ബോള്‍ ശൈലിയില്‍ കളിക്കുന്നവരുണ്ട്. റിഷഭ് പന്താണ് അതിന് ഏറ്റവും മികച്ച ഉദാഹരണം. ആരെയും ഭയമില്ലാതെ ബാറ്റുവീശുന്ന റിഷഭിന്റെ പ്രകടന കണക്കുകളും മികച്ചതാണ്.
ഇന്ത്യക്ക് വേണ്ടത് ഇത്തരം ശൈലിയില്‍ കളിക്കുന്ന ബാറ്റ്‌സ്മാന്‍മാരെയാണ്. രോഹിത് ശര്‍മ, ശുബ്മാന്‍ ഗില്‍, അജിന്‍ക്യ രഹാനെ എന്നിവരെയെല്ലാം ബാസ് ബോള്‍ ശൈലിയിലേക്ക് മാറിയാലും ടീമില്‍ നിലനിര്‍ത്താം. എന്നാല്‍ അടിച്ചുകളിക്കാന്‍ ശേഷിയുള്ള കൂടുതല്‍ താരങ്ങളെ വളര്‍ത്തണം. യശ്വസി ജയ്‌സ്വാള്‍, റുതുരാജ് ഗെയ്ക് വാദ് എന്നിവരെ പിന്തുണക്കേണ്ടതാണ്. ഇവരെല്ലാം പ്രതിരോധത്തോടൊപ്പം ആക്രമിക്കാനും മിടുക്കരാണ്.

ചേതേശ്വര്‍ പുജാരയെപ്പോലെ വിക്കറ്റ് പോവാതെ പിടിച്ചുനില്‍ക്കുന്ന ശൈലിയില്‍ കളിക്കുന്നവരെ ഇനി ഇന്ത്യക്കാവശ്യമില്ല. ഈ ശൈലി ടെസ്റ്റില്‍ ഇനി ഗുണം ചെയ്യാത്തതാണ്. മികച്ച പേസ് ഓള്‍റൗണ്ടര്‍മാര്‍ ബാസ് ബോള്‍ ശൈലിക്ക് അനിവാര്യമാണ്. ബെന്‍ സ്‌റ്റോക്‌സ്, കാമറൂണ്‍ ഗ്രീന്‍ എന്നിവരെപ്പോലെ കളിക്കാന്‍ ഇന്ത്യ ഹര്‍ദിക് പാണ്ഡ്യയെ തിരികെ കൊണ്ടുവരണം. നിലവില്‍ ടെസ്റ്റ് കളിക്കില്ലെന്ന നിലപാടിലാണ് ഹര്‍ദിക്. അങ്ങനെയാണെങ്കില്‍ മികച്ച മറ്റൊരു ഓള്‍റൗണ്ടറെ കണ്ടെത്തേണ്ടതായുണ്ട്.
പ്രധാനമായും ടീമിന്റെ കാഴ്ചപ്പാടില്‍ വലിയ മാറ്റമുണ്ടാവണം. ശൈലി ഇതാണെന്നും പദ്ധതി ഇതാണെന്നും മനസിലാക്കി ബാറ്റുചെയ്യാന്‍ സാധിക്കണം. ഇന്ത്യയെ സംബന്ധിച്ച് വേഗത്തില്‍ ബാസ് ബോള്‍ ശൈലി ഉള്‍ക്കൊള്ളാവുന്നതേയുള്ളൂ. ഇന്ത്യയുടെ സ്പിന്‍ ഓള്‍റൗണ്ടര്‍മാരായ ആര്‍ അശ്വിനും രവീന്ദ്ര ജഡേജയുമെല്ലാം ബാസ് ബോള്‍ ശൈലിയില്‍ കളിക്കുന്ന ബാറ്റ്‌സ്മാന്‍മാരാണ്. പേസര്‍മാര്‍ നേരത്തെ തന്നെ ബാസ് ബോള്‍ ശൈലി പിന്തുടരുന്നവരാണ്.
അധികം താമസിക്കാതെ ഇന്ത്യ ബാസ് ബോള്‍ ശൈലിയിലേക്ക് മാറും. വരാനിരിക്കുന്ന വെസ്റ്റ് ഇന്‍ഡീസ് പര്യടനവും ഏഷ്യാ കപ്പും ഏകദിന ലോകകപ്പും ഇന്ത്യന്‍ ടീമിന്റെ മാറ്റങ്ങളില്‍ വലിയ സ്വാധീനമുണ്ടാക്കുമെന്ന കാര്യത്തില്‍ സംശയമില്ല.