Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: ജയ്‌സ്വാളിലേറി ഇന്ത്യ, സായിയും സൂപ്പര്‍!! കൂറ്റന്‍ ടോട്ടല്‍ ഉറപ്പിച്ചു

ഡല്‍ഹി: വെസ്റ്റ് ഇന്‍ഡീസുമായുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ കൂറ്റന്‍ ടോട്ടല്‍ ഉറപ്പിച്ച് ഇന്ത്യ. ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിന്റെ (173*) കിടിലന്‍ സെഞ്ച്വറിയിലേറി ഇന്ത്യ കുതിക്കുകയാണ്. ആദ്യദിനത്തിലെ കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ രണ്ടു വിക്കറ്റിനു 318 റണ്‍സെടുത്തിട്ടുണ്ട്. ജയ്‌സ്വാളും നായകന്‍ ശുഭ്മന്‍ ഗില്ലുമാണ് (20*) ക്രീസിലുള്ളത്. മൂന്നാം വിക്കറ്റില്‍ 129 ബോളില്‍ 67 റണ്‍സ് ഇരുവരും ടീം സ്‌കോറിലേക്കു ചേര്‍ത്തു കഴിഞ്ഞു.

ജയ്‌സ്വാളിനെ കൂടാതെ സായ് സുദര്‍ശന്റെയും (87) ഗംഭീര ഇന്നിങ്‌സാണ് ടീമിനു ശക്തമായ അടിത്തറയിട്ടത്. കെഎല്‍ രാഹുലാണ് (38) പുറത്തായ മറ്റൊരു താരം. 253 ബോളില്‍ 22 ഫോറുള്‍പ്പെട്ടതാണ് ജയ്‌സ്വാളിന്റെ ഇന്നിങ്‌സ്. ടെസ്റ്റിലെ ഏഴാം സെഞ്ച്വറി കൂടിയാണ് താരം കുറിച്ചത്. 165 ബോളുകള്‍ നേരിട്ട സായ് 12 ഫോറുകളടിച്ചു.

YASHASVI JAISWAL

ടോസിനു ശേഷം ബാറ്റിങിനു ഇറങ്ങിയ ഇന്ത്യക്കു നല്ല തുടക്കമാണ് ജയ്‌സ്വാള്‍- രാഹുല്‍ ജോടി നല്‍കിയത്. ആദ്യ വിക്കറ്റില്‍ 55 റണ്‍സ് ഇരുവരും ടീം സ്‌കോറിലേക്കു ചേര്‍ത്തു. വളരെ ശ്രദ്ധയോടെ പതിയ താളത്തില്‍ തുടങ്ങിയ ഇരുവരും പിച്ചുമായി പൊരുത്തപ്പെട്ടതിനു ശേഷം സ്‌കോറിങിനു വേഗം കൂട്ടുകയായിരുന്നു.

വളരെ നന്നായി ബാറ്റ് ചെയ്യവെയാണ് സ്പിന്നര്‍ ജോമല്‍ വാരിക്കനെതിരേ ക്രീസിനു പുറത്തേക്കിറങ്ങി കളിക്കാന്‍ ശ്രമിച്ച രാഹുലിനെ കീപ്പര്‍ ടെവിന്‍ ഇംലാക്ക് സ്റ്റംപ് ചെയ്തു പുറത്താക്കിയത്. രണ്ടാം വിക്കറ്റില്‍ ജയ്‌സ്വാള്‍- സായ് ജോടി സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കിയതോടെ മല്‍സരം ഇന്ത്യയുടെ വരുതിയിലേക്കു വന്നു.

193 റണ്‍സാണ് ഈ ജോടി വാരിക്കൂട്ടിയത്. ടീം സ്‌കോര്‍ 58ല്‍ ഒന്നിച്ച ഇരുവരും മൂന്നാം സെഷനില്‍ 251ല്‍ വച്ചാണ് വേര്‍പിരിഞ്ഞത്. കന്നി സെഞ്ച്വറിയിലേക്കു മുന്നേറിയ സായിയെ 87ല്‍ നില്‍ക്ക വാരിക്കന്‍ വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു.

ടോസിനു ശേഷം ഇന്ത്യന്‍ നായകന്‍ ശുഭ്മന്‍ ഗില്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മല്‍സരത്തില്‍ കളിച്ച അതേ ഇലവനെ തന്നെ നിലനിര്‍ത്തിയാണ് ഇന്ത്യ ഈ മല്‍സരത്തില്‍ ഇറങ്ങിയത്. മറുഭാഗത്തു വിന്‍ഡീസ് ടീമില്‍ രണ്ടു മാറ്റങ്ങള്‍ വരുത്തി. ബ്രെന്‍ഡന്‍ കിങ്, ജൊഹാന്‍ ലെയ്ന്‍ എന്നിവര്‍ പുറത്തായപ്പോള്‍ പകരം ടെവിം ഇംലാക്ക്, ആന്‍ഡേഴ്‌സന്‍ ഫിലിപ്പ് എന്നിവരും ടീമിലേക്കു വന്നു.

SAI JAISWAL

രണ്ടു ടെസ്റ്റുകളുടെ പരമ്പര തൂത്തുവാരുകയെന്ന ലക്ഷ്യവുമായാണ് ഇന്ത്യ ഇറങ്ങിയത്. അതിനു സാധിച്ചാല്‍ ഡബ്ല്യുടിസി പോയിന്റ് പട്ടികയില്‍ വലിയൊരു കുതിപ്പ് നടത്താന്‍ ഇന്ത്യക്കു സാധിക്കും. ശുഭ്മന്‍ ഗില്ലും സംഘവും ലക്ഷ്യമിടുന്നതും ഇതായിരിക്കും.

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടന്ന ആദ്യ ടെസ്റ്റില്‍ വെറും മൂന്നു ദിവസം കൊണ്ടാണ് ഇന്ത്യ ജയിച്ചുകയറിയത്. ഇന്നിങ്‌സിനും 140 റണ്‍സിനും എതിരാളികളെ ഇന്ത്യ തകര്‍ത്തെറിയുകയായിരുന്നു. ബാറ്റിങിലും ബൗളിങിലും ഒരുപോലെ എതിരാളികള്‍ക്കു മേല്‍ ആധിപത്യം പുലര്‍ത്താനും ഇന്ത്യക്കു സാധിച്ചു.

രണ്ടാം ടെസ്റ്റിലെ 11

ഇന്ത്യ- ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, കെഎല്‍ രാഹുല്‍, സായ് സുദര്‍ശന്‍, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), നിതീഷ് കുമാര്‍ റെഡ്ഡി, രവീന്ദ്ര ജഡേജ (വൈസ് ക്യാപ്റ്റന്‍), വാഷിംഗ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്.

വെസ്റ്റ് ഇന്‍ഡീസ്- ജോണ്‍ കാംബെല്‍, ടാഗ്‌നറൈന്‍ ചന്ദര്‍പോള്‍, അലിക് അതീനേസ്, ടെവിന്‍ ഇംലാക്ക് (വിക്കറ്റ് കീപ്പര്‍), റോസ്റ്റണ്‍ ചേസ് (ക്യാപ്റ്റന്‍), ഷായ് ഹോപ്പ്, ജസ്റ്റിന്‍ ഗ്രീവ്‌സ്, ഖാരി പിയറി, ജോമല്‍ വാരിക്കന്‍, ആന്‍ഡേഴ്‌സന്‍ ഫിലിപ്പ്, ജെയ്ഡന്‍ സീല്‍സ്.

Story first published: Friday, October 10, 2025, 6:29 [IST]
Other articles published on Oct 10, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+