ഡല്‍ഹി: ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ വഴിയെ വെസ്റ്റ് ഇന്‍ഡീസുമായുള്ള രണ്ടാമത്തെയും അവസാനത്തെയും മല്‍സരത്തിലും ഇന്ത്യ ഡ്രൈവിങ് സീറ്റില്‍. വിന്‍ഡീസാവട്ടെ ഫോളോഓണ്‍ ഭീതിയിലുമാണ്. അഞ്ചു വിക്കറ്റിനു 518 റണ്‍സെന്ന കൂറ്റന്‍ സ്‌കോറില്‍ ഇന്ത്യ ഒന്നാമിന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. മറുപടിയില്‍ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ വിന്‍ഡീസ് നാലു വിക്കറ്റിനു 140 റണ്‍സെടുത്തിട്ടുണ്ട്.
ആറു വിക്കറ്റുകള്‍ ബാക്കിനിക്കെ ഇന്ത്യക്കൊപ്പമെത്താന്‍ അവര്‍ക്കു ഇനിയും 378 റണ്‍സ് കൂടി ആവശ്യമാണ്. ഷെയ് ഹോപ്പ് (31*), ടെവിന്‍ ഇംലാക്ക് (14*) എന്നിവരാണ് ക്രീസിലുള്ളത്. ജോണ്‍ കാംബെല്‍ (10) ടാഗെനരെയ്ന്‍ ചന്ദര്‍പോള്‍ (34), അലിക്ക് അത്തെനെസ് (41), ക്യാപ്റ്റന്‍ റോസ്റ്റണ്‍ ചേസ് (0) എന്നിവരുടെ വിക്കറ്റുകളാണ് വിന്‍ഡീസിനു നഷ്ടമായത്.

നേരത്തേ രണ്ടിനു 318 റണ്‍സെന്ന നിലയില്‍ ഇന്നു ബാറ്റിങാരംഭിച്ച ഇന്ത്യയെ 500 കടക്കാന്‍ സഹായിച്ചത് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെ (129*) തകര്‍പ്പന്‍ സെഞ്ച്വറിയാണ്. 196 ബോളില്‍ 16 ഫോറും രണ്ടു സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. യശസ്വി ജയ്‌സ്വാള്‍ (175), നിതീഷ് റെഡ്ഡി (43), ധ്രുവ് ജുറേല്‍ (44) എന്നിവരെ മാത്രമേ വിന്‍ഡീസിനു ഇന്നു പുറത്താക്കാനായുള്ളൂ.
തലേദിവത്തെ വ്യക്തിഗത സ്‌കോറിലേക്കു വെറും രണ്ടു റണ്‍സ് മാത്രമേ ജയ്‌സ്വാളിനു ഇന്നു കൂട്ടിച്ചേര്‍ക്കാനായുള്ളൂ. കളിയാരംഭിച്ച് രണ്ടാം ഓവറില്‍ തന്നെ നിര്‍ഭാഗ്യകകരമായ രീതിയില്‍ അദ്ദേഹം റണ്ണൗട്ടാവുകയായിരുന്നു. നോണ്‍ സ്‌ട്രൈക്കറായ ഗില്ലുമായുള്ള വലിയെരു ആശയക്കുഴപ്പാണ് ഗില്ലിന്റെ വിക്കറ്റ് വീഴ്ചയിലേക്കു നയിച്ചത്. ജയ്‌സ്വാള്‍ മടങ്ങിയെങ്കിലും ക്യാപ്റ്റന്റെ കളി പുറത്തെടുത്ത ഗില്‍ ഈ വര്‍ഷത്തെ അഞ്ചാം ടെസ്റ്റ് സെഞ്ച്വറിയുമായി ടീമിനെ കൂറ്റന്‍ ടോട്ടിലെത്തിക്കുകയായിരുന്നു.
ആദ്യദിനം കെഎല്‍ രാഹുല്‍ (38), സായ് സുദര്‍ശന്‍ (87) എന്നിവരുടെ വിക്കറ്റുകളാണളാണ് ഇന്ത്യക്കു നഷ്ടമായത്. ടോസിനു ശേഷം ബാറ്റിങിനു ഇറങ്ങിയ ഇന്ത്യക്കു ദേപ്പെട്ട തുടക്കമാണ് രാഹുല്‍- ജയ്‌സ്വാള്‍ ജോടി നല്‍കിയത്. വളരെ ശ്രദ്ധയോടെ പതിഞ്ഞ താളത്തിലാണ് ആദ്യത്തെ ഒരു മണിക്കൂറോളം ഇരുവരും ബാറ്റ് ചെയ്തത്. അതിനു ശേഷം സ്‌കോറിങിനു വേഗത കൂട്ടുകയായിരുന്നു.

പതിവിനു വിപരീതമായി ജയ്‌സ്വാളിനേക്കാള്‍ അഗ്രസീവായി കളിച്ചത് രാഹുലാണ്. സ്പിന്നര്‍ ജോമെസല്‍ വാരിക്കനെതിരേ ക്രീസിനു പുറത്തേക്കിറങ്ങി സിക്‌സറിനു ശ്രമിക്കവെയായാണ് വിക്കറ്റ് കീപ്പര്‍ അദ്ദേഹത്തെ സ്റ്റംപ് ചെയ്ത് പുറത്താക്കിയത്. ബോളിന്റെ വമ്പന്‍ ടേണ്‍ അദ്ദേഹത്തിന്റെ കണക്കുകൂട്ടല്‍ തെറ്റിക്കുകയായിരുന്നു. 54 ബോള്‍ നേരിട്ട രാഹുല്‍ അഞ്ചു ഫോറും ഒരു സിക്‌സറുമടിച്ചു.
അതിനു ശേഷം രണ്ടാം വിക്കറ്റില്‍ ജയ്‌സ്വാള്‍- സായ് സുദര്‍ശന്‍ ജോടി 195 റണ്‍സിന്റെ വമ്പന്‍ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയതോടെ ഇന്ത്യ കൂറ്റന്‍ സ്‌കോറും ഉറപ്പിച്ചു. 87 റണ്‍സില്‍ നില്‍ക്കവെയാണ് വാരിക്കന്റെ ബോളില്‍ വിക്കറ്റിനു മുന്നില്‍ കുരുങ്ങി സായ് പുറത്തായത്. 165 ബോളില്‍ 12 ഫോറുള്‍പ്പെട്ടതാണ് സായിയുടെ ഇന്നിങ്‌സ്. ജയ്‌സ്വാള്‍-ഗില്‍ സഖ്യം അപരാജിതമായ മൂന്നാം വിക്കറ്റില്‍ 67 റണ്‍സ് ടീം ടോട്ടലിലേക്കു ചേര്‍ത്തിട്ടുണ്ട്.
പ്ലെയിങ് 11
ഇന്ത്യ- ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, കെഎല്‍ രാഹുല്‍, സായ് സുദര്‍ശന്‍, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), നിതീഷ് കുമാര്‍ റെഡ്ഡി, രവീന്ദ്ര ജഡേജ (വൈസ് ക്യാപ്റ്റന്‍), വാഷിംഗ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്.
വെസ്റ്റ് ഇന്‍ഡീസ്- ജോണ്‍ കാംബെല്‍, ടാഗ്നരൈന്‍ ചന്ദര്‍പോള്‍, അലിക് അതീനേസ്, ടെവിന്‍ ഇംലാക്ക് (വിക്കറ്റ് കീപ്പര്‍), റോസ്റ്റണ്‍ ചേസ് (ക്യാപ്റ്റന്‍), ഷായ് ഹോപ്പ്, ജസ്റ്റിന്‍ ഗ്രീവ്സ്, ഖാരി പിയറി, ജോമല്‍ വാരിക്കന്‍, ആന്‍ഡേഴ്സന്‍ ഫിലിപ്പ്, ജെയ്ഡന്‍ സീല്‍സ്.