ട്രിനിഡാഡ്: ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസ് പൊരുതുന്നു. ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് ടോട്ടലായ 438ന് മറുപടിയില്‍ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ വിന്‍ഡീസ് ഒരു വിക്കറ്റിനു 86 റണ്‍സെന്ന നിലയിലാണ്. ടാഗ്‌നരെയ്ന്‍ ചന്ദ്രര്‍പോളാണ് (33) പുറത്തായത്. നായകന്‍ ക്രെയ്ഗ് ബ്രാത്വെയ്റ്റിനൊപ്പം (37) കിര്‍ക്ക് മക്കെന്‍സിയാണ് ക്രീസിലുള്ളത്.
ഇന്ത്യക്കൊപ്പമെത്താന്‍ വിന്‍ഡീസിനു ഇനിയും 352 റണ്‍സ് കൂടി വേണം. ഓപ്പണിങ് വിക്കറ്റില്‍ ബ്രാത്വെയ്റ്റ്- ടാഗ്‌നരെയ്ന്‍ ജോടി 71 റണ്‍സിന്റെ മികച്ച കൂട്ടുകെട്ടുണ്ടാക്കിയിരുന്നു. എന്നാല്‍ ടാഗ്‌നരെയ്‌നെ പുറത്താക്കി രവീന്ദ്ര ജഡേജ ഇന്ത്യക്കു നിര്‍ണായക ബ്രേക്ക്ത്രൂ നല്‍കുകയായിരുന്നു.
നേരത്തേ ഇന്ത്യ 438ന് പുറത്താവുകയായിരുന്നു. വിരാട് കോലിയുടെ (121) സെഞ്ച്വറിയും രോഹിത് ശര്‍മ (80), രവീന്ദ്ര ജഡേജ (61), യശ്വസി ജയ്‌സ്വാള്‍ (57), ആര്‍ അശ്വിന്‍ (56) എന്നിവരുടെ അര്‍ധ സെഞ്ച്വറി പ്രകടനങ്ങളുമാണ് ഇന്ത്യക്ക് കരുത്തായത്. വെസ്റ്റ് ഇന്‍ഡീസിനായി ജോമല്‍ വാരിക്കന്‍, കെമാര്‍ റോച്ച് എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ പങ്കിട്ടപ്പോള്‍ ജേസന്‍ ഹോള്‍ഡര്‍ രണ്ടും ഷനോന്‍ ഗബ്രിയേല്‍ ഒരു വിക്കറ്റും വീഴ്ത്തി.

നാല് വിക്കറ്റിന് 288 എന്ന നിലയില്‍ രണ്ടാം ദിനം കളി ആരംഭിച്ച ഇന്ത്യക്ക് അടിത്തറ പാകാന്‍ വിരാട് കോലിക്കും രവീന്ദ്ര ജഡേജയ്ക്കുമായി. ആരാധകരുടെ പ്രതീക്ഷ കാത്ത് ഇടവേളക്ക് ശേഷം വിരാട് കോലി ടെസ്റ്റ് സെഞ്ച്വറി നേടി. 206 പന്തുകള്‍ നേരിട്ട് 11 ബൗണ്ടറികള്‍ ഉള്‍പ്പെടെ 121 റണ്‍സ് നേടിയാണ് കോലി പുറത്തായത്. അല്‍സാരി ജോസഫിന്റെ ഡയറക്ട് ത്രോയില്‍ കോലി റണ്ണൗട്ടാവുകയായിരുന്നു.
കോലി മടങ്ങുമ്പോള്‍ അഞ്ചിന് 341 എന്ന ശക്തമായ നിലയിലായിരുന്നു ഇന്ത്യ. 500ാം അന്താരാഷ്ട്ര മത്സരത്തില്‍ സെഞ്ച്വറി നേടുന്ന ആദ്യത്തെ താരമെന്ന റെക്കോഡിലേക്കെത്താന്‍ കോലിക്കായി. കോലിയുടെ 28ാം എവേ സെഞ്ച്വറിയും അന്താരാഷ്ട്ര കരിയറിലെ 76ാം സെഞ്ച്വറിയുമാണിത്.
സച്ചിന്‍ ടെണ്ടുല്‍ക്കറുടെ 100 സെഞ്ച്വറി റെക്കോഡിനോട് ഒരുപടി കൂടി അടുക്കാന്‍ കോലിക്കായി. 500 അന്താരാഷ്ട്ര മത്സരത്തില്‍ നിന്ന് 75 സെഞ്ച്വറിയാണ് സച്ചിന് നേടാനായത്. കണക്കുകള്‍ വിലയിരുത്തുമ്പോള്‍ സച്ചിനെക്കാള്‍ ഒരുപടി മുകളിലാണ് കോലി.
അഞ്ച് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് കോലി വിദേശത്ത് ടെസ്റ്റ് സെഞ്ച്വറി നേടുന്നതെന്നതാണ് എടുത്തു പറയേണ്ടത്. കോലിക്കൊപ്പം മികച്ച പ്രകടനം കാഴ്ചവെച്ച ജഡേജ ടെസ്റ്റില്‍ 19ാം അര്‍ധ സെഞ്ച്വറിയും പൂര്‍ത്തിയാക്കി.
152 പന്ത് നേരിട്ട് 5 ബൗണ്ടറി ഉള്‍പ്പെടെ 61 റണ്‍സുമായാണ് ജഡേജ പുറത്തായത്. കെമാര്‍ റോച്ചിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കിയാണ് ജഡേജയുടെ മടക്കം. വിക്കറ്റ് കീപ്പര്‍ ഇഷാന് കിഷന് തിളങ്ങാനായില്ല. 37 പന്തുകള്‍ നേരിട്ട് 25 റണ്‍സാണ് അദ്ദേഹം നേടിയത്.
നാല് ബൗണ്ടറി നേടിയ താരം മോശം ഷോട്ടിന് ശ്രമിച്ച് കീപ്പര്‍ക്ക് ക്യാച്ച് നല്‍കിയാണ് മടങ്ങിയത്. ജയദേവ് ഉനദ്ഘട്ട് (7) വാരിക്കാന്റെ പന്തില്‍ പുറത്തായി. ക്രീസില്‍ നിന്ന് കയറി കളിച്ച ഉനദ്ഘട്ടിനെ സ്റ്റംപിങ്ങിലൂടെയാണ് മടക്കിയത്. മുഹമ്മദ് സിറാജിനെ (0) വാരിക്കാന്‍ എല്‍ബിയില്‍ കുടുക്കി.
മുകേഷ് കുമാറിനെ കൂട്ടുപിടിച്ച് അശ്വിന്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കി. 78 പന്ത് നേരിട്ട് 8 ബൗണ്ടറി ഉള്‍പ്പെടെ 56 റണ്‍സ് നേടിയ അശ്വിനെ കെമാര്‍ റോച്ച് ക്ലീന്‍ബൗള്‍ഡ് ചെയ്തതോടെ 438 റണ്‍സിന് ഇന്ത്യ ഓള്‍ഔട്ടായി.
ഒന്നാം ദിനം ഇന്ത്യക്കായി രോഹിത് ശര്‍മയും യശ്വസി ജയ്സ്വാളും ചേര്‍ന്ന് ഗംഭീര തുടക്കമാണ് സമ്മാനിച്ചത്.ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് 139 റണ്‍സില്‍ നില്‍ക്കവെ 57 റണ്‍സെടുത്ത ജയ്സ്വാള്‍ പുറത്തായി. 74 പന്ത് നേരിട്ട് 9 ഫോറും 1 സിക്സും പറത്തിയ ജയ്സ്വാളിനെ ജേസന്‍ ഹോള്‍ഡറാണ് പുറത്താക്കിയത്. ആദ്യ മത്സരത്തില്‍ യുവതാരം സെഞ്ച്വറി നേടിയിരുന്നു.
ഒരുവശത്ത് രോഹിത് ശര്‍മ മികവ് തുടര്‍ന്നു. 143 പന്തില്‍ 80 റണ്‍സെടുത്ത രോഹിത്തിനെ ജോമല്‍ വാരിക്കാനാണ് പുറത്താക്കിയത്. 9 ഫോറും 2 സിക്സുമായിരുന്നു രോഹിത് നേടിയത്. മൂന്നാം നമ്പറിലേക്കിറങ്ങിയ ശുബ്മാന്‍ ഗില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഫ്ളോപ്പായി.
12 പന്തില്‍ രണ്ട് ബൗണ്ടറിയടക്കം 10 റണ്‍സാണ് ഗില്‍ നേടിയത്. അതിവേഗം റണ്‍സുയര്‍ത്താന്‍ ശ്രമിച്ച ഗില്ലിനെ കെമാര്‍ റോച്ചാണ് പുറത്താക്കിയത്. നാലാം നമ്പറില്‍ അജിന്‍ക്യ രഹാനെക്കും തിളങ്ങാനായില്ല. 36 പന്ത് നേരിട്ട് 8 റണ്‍സുനേടിയ രഹാനെയെ ഷനോന്‍ ഗബ്രിയേല്‍ ക്ലീന്‍ബൗള്‍ഡാക്കുകയായിരുന്നു.