ബാര്‍ബഡോസ്: ലോകകപ്പ് പടിവാതില്‍ക്കെ എത്തി നില്‍ക്കെ വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്കു ഷോക്ക്. ബാറ്റിങ് ലൈനപ്പില്‍ പരീക്ഷണം നടത്താനുള്ള നീക്കം ദുരന്തത്തില്‍ കലാശിച്ചു. ആറു വിക്കറ്റിന്റെ അട്ടിമറി ജയമാണ് രണ്ടാമങ്കത്തില്‍ വിന്‍ഡീസ് സ്വന്തമാക്കിയത്. ഇതോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ അവര്‍ 1-1നു ഒപ്പമെത്തുകയും ചെയ്തു. ഇന്ത്യയുടെ ഇന്നിങ്സ് കഴിഞ്ഞപ്പോള്‍ തന്നെ വിന്‍ഡീസ് അട്ടിമറി ജയം മണത്തിരുന്നു.
182 റണ്‍സിന്റെ വളരെ ചെറിയ വിജയലക്ഷ്യം മാത്രമാണ് ഇന്ത്യക്കു വിന്‍ഡീസിനു നല്‍കാനായത്. 36.4 ഓവറില്‍ നാലു വിക്കറ്റ് മാത്രം നഷ്ടത്തില്‍ അവര്‍ ലക്ഷ്യത്തിലെത്തുകയു ചെയ്തു. 63 റണ്‍േസോടെ പുറത്താവാതെ നിന്ന നായകന്‍ ഷെയ് ഹോപ്പാണ് വിന്‍ഡീസിന്റെ ടോപ്‌സ്‌കോററര്‍. കെയ്‌സി കാര്‍ട്ടി പുറത്താവാതെ 48 റണ്‍സുമെടുത്തു. ഹോപ്പാണ് പ്ലെയര്‍ ഓഫ് ദി മാച്ച്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ഇന്ത്യക്കു 50 ഓവര്‍ പോലും ക്രീസില്‍ നില്‍ക്കാനായില്ല. 40.5 ഓവറില്‍ വെറും 181 റണ്‍സിനു ഇന്ത്യ കൂടാരംകയറി. ഓപ്പണിങ് വിക്കറ്റില്‍ 90 റണ്‍സെടുത്ത ശേഷമാണ് ശേഷിച്ച 91 റണ്‍സെടുക്കുന്നതിനിടെ 10 വിക്കറ്റുകള്‍ ഇന്ത്യ കളഞ്ഞുകുളിച്ചത്.
തുടരെ രണ്ടാമത്തെ മല്‍സരത്തില്‍ ഓപ്പണറായി ഇറങ്ങി ഫിഫ്റ്റി നേടിയ യുവതാരം ഇഷാന്‍ കിഷനാണ് ഇന്ത്യയുടെ ടോപ്‌സ്‌കോറര്‍. 55 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്. 55 ബോളുകള്‍ നേരിട്ട ഇഷാന്റെ ഇന്നിങ്‌സില്‍ അഞ്ചു ഫോറും ഒരു സിക്‌സറുമുള്‍പ്പെട്ടിരുന്നു. ശുഭ്മന്‍ ഗില്‍ (34), സൂര്യകുമാര്‍ യാദവ് (24) എന്നിവരാണ് ടീമിന്റെ മറ്റു പ്രധാന സ്‌കോറര്‍മാര്‍. ഗില്‍ 49 ബോളില്‍ അഞ്ചു ഫോറുകളടിച്ചപ്പോള്‍ സൂര്യ 25 ബോളില്‍ മൂന്നു ഫോറും നേടി.
മൂന്നാം നമ്പറില്‍ കളിക്കാന്‍ അവസരം ലഭിച്ച സഞ്ജു സാംസണ്‍ (9), നാലാം നമ്പറിലേക്കു പ്രൊമോട്ട് ചെയ്യപ്പെട്ട അക്ഷര്‍ പട്ടേല്‍ (1) എന്നിവര്‍ ബാറ്റിങില്‍ ക്ലിക്കായില്ല. നായകന്‍ ഹാര്‍ദിക് പാണ്ഡ്യ (7), രവീന്ദ്ര ജഡേജ (10), ശര്‍ദ്ദുല്‍ ടാക്കൂര്‍ (16), കുല്‍ദീപ് യാദവ് (8*), ഉമ്രാന്‍ മാലിക്ക് (0), മുകേഷ് കുമാര്‍ (6) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം.
വിന്‍ഡീസ് ബൗളര്‍മാരില്‍ മികച്ചുനിന്നത് ഗുഡകേഷ് മോട്ടിയും റൊമാരിയോ ഷെപ്പേര്‍ഡുമായിരുന്നു. ഇരുവരും മൂന്നു വിക്കറ്റുകള്‍ വീതം പങ്കിട്ടു. അല്‍സാറി ജോസഫിനു രണ്ടു വിക്കറ്റുകളും ലഭിച്ചു.
ടോസ് ലഭിച്ച വിന്‍ഡീസ് നായകന്‍ ഷെയ് ഹോപ്പ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇരുടീമുകളും ആദ്യത്തെ മല്‍സരത്തില്‍ കളിച്ച ടീമില്‍ മാറ്റങ്ങളുമായിട്ടാണ് ഇറങ്ങിയത്. നായകന്‍ രോഹിത് ശര്‍മയ്ക്കും സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിക്കും ഇന്ത്യ വിശ്രമം നല്‍കി. പകരം സഞ്ജു സാംസണും അക്ഷര്‍ പട്ടേലും പ്ലെയിങ് ഇലവനിലേക്കു വരികയായിരുന്നു. ഹിറ്റ്മാന്റെ അഭാനത്തില്‍ ഹാര്‍ദിക്കാണ് ഈ മല്‍സരത്തില്‍ ഇന്ത്യയെ നയിച്ചത്.
ഇതേ വേദിയില്‍ തന്നെ നടന്ന തികച്ചും ഏകപക്ഷീയമായ ആദ്യ ഏകദിനത്തില്‍ വിന്‍ഡീസിനെതിരേ അനായാസ വിജയമായിരുന്നു ഇന്ത്യ സ്വന്തമാക്കിയത്. ബൗളര്‍മാര്‍ കസറിയ പോരാട്ടത്തില്‍ വിന്‍ഡീസിനെ 30 ഓവര്‍ പോലും ബാറ്റ് ചെയ്യിക്കാന്‍ ഇന്ത്യ അനുവദിച്ചില്ല. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട വിന്‍ഡീസ് 23 ഓവറില്‍ വെറും 114 റണ്‍സില്‍ ഓള്‍ഔട്ടാവുകയായിരുന്നു.

നായകനും വിക്കറ്റ് കീപ്പറുമായ ഷെയ് ഹോപ്പിന്റെ (43) ഇന്നിങ്‌സാണ് വിന്‍ഡീസിനെ വലിയ നാണക്കേടില്‍ നിന്നും രക്ഷിച്ചത്. അലിക്ക് അതാനെസ് (22), ബ്രെന്‍ഡന്‍ കിങ് (17) എന്നിവരാണ് രണ്ടക്കത്തിലെത്തിയ മറ്റുള്ളവര്‍. നാലു വിക്കറ്റുകളെടുത്ത കുല്‍ദീപ് യാദവ് നാലും രവീന്ദ്ര ജഡേജ മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി.
റണ്‍ചേസില്‍ ഓപ്പണര്‍ ഇഷാന്‍ കിഷന്റെ (52) ഫിഫ്റ്റി ഇന്ത്യയെ 22.5 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യയെ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. ഇഷാനെ മാറ്റിനിര്‍ത്തിയാല്‍ ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ മറ്റാര്‍ക്കും തിളങ്ങാനായില്ല. മാത്രമല്ല ചെറിയ സ്‌കോര്‍ ചേസ് ചെയ്തിട്ടും അഞ്ചു വിക്കറ്റുകള്‍ നഷ്ടപ്പെടുത്തുകയും ചെയ്തു. ഈ മല്‍സരത്തില്‍ ബാറ്റിങ് നിരയില്‍ നിന്നും കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം ഇന്ത്യക്കു കൂടിയേ തീരൂ.
പ്ലെയിങ് ഇലവന്‍
ഇന്ത്യ- ശുഭ്മന്‍ ഗില്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ഉമ്രാന്‍ മാലിക്ക്, ശര്‍ദ്ദുല്‍ ടാക്കൂര്‍, മുകേഷ് കുമാര്‍.
വെസ്റ്റ് ഇന്‍ഡീസ്- ബ്രെന്‍ഡന്‍ കിങ്, കൈല്‍ മയേഴ്‌സ്, അലിക്ക് അതാനെസ്, ഷെയ് ഹോപ്പ് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ഷിംറോണ്‍ ഹെറ്റ്‌മെയര്‍, കീസി കാര്‍ട്ടി, റൊമാരിയോ ഷെപ്പേര്‍ഡ്, യാനിക് കാരിയ, ഗുഡകേഷ് മോട്ടി, അല്‍സാറി ജോസഫ്, ജയ്ഡസന്‍ സീല്‍സ്.