
ട്രിനിഡാഡ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് ആവേശ ജയം. രണ്ട് വിക്കറ്റിനാണ് ആതിഥേയരെ ഇന്ത്യ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 311 റണ്‍സ് നേടിയപ്പോള്‍ രണ്ട് പന്തും രണ്ട് വിക്കറ്റും ബാക്കിയാക്കി ഇന്ത്യ ജയം നേടുകയായിരുന്നു. തുടര്‍ച്ചയായ രണ്ടാം ജയത്തോടെ മൂന്ന് മത്സര പരമ്പര ഇന്ത്യ സ്വന്തമാക്കി. അക്ഷര്‍ പട്ടേലിന്റെ (35 പന്തില്‍ 64*) വെടിക്കെട്ട് ബാറ്റിങ്ങാണ് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണ്ണായകമായത്. മൂന്ന് ഫോറും അഞ്ച് സിക്‌സും ഉള്‍പ്പെടെ 182ന് മുകളില്‍ സ്‌ട്രൈക്കറേറ്റിലായിരുന്നു അക്ഷറിന്റെ പ്രകടനം.

ശ്രേയസ് അയ്യര്‍ (71 പന്തില്‍ 63) തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഫിഫ്റ്റി നേടി കരുത്തുകാട്ടി. ആദ്യ മത്സരത്തിലെ മോശം പ്രകടനത്തിന് ഫിഫ്റ്റികൊണ്ട് സഞ്ജു സാംസണും മറുപടി നല്‍കി. 51 പന്തില്‍ 54 റണ്‍സാണ് അദ്ദേഹം നേടിയത്. മൂന്ന് വീതം സിക്‌സും ഫോറും ഇതില്‍ ഉള്‍പ്പെടും. ശുബ്മാന്‍ ഗില്‍ (43), ദീപക് ഹൂഡ (33) എന്നിവരും നിര്‍ണ്ണായക റണ്‍സുകള്‍ ഇന്ത്യക്കായി നേടി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസിനെ മികച്ച ടോട്ടലിലേക്കെത്തിച്ചത് ഷായ് ഹോപ്പിന്റെ (115) സെഞ്ച്വറിയാണ്. 100ാം മത്സരത്തിലാണ് ഹോപ്പിന്റെ തകര്‍പ്പന്‍ പ്രകടനം. 135 ബോല്‍ എട്ടു ബൗണ്ടറികളും മൂന്നു സിക്സറും ഇതിലുള്‍പ്പെട്ടിരുന്നു. സിക്സറിലൂടെയായിരുന്നു ഹോപ്പ് തന്റെ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. നായകന്‍ പൂരനാണ് (74) വിന്‍ഡീസിന്റെ മറ്റൊരു പ്രധാന സ്‌കോറര്‍. 77 ബോളില്‍ ആറു സിക്സറും ഒരു ബൗണ്ടറിയും പൂരന്‍ നേടി. കൈല്‍ മയേഴ്സ് (39), ഷമാറ ബ്രൂക്ക്സ് (35), ബ്രെന്‍ഡന്‍ കിങ് (0), റോമന്‍ പവെല്‍ (13), റൊമാരിയോ ഷെഫേര്‍ഡ് (15*), അക്കീല്‍ ഹൊസെയ്ന്‍ (6*) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്‌കോറുകള്‍.

ഇന്ത്യന്‍ ബൗളര്‍മാരില്‍ പേസര്‍മാര്‍ പ്രതീക്ഷയ്ക്കൊത്തുയരാതെ പോയപ്പോള്‍ സ്പിന്നര്‍മാരുടെ പ്രകടനമാണ് റണ്ണൊഴുക്ക് പിടിച്ചനിര്‍ത്തിയത്. ശര്‍ദ്ദുല്‍ ടാക്കൂര്‍ നന്നായി തല്ലു വാങ്ങിയെങ്കിലും മൂന്നു വിക്കറ്റകള്‍ വീഴ്ത്തി. ദീപക് ഹൂഡ, അക്ഷര്‍ പട്ടേല്‍, യുസ്വേന്ദ്ര ചഹല്‍ എന്നിവര്‍ക്കു ഓരോ വിക്കറ്റ് വീതം ലഭിച്ചു. വിന്‍ഡീസിനു മികച്ച തുടക്കമായിരുന്നു ഓപ്പണിങ് ജോടികളായ ഹോപ്പും മയഴ്സും നല്‍കിയത്. ഇന്ത്യയുടെ ന്യൂബോള്‍ ആക്രമണത്തിനു ഇവരെ ഒരു തരത്തിലും സമ്മര്‍ദ്ദത്തിലാക്കാനായില്ല. ഇതോടെ 10ാം ഓവറില്‍ ഹൂഡയെ ശിഖര്‍ ധവാന്‍ പരീക്ഷിച്ചു. ആദ്യ ബോളില്‍ തന്നെ മയേഴ്സിനെ സ്വന്തം ബൗളിങില്‍ പിടികൂടി ഹൂഡ ടീമിനു കാത്തിരുന്ന ബ്രേക്ക്ത്രൂ നല്‍കി (ഒന്നിന് 65).

എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഹോപ്പ്- ബ്രൂക്ക്സ് ജോടി 62 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയതോടെ വിന്‍ഡീസ് 100 കടന്നു. ടീം സ്‌കോര്‍ 127ല്‍ വച്ച് മറ്റൊരു സ്പിന്നറായ അക്ഷര്‍ ഇന്ത്യക്കു രണ്ടാമത്തെ ബ്രേക്ക്ത്രൂ നല്‍കി. ബ്രൂക്ക്സിനെ ധവാന്‍ ക്യാച്ച് ചെയ്യുകയായിരുന്നു. ടീം സ്‌കോറിലക്കു മൂന്നു റണ്‍സ് കൂടി ചേര്‍ക്കുമ്പോഴേക്കും കിങിനെ ചഹല്‍ പുറത്താക്കിയതോടെ വിന്‍ഡീസ് മൂന്നിന് 130. ഇന്ത്യ കളിയിലേക്കു ശക്തമായി തിരിച്ചുവരുമെന്നു കരുതിയ നിമിഷമായിരുന്നു ഇത്. എന്നാല്‍ ഹോപ്പും പൂരനും സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കിയതോടെ വിന്‍ഡീസ് വന്‍ സ്‌കോര്‍ ഉറപ്പിച്ചു. 147 റണ്‍സാണ് ഇരുവരും ചേര്‍ന്നെടുത്തത്. ഇതിനിടെ പൂരന്‍ തന്റെ ഫിഫ്റ്റിയും കണ്ടെത്തിയിരുന്നു.
ടോസ് ലഭിച്ച വിന്‍ഡീസ് നായകന്‍ നിക്കോളാസ് പൂരന്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മല്‍സരത്തിലെ ടീമില്‍ ഒരു മാറ്റവുമായാണ് ഇന്ത്യ ഇറങ്ങിയത്. പ്രസിദ്ധ് കൃഷ്ണയ്ക്കു പകരം ആവേശ് ഖാന്‍ ഈ മല്‍സരത്തിലൂടെ ഇന്ത്യക്കായി അരങ്ങേറി. മറുഭാഗത്തു വിന്‍ഡീസ് ടീമിലും ഒരു

അവസാന ബോളിലേക്കു നീണ്ട ആദ്യ പോരാട്ടത്തില്‍ ഇന്ത്യ കഷ്ടിച്ചു രക്ഷപ്പെടുകയായിരുന്നു. മൂന്നു റണ്‍സിന്റെ വിജയമായിരുന്നു ഇന്ത്യ സ്വന്തമാക്കിയത്. 300ന് മുകളില്‍ റണ്‍സ് സ്‌കോര്‍ ചെയ്തിട്ടും വിജയത്തിനു വേണ്ടി ഇന്ത്യക്കു വിയര്‍ക്കേണ്ടി വന്നു. അതുകൊണ്ടു തന്നെ ബൗളിങില്‍ കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം നടത്തിയാല്‍ മാത്രമേ രണ്ടാമങ്കത്തില്‍ ഇന്ത്യക്കു ജയം കൊയ്യാനാവുകയുള്ളൂ.
ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റിനു 308 റണ്‍സ് സ്‌കോര്‍ ചെയ്തു. നായകന്റെ ഇന്നിങ്സ് കെട്ടഴിച്ച ധവാനാണ് ഇന്ത്യന്‍ ബാറ്റിങിന്റെ നെടുതൂണായത്. അദ്ദേഹം 97 റണ്‍സ് നേടി പുറത്താവുകയായിരുന്നു. 99 ബോളില്‍ 10 ബൗണ്ടറികളും മൂന്നു സിക്സറും ധവാന്റെ ഇന്നിങ്സിലുണ്ടായിരുന്നു. ധവാനെക്കൂടാതെ ഓപ്പണിങ് പങ്കാളി ശുഭ്മാന്‍ ഗില്‍ (64), ശ്രേയസ് അയ്യര്‍ (54) എന്നിവരും ഫിഫ്റ്റികളോടെ തിളങ്ങി. ദീപക് ഹൂഡ 27ഉം അക്ഷര്‍ പട്ടേല്‍ 21ഉം റണ്‍സെടുത്തു. പക്ഷെ അഞ്ചാം നമ്പറില്‍ ഇറങ്ങിയ സഞ്ജു സാംസണിനു 12 റണ്‍സ് മാത്രമേ നേടാനായുള്ളൂ.

പ്ലെയിങ് ഇലവന്‍
ഇന്ത്യ- ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍(വിക്കറ്റ് കീപ്പര്‍), ദീപക് ഹൂഡ, അക്ഷര്‍ പട്ടേല്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, മുഹമ്മദ് സിറാജ്, യുസ്വേന്ദ്ര ചഹല്‍, ആവേശ് ഖാന്‍.
വെസ്റ്റ് ഇന്‍ഡീസ്: ഷെയ് ഹോപ്പ് (വിക്കറ്റ് കീപ്പര്‍), ബ്രെന്‍ഡന്‍ കിങ്, ഷമാറ ബ്രൂക്ക്‌സ്, കൈല്‍ മേയേഴ്‌സ്, നിക്കോളാസ് പൂരന്‍ (ക്യാപ്റ്റന്‍), റോമന്‍ പവല്‍, അക്കീല്‍ ഹൊസൈന്‍, റൊമാരിയോ ഷെപ്പേര്‍ഡ്, അല്‍സാറി ജോസഫ്, ഹെയ്ഡന്‍ വാല്‍ഷ്, ജെയ്ഡന്‍ സീല്‍സ്.