വെസ്റ്റ് ഇന്‍ഡീസുമായുള്ള രണ്ടാം ഏകദിനത്തില്‍ മികച്ച പ്രകടനത്തോടെ തന്റെ സാന്നിധ്യം അറിയിക്കാനുള്ള അവസരം പാഴാക്കിയിരിക്കുകയാണ് സഞ്ജു സാംസണ്‍. വിക്കറ്റ് കീപ്പറായല്ല, മറിച്ച് സ്‌പെഷ്യലിസ്റ്റ് ബാറ്ററായാണ് അദ്ദേഹത്തിനു പ്ലെയിങ് ഇലവനിലേക്കു വിളിയെത്തിയത്. വിരാട് കോലിയുടെ അഭാവത്തില്‍ മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യാനുള്ള സുവര്‍ണാവസരം സഞ്ജുവിനു ലഭിക്കുകയും ചെയ്തു. പക്ഷെ ഇതു അദ്ദേഹത്തിനു മുതലാക്കാനായില്ല. 19 ബോളുകള്‍ നേരിട്ട സഞ്ജുവിനു ഒമ്പതു റണ്‍സ് മാത്രമേ നേടാനായുള്ളൂ.
ഏകദിനത്തില്‍ മൂന്നാം നമ്പറെന്നത് സഞ്ജുവിനു അത്ര അനുയോജ്യമായ ബാറ്റിങ് പൊസിഷന്‍ അല്ലെന്നും അദ്ദേഹത്തെ എവിടെയാണ് കളിപ്പിക്കേണ്ടതെന്നും ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ അഭിനവ് മുകുന്ദ്. ജിയോ സിനിമയുടെ ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാധാരണയായി സഞ്ജു ഏകദിനത്തില്‍ ഈ പൊസിഷനില്‍ അധികം കളിക്കാറില്ല. നാല്, അഞ്ച് പൊസിഷനുകളിലാണ് അദ്ദേഹം കൂടുതലും ബാറ്റ് ചെയ്തിരിക്കുന്നത്. കളിച്ച ഒമ്പതു ഏകദിനങ്ങളില്‍ മധ്യനിരയിലാണ് സഞ്ജു കളിച്ചത്. ഇവിടെ മികച്ച പ്രകടനം കാഴ്ചവയ്ക്കാനുമായിട്ടുണ്ട്. മധ്യനിരയില്‍ ബാറ്റ് ചെയ്ത് ഒമ്പത് ഇന്നിങ്‌സുകളില്‍ 71ന് മുകളില്‍ ശരാശരിയില്‍ സഞ്ജു നേടിയത് 234 റണ്‍സാണ്. അഞ്ചിലും അദ്ദേഹം നോട്ടൗട്ടുമായിരുന്നു.
രണ്ടാം ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ സഞ്ജു സാംസണിനു നേരിടാനായത് വെറും 19 ബോളുകളാണ്. അതിനാല്‍ തന്നെ ഈ ഇന്നിങ്‌സില്‍ നിന്നും നിങ്ങള്‍ക്കു കൂടുതലൊന്നും വായിച്ചെടുക്കാന്‍ കഴിയില്ല. മാത്രമല്ല മൂന്നാം നമ്പറിലാണ് സഞ്ജുവിന് ബാറ്റ് ചെയ്യേണ്ടി വന്നത്. അടുത്ത രണ്ട്- മൂന്നു വര്‍ഷത്തേക്കു അദ്ദേഹത്തിനു ഇനി ഈ സ്ഥാനം ലഭിക്കാനും പോവുന്നില്ല.
സഞ്ജുവിനെ ഒരു താരമെന്ന നിലയില്‍ ഇന്ത്യന്‍ ടീം എവിടെയാണ് കാണുന്നതെന്നു എനിക്കു മനസ്സിലായിട്ടില്ല. അദ്ദേഹത്തെ ഒരു ബാറ്ററായിട്ടാവണം ടീം കാണേണ്ടത്. പിന്നീട് വിക്കറ്റ് കീപ്പറുടെ റോള്‍ നല്‍കുകയും ചെയ്യാം.
സഞ്ജു പ്രാഥമികമായി ഒരു ബാറ്ററാണ്. ഇതുവരെ ലഭിച്ചിരിക്കുന്ന അവസരങ്ങളേക്കാള്‍ കൂടുതല്‍ അദ്ദേഹം അര്‍ഹിക്കുന്നതായി ഞാന്‍ കരുതുന്നു. സഞ്ജുവിനു അതു ലഭിക്കുകയാണെങ്കില്‍ തനിക്കു ഏറ്റവും യോജിക്കുന്ന ബാറ്റിങ് പൊസിഷനില്‍ കളിക്കുകയും വേണം. അതു നാലാം നമ്പറോ, അല്ലെങ്കില്‍ അഞ്ചാം നമ്പറോ ആയിരിക്കാമെന്നും അഭിനവ് മുകുന്ദ് വിലയിരുത്തി.

കഴിഞ്ഞ ഏകദിനത്തില്‍ സൂര്യകുമാര്‍ യാദവിനെ മൂന്നാം നമ്പറില്‍ ഇറക്കി സഞ്ജുവിനെ നാലാം നമ്പറില്‍ ബാറ്റ് ചെയ്യിക്കുമെന്നായിരുന്നു താന്‍ പ്രതീക്ഷിച്ചിരുന്നതെന്നു അദ്ദേഹം വ്യക്തമാക്കി. ശ്രേയസ് അയ്യര്‍ ഫിറ്റല്ലെങ്കില്‍ നാലാം നമ്പറില്‍ സഞ്ജുവിനെ നിങ്ങള്‍ക്കു പരീക്ഷിക്കാവുന്നതാണ്.
അദ്ദേഹം ഈ മല്‍സരത്തില്‍ ആ പൊസിഷനില്‍ ഇറങ്ങുമെന്നായിരുന്നു ഞാന്‍ കരുതിയത്. സൂര്യകുമാറിന് മൂന്നാം നമ്പര്‍ നല്‍കി സഞ്ജുവിന് നാലാംസ്ഥാനം നല്‍കുമെന്നു പ്രതീക്ഷിച്ചിരുന്നു. കാരണം ശ്രേയസ് അയ്യരുടെ സ്ഥാനത്തെക്കുറിച്ചായിരുന്നു ടീമിനു മുന്നിലുള്ള പ്രധാന ചോദ്യം.
പക്ഷെ ടീം മാനേജ്‌മെന്റിനു ഇടംകൈ- വലംകൈ കോമ്പിനേഷനായിരുന്നു വേണ്ടിയിരുന്നത്. എന്നാല്‍ ഈ മല്‍സരത്തില്‍ അതു ക്ലിക്കായില്ലെന്നും മുകുന്ദ് നിരീക്ഷിച്ചു. സൂര്യയെ ആറാം നമ്പറിലേക്കു മാറ്റിയ ഇന്ത്യ ഈ കളിയില്‍ നാലാം നമ്പറില്‍ പരീക്ഷിച്ചത് ഇടംകൈയന്‍ ബാറ്ററും ഓള്‍റൗണ്ടറുമായ അക്ഷര്‍ പട്ടേലിനെയായിരുന്നു. പക്ഷെ ഒരു റണ്‍സ് മാത്രമെടുത്ത് താരം പുറത്തായി.
രണ്ടാം ഏകദിനത്തില്‍ ബാറ്റിങില്‍ ഫ്‌ളോപ്പായി മാറിയതോടെ നിര്‍ണായകമായ മൂന്നാമത്തെയും അവസാനത്തെയും മല്‍സരത്തില്‍ സഞ്ജുവിന് സ്ഥാനം നഷ്ടമായേക്കുമെന്നാണ് സൂനചകള്‍. ചൊവ്വാഴ്ചയാണ് ഇരുടീമുകള്‍ക്കും ഒരുപോലെ നിര്‍ണാകമായ അവസാനത്തെ മല്‍സരം.