ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ടെസ്റ്റ് പരമ്പരയ്ക്കു പിന്നാലെ ഏകദിന പരമ്പരയും ഈ മാസം നടക്കാനിരിക്കുകയാണ്. മൂന്നു മല്‍സരങ്ങളുടെ പരമ്പരയിലാണ് ഇന്ത്യയും വിന്‍ഡീസും കൊമ്പുകോര്‍ക്കുക. ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലായി ഐസിസി ഏകദിന ലോകകപ്പ് നാട്ടില്‍ നടക്കാനിരിക്കുന്നതിനാല്‍ വലിയ ഗൗരവത്തോടെയാണ് ഇന്ത്യ ഈ പരമ്പരയെ നോക്കിക്കാണുന്നത്. അതിനാല്‍ തന്നെ ഏറ്റവും ശക്തമായ ടീമിനെയാണ് ഇന്ത്യ ഇറക്കുന്നത്.
ലോകകപ്പില്‍ ഇന്ത്യയുടെ ടീം സെലക്ഷനിലും ഈ പരമ്പരയിലെ പ്രകടനം വളരെ നിര്‍ണായകമായി മാറും. അതുകൊണ്ടു തന്നെ താരങ്ങളും തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാന്‍ ശ്രമിക്കുമെന്നുറപ്പാണ്. ഈ പരമ്പരയില്‍ ഇന്ത്യക്കു വേണ്ടി കസറാന്‍ സാധ്യതയുള്ള അഞ്ചു താരങ്ങള്‍ ആരൊക്കെയാവുമെന്നു പരിശോധിക്കാം.

സ്പിന്നര്‍ യുസ്വേന്ദ്ര ചഹലാണ് ആദ്യത്തെയാള്‍. ഈ വര്‍ഷം ഇന്ത്യക്കായി വെറും രണ്ടു ഏകദിനങ്ങളില്‍ മാത്രമേ അദ്ദേഹം കളിച്ചിട്ടുള്ളൂ. ഇവയില്‍ നിന്നും നേടിയത് മൂന്നു വിക്കറ്റുകളാണ്. വിന്‍ഡീസുമായുളള പരമ്പരയില്‍ മിന്നുന്ന പ്രകടനം നടത്തി ലോകകപ്പില്‍ തന്റെ സ്ഥാനമുറപ്പിക്കുകയായിരിക്കും ഇനി ചഹലിന്റെ ലക്ഷ്യം.
വിന്‍ഡീസിനെതിരേ വളരെ മികച്ച റെക്കോര്‍ഡാണ് അദ്ദേഹത്തിന്റേത്. 10 മല്‍സരങ്ങളില്‍ നിന്നും 5.4 ഇക്കോണമി റേറ്റില്‍ 20 വിക്കറ്റുകളാണ് ചഹല്‍ കൊയ്തത്. വിന്‍ഡീസിലാവട്ടെ നാലു കളിയില്‍ എട്ടു വിക്കറ്റും പിഴുതു.
പേസര്‍ മുഹമ്മദ് സിറാജാണ് ഏകദിനത്തില്‍ ശ്രദ്ധിക്കേണ്ട ഇന്ത്യയുടെ മറ്റൊരു താരം. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവരുടെ അഭാവത്തില്‍ പരമ്പരയില്‍ പേസ് ബൗളിങിനു ചുക്കാന്‍പിടിക്കുക സിറാജായിരിക്കും. കഴിഞ്ഞ വര്‍ഷമായിരുന്നു അദ്ദേഹം ആദ്യമായി വിന്‍ഡീസ് പര്യടനം നടത്തിയത്. അന്നു മൂന്നു കളിയില്‍ നിന്നും 3.57 ഇക്കോണമി റേറ്റില്‍ അഞ്ചു വിക്കറ്റുകളെടുക്കുകയും ചെയ്തു.
നടക്കാനിരിക്കുന്ന പരമ്പരയിലും തന്റെ പേസും സ്വിങും കൊണ്ട് വിന്‍ഡീസ് ബാറ്റര്‍മാര്‍ക്കു സിറാജ് കുഴപ്പങ്ങള്‍ സൃഷ്ടിക്കും. ഈ വര്‍ഷം ഇന്ത്യക്കുവേണ്ടി എട്ടു ഏകദിനങ്ങളില്‍ നിന്നും 19 വിക്കറ്റുകളാണ് അദ്ദേഹം നേടിയത്. 4.61 എന്ന മികച്ച ഇക്കോണമി റേറ്റിലാണിത്.
സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ് മൂന്നാമത്തെയാള്‍. പരമ്പരയില്‍ ഇന്ത്യയുടെ നിര്‍ണായക താരമായിരിക്കും അദ്ദേഹം. ഈ വര്‍ഷം ഒരു ഏകദിന പരമ്പരയില്‍ മാത്രമേ ജഡ്ഡു കളിച്ചിട്ടുള്ളൂ. ഓസ്‌ട്രേലിയക്കെതിരേ നാട്ടില്‍ നടന്ന മൂന്നു മല്‍സരങ്ങളുടെ പരമ്പരയായിരുന്നു ഇത്. പരിക്കിനെ തുടര്‍ന്നു മാസങ്ങളോളം പുറത്തിരുന്ന ശേഷം ജഡേജയുടെ തിരിച്ചുവരവ് കൂടിയായിരുന്നു ഈ പരമ്പര.
മൂന്നു കളിയില്‍ രണ്ടു വിക്കറ്റുകള്‍ മാത്രമേ അദ്ദേഹത്തിനു ലഭിച്ചുള്ളൂ. ബാറ്റിങിലും കാര്യമായി തിളങ്ങാനായില്ല. വിന്‍ഡീസിനെതിരേ തന്റെ പഴയ ഫോം തിരിച്ചുപിടിക്കാനായിരിക്കും ജഡ്ഡുവിന്റെ ശ്രമം.

മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണാണ് വിന്‍ഡീസിനെതിരേ ഇന്ത്യയുടെ മറ്റൊരു മിന്നുംതാരം. റിഷഭ് പന്തിന്റെയും കെഎല്‍ രാഹുലിന്റെയും അഭാവത്തില്‍ വിക്കറ്റ് കീപ്പറായി സഞ്ജുവിന് നറുക്കുവീഴുമെന്നാണ് കരുതുന്നത്.
അദ്ദേഹത്തെ സംബന്ധിച്ച് ലോകകപ്പിനു ടിക്കറ്റെടുക്കാനുള്ള സുവര്‍ണാവസരം കൂടിയായിരിക്കും ഇത്. കഴിഞ്ഞ നവംബറില്‍ ന്യൂസിലാന്‍ഡ് പര്യടനത്തിലാണ് സഞ്ജു അവസാനമായി ഏകദിനത്തില്‍ കളിച്ചത്.
11 ഏകദിനങ്ങളില്‍ നിന്നും അദ്ദേഹം നേടിയത് 330 റണ്‍സാണ്. 66 എന്ന കിടിലന്‍ ശരാശരിയോടെയാണിത്. കഴിഞ്ഞ വര്‍ഷത്തെ വിന്‍ഡീസ് പര്യടനത്തില്‍ സഞ്ജു ടീമിന്റെ ഭാഗമായിരുന്നു. ശ്രദ്ധേയമായ പ്രകടനം അദ്ദേഹം കാഴ്ചവയ്ക്കുകയും ചെയ്തിരുന്നു. ഇത്തവണയും ഇതാവര്‍ത്തിക്കാനായിരിക്കും സഞ്ജുവിന്റെ ശ്രമം.
യുവ ബാറ്റിങ് സെന്‍സേഷന്‍ ശുഭ്മന്‍ ഗില്ലാണ് ഏകദിന പരമ്പരയില്‍ ശ്രദ്ധിക്കേണ്ട അഞ്ചാമത്തെ താരം. കരിയറിലെ ഏറ്റവും മികച്ച ഫോമില്‍ കളിച്ചുകൊണ്ടിരിക്കുന്ന അദ്ദേഹം വിന്‍ഡീസിനെതിരേയും ഇതാവര്‍ത്തിത്തിക്കാനായിരിക്കും ശ്രമിക്കുക.
ഈ വര്‍ഷം വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ തകര്‍പ്പന്‍ പ്രകടനമാണ് ഗില്‍ നടത്തിയത്. ന്യൂസിലാന്‍ഡുമായി നാട്ടില്‍ നടന്ന ഏകദിന പരമ്പരയില്‍ കരിയറിലെ കന്നി ഡബിള്‍ സെഞ്ച്വറി താരം കുറിച്ചിരുന്നു. ഈ ഇന്നിങ്‌സോടെ ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ താരവുമായി മാറിയിരുന്നു.