മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയ്‌ക്കൊരുങ്ങുകയാണ് ഇന്ത്യന്‍ ടീം. രണ്ട് ടെസ്റ്റും മൂന്ന് ഏകദിനവും അഞ്ച് ടി20യും ഉള്‍പ്പെടെ 10 മത്സരങ്ങളടങ്ങിയ പരമ്പരയാണ് ഇന്ത്യ വെസ്റ്റ് ഇന്‍ഡീസില്‍ കളിക്കുന്നത്. ഏഷ്യാ കപ്പിനും ഏകദിന ലോകകപ്പിനും മുമ്പ് ഇന്ത്യ കളിക്കുന്ന പ്രധാന ടൂര്‍ണമെന്റാണിത്. അതുകൊണ്ടുതന്നെ പരമ്പര തൂത്തുവാരാനുറച്ചാവും ഇന്ത്യയിറങ്ങുക. പരമ്പരയ്ക്കുള്ള ടീമിനെ 27നാണ് പ്രഖ്യാപിക്കുന്നത്.
വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയ്ക്ക് ഇന്ത്യ വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. അതുകൊണ്ടുതന്നെ ഏഷ്യാ കപ്പും ലോകകപ്പും മുന്നില്‍ക്കണ്ടുള്ള ടീമിനെയാവും ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയ്ക്കും പരിഗണിക്കുക. ഇത്തവണ വലിയ താരനിര ഇന്ത്യന്‍ ടീമില്‍ ഇടം പ്രതീക്ഷിക്കുന്നതിനാല്‍ ചില പ്രധാന താരങ്ങളെങ്കിലും തഴയപ്പെട്ടേക്കും. ഇത്തരത്തില്‍ തഴയപ്പെടാന്‍ സാധ്യതയുള്ള അഞ്ച് താരങ്ങളെക്കുറിച്ചറിയാം.
ശിഖര്‍ ധവാനെ ഇന്ത്യ ഇനി പരിഗണിച്ചേക്കില്ല. തിരിച്ചുവരവ് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും മികച്ച യുവ ഓപ്പണര്‍മാര്‍ വളര്‍ന്നുവന്ന സാഹചര്യത്തില്‍ ധവാനെ ഇനി പരിഗണിച്ചേക്കില്ല. ഐപിഎല്ലിലടക്കം തരക്കേടില്ലാത്ത പ്രകടനം ധവാന്‍ നടത്തുന്നുണ്ട്. എന്നാല്‍ പവര്‍പ്ലേ മുതലാക്കാന്‍ അദ്ദേഹത്തിന് സാധിക്കുന്നില്ല. മികച്ച സ്‌ട്രൈക്കറേറ്റില്‍ കളിക്കുന്ന താരത്തെയാണ് ഇന്ത്യ ടീമിലേക്ക് പരിഗണിക്കുന്നത്. റുതുരാജ് ഗെയ്ക് വാദ്, ശുബ്മാന്‍ ഗില്‍, രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍ എന്നിവരെല്ലാം ഓപ്പണന്മാരായുണ്ട്.
അതുകൊണ്ടുതന്നെ ധവാന്‍ ഇനി തിരിച്ചുവരവ് പ്രതീക്ഷിക്കേണ്ട്. രണ്ടാമത്തെ താരം സഞ്ജു സാംസണാണ്. മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പര കളിക്കുമെന്ന റിപ്പോര്‍ട്ട് സജീവമാണ്. ബാക്കപ്പ് വിക്കറ്റ് കീപ്പറായി സഞ്ജുവിനെ പരിഗണിച്ചേക്കുമെന്ന വാര്‍ത്തകള്‍ സജീവമാണെങ്കിലും തഴയപ്പെടാനാണ് സാധ്യത. കാരണം കെ എല്‍ രാഹുല്‍ ഇതിനോടകം ഫിറ്റ്‌നസ് വീണ്ടെടുത്തിട്ടുണ്ട്. എന്‍സിഎയില്‍ അദ്ദേഹം പരിശീലനത്തിലാണ്.

മുഖ്യ വിക്കറ്റ് കീപ്പറായി രാഹുലുണ്ടാവുമെന്നുറപ്പാണ്. അങ്ങനെ വന്നാല്‍ ബാക്കപ്പ് സ്ഥാനത്തിനായി ഇഷാന്‍ കിഷനോട് സഞ്ജുവിന് മത്സരിക്കേണ്ടി വരും. സെലക്ടര്‍മാര്‍ സഞ്ജുവിനെക്കാളും പിന്തുണ ഇഷാന് നല്‍കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അങ്ങനെ വരുമ്പോള്‍ സഞ്ജു തഴയപ്പെടാനുള്ള സാധ്യതകള്‍ കൂടുതലാണ്. ടി20യിലേക്ക് സഞ്ജുവിനെ പരിഗണിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
പേസ് ഓള്‍റൗണ്ടര്‍ ദീപക് ചഹാറിനും ഏകദിന ടീമില്‍ ഇടം ലഭിച്ചേക്കില്ല. താരത്തിനെ ടി20യിലേക്ക് മാത്രമാവും പരിഗണിക്കുകയെന്നതാണ് റിപ്പോര്‍ട്ട്. ഐപിഎല്ലില്‍ സിഎസ്‌കെ താരമാണ് ദീപക്. ഇത്തവണയും ഭേദപ്പെട്ട പ്രകടനം നടത്തിയ താരം ന്യൂബോളില്‍ വിക്കറ്റ് വീഴ്ത്താന്‍ മിടുക്കനാണ്. എന്നാല്‍ റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ പിശുക്കില്ല. അതുകൊണ്ടുതന്നെ ഇന്ത്യ തഴഞ്ഞേക്കും.
ഇന്ത്യയുടെ സ്പിന്‍ ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറും ഇടം പ്രതീക്ഷിക്കേണ്ട. നിലവില്‍ ഇന്ത്യക്ക് അക്ഷര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ എന്നിവര്‍ സ്പിന്‍ ഓള്‍റൗണ്ടര്‍മാരായുണ്ട്. സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി കുല്‍ദീപ് യാദവും യുസ് വേന്ദ്ര ചഹാലുമുണ്ട്. ഫിറ്റ്‌നസ് പ്രശ്‌നത്തെത്തുടര്‍ന്ന് കുറച്ചുനാളുകളായി പുറത്തുള്ള വാഷിങ്ടണ്‍ സുന്ദറിനെയും ഇന്ത്യ തഴയാനുള്ള സാധ്യതയാണ് കൂടുതല്‍.
യശ്വസി ജയ്‌സ്വാളിന് വിന്‍ഡീസ് പരമ്പരയിലേക്ക് വിളിയെത്തുമെന്ന റിപ്പോര്‍ട്ടുകള്‍ സജീവമാണ്. എന്നാല്‍ ഏകദിന പരമ്പരയില്‍ അദ്ദേഹത്തിന് ഇടം ലഭിക്കാന്‍ സാധ്യത കുറവാണ്. ടെസ്റ്റിലേക്ക് ജയ്‌സ്വാളിനെ പരിഗണിക്കുമെന്നാണ് സൂചന. ഏകദിനത്തില്‍ രോഹിത് ശര്‍മ കളിക്കാതിരുന്നാല്‍ ഇഷാന്‍ കിഷന്‍ ഓപ്പണറായി എത്തിയേക്കും. ബാക്കപ്പ് താരമായി യശ്വസി ജയ്‌സ്വാളിനെ പരിഗണിച്ചേക്കില്ല. പകരം റുതുരാജ് ഗെയ്ക് വാദിനാവും അവസരം ലഭിക്കുക.
റുതുരാജ് ക്ലാസിക് ശൈലിയില്‍ റണ്‍സുയര്‍ത്തുന്ന താരമാണ്. മൂന്ന് ഫോര്‍മാറ്റിലേക്കും ഇന്ത്യ പരിഗണിക്കുന്ന താരമാണ് റുതുരാജ്. ഇതിന് മുമ്പ് അവസരം നല്‍കിയപ്പോള്‍ മികവ് കാട്ടാന്‍ റുതുരാജിന് സാധിച്ചിരുന്നില്ല. എന്നാല്‍ വീണ്ടും ഇന്ത്യ റുതുരാജിന് അവസരം നല്‍കാനാണ് സാധ്യത. അങ്ങനെ വന്നാല്‍ ഏകദിന ടീമിലേക്കെത്താന്‍ യശ്വസി ജയ്‌സ്വാളിന് ഇനിയും കാത്തിരിക്കേണ്ടി വരും.