IND vs WI: രോഹിത്തിനൊപ്പം സഞ്ജു ഓപ്പണര്‍? സാധ്യത തള്ളിക്കളയാനാവില്ല! മുന്‍ സെലക്ടര്‍ പറയുന്നു
മുംബൈ: ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പരമ്പരക്ക് നാളെ ആരംഭമാവുകയാണ്. രണ്ട് മത്സരങ്ങളടങ്ങുന്ന ടെസ്റ്റ് പരമ്പരയാണ് ആദ്യം നടക്കുന്നത്. അതിന് ശേഷം മൂന്ന് മത്സരങ്ങളടങ്ങുന്ന ഏകദിന പരമ്പരയും പിന്നീട് അഞ്ച് മത്സര ടി20 പരമ്പരയും ഇരു ടീമും തമ്മില്‍ കളിക്കുന്നുണ്ട്. പരിമിത ഓവര്‍ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു സാംസണും ഉള്‍പ്പെട്ടിട്ടുണ്ട്. ഏകദിന ലോകകപ്പ് വരാനിരിക്കെ ഏകദിനത്തിലെ സഞ്ജുവിന്റെ പ്രകടനത്തെ പ്രതീക്ഷയോടെയാണ് എല്ലാവരും കാണുന്നത്.
സഞ്ജുവിന് മധ്യനിരയില്‍ അവസരം ലഭിക്കാനാണ് സാധ്യത. റിഷഭ് പന്ത് ഏകദിന ലോകകപ്പ് കളിക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായിട്ടുള്ള സാഹചര്യത്തില്‍ സഞ്ജുവിന് ഇന്ത്യ കൂടുതല്‍ പിന്തുണ നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇഷാന്‍ കിഷനും വിക്കറ്റ് കീപ്പറായി ഇന്ത്യക്കൊപ്പമുണ്ട്. ഏകദിനത്തില്‍ സഞ്ജുവിന്റെ ബാറ്റിങ് പൊസിഷന്‍ എവിടെയാണെന്നത് സംബന്ധിച്ച് ആശയക്കുഴപ്പമുണ്ട്. ഇന്ത്യ മധ്യനിരയിലാണ് സഞ്ജുവിനെ പരിഗണിക്കുന്നതെങ്കിലും അദ്ദേഹം ടോപ് ഓഡര്‍ ബാറ്റ്‌സ്മാനാണ്.

ഓപ്പണര്‍, മൂന്നാം നമ്പര്‍, നാലാം നമ്പര്‍ എന്നീ ബാറ്റിങ് പൊസിഷനാണ് സഞ്ജുവിന് കൂടുതല്‍ ചേരുന്നതെന്ന് പറയാം. ഇപ്പോഴിതാ വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ രോഹിത് ശര്‍മക്കൊപ്പം സഞ്ജു സാംസണിനെ ഓപ്പണറായി കണ്ടാലും അത്ഭുതപ്പെടാനാവില്ലെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ചീഫ് സെലക്ടറായ എംഎസ്‌കെ പ്രസാദ്. 'സൂര്യകുമാര്‍ യാദവ് ഇന്ത്യന്‍ ടീമിലുണ്ട്. സൂര്യയും സഞ്ജുവും തമ്മില്‍ സ്ഥാനത്തിനായി മത്സരിക്കുന്നുണ്ടെന്ന് തോന്നുന്നില്ല.
സഞ്ജു ടോപ് ഓഡര്‍ ബാറ്റ്‌സ്മാനും സൂര്യ മധ്യനിരയില്‍ 4,5 പൊസിഷനില്‍ ബാറ്റുചെയ്യുന്നവനുമാണ്. സഞ്ജു സാംസണെ രോഹിത് ശര്‍മക്കൊപ്പം ഓപ്പണിങ്ങില്‍ കണ്ടാലും അത്ഭുതപ്പെടാനാവില്ല. സഞ്ജുവും സൂര്യയും തമ്മില്‍ മത്സരം നടക്കുന്നില്ലെന്നാണ് കരുതുന്നത്. സഞ്ജുവും ടീമിലെ മറ്റ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനുമായാണ് പോരാട്ടം നടക്കുന്നത്'-ഖേല്‍ നൗവിനോട് സംസാരിക്കവെ പ്രസാദ് പറഞ്ഞു. എന്നാല്‍ സഞ്ജു ഓപ്പണിങ്ങിലെത്താന്‍ യാതൊരു സാധ്യതയുമില്ല.
ശുബ്മാന്‍ ഗില്‍ ഇന്ത്യന്‍ ടീമിനൊപ്പമുണ്ട്. അതുകൊണ്ടുതന്നെ രോഹിത് ശര്‍മക്കൊപ്പം ശുബ്മാന്‍ ഗില്‍ ഓപ്പണറായി എത്തുമെന്ന് ഏറെക്കുറെ ഉറപ്പാണ്. ഏഷ്യാ കപ്പും ഏകദിന ലോകകപ്പും വരാനിരിക്കെ ഇപ്പോള്‍ ഇന്ത്യ ഒരു കാരണവശാലും ഓപ്പണിങ് കൂട്ടുകെട്ട് പൊളിക്കില്ല. രോഹിത്-ഗില്‍ കൂട്ടുകെട്ട് നന്നായി പോകുന്നുണ്ട്. ഗില്ലിന് കളിക്കാന്‍ സാധിക്കാതെ വന്നാല്‍ ഇഷാന്‍ കിഷന് ഇന്ത്യ മുഖ്യ പരിഗണന നല്‍കാനാണ് സാധ്യത. സഞ്ജുവിന് ഓപ്പണിങ്ങില്‍ അവസരം ലഭിക്കാനുള്ള യാതൊരു സാധ്യതയുമില്ല.
സഞ്ജുവിന് അഞ്ചാം നമ്പറിലോ നാലാം നമ്പറിലോ അവസരം ലഭിക്കാനാണ് സാധ്യത കൂടുതല്‍. രോഹിത്-ശുബ്മാന്‍ ഓപ്പണിങ്ങിന് ശേഷം മൂന്നാം നമ്പറില്‍ വിരാട് കോലിക്കാണ് അവസരം. നാലാം നമ്പറില്‍ ശ്രേയസ് അയ്യരുടെ അഭാവത്തില്‍ സഞ്ജുവിന് അവസരം ലഭിച്ചേക്കും. അഞ്ചാം നമ്പറില്‍ സൂര്യകുമാര്‍ യാദവിനെ ഇന്ത്യ പിന്തുണക്കാനാണ് സാധ്യത. ഏകദിനത്തില്‍ വലിയ സ്ഥിരത കാട്ടാന്‍ സൂര്യക്കായിട്ടില്ല. എന്നാല്‍ വമ്പനടിക്കാരനായ സൂര്യയെ ലോകകപ്പ് മുന്നില്‍ക്കണ്ട് ഇന്ത്യ പിന്തുണച്ചേക്കും.
റുതുരാജ് ഗെയ്ക്‌വാദിന് ടീമില്‍ സ്ഥാനമുണ്ടെങ്കിലും പ്ലേയിങ് 11ലേക്കെത്താന്‍ സാധ്യത കുറവാണ്. സഞ്ജുവിന് ഇനിയുള്ള എല്ലാ മത്സരങ്ങളും വളരെ പ്രധാനപ്പെട്ടതാണ്. വെസ്റ്റ് ഇന്‍ഡീസ് പരമ്പരയില്‍ തിളങ്ങാനായാല്‍ ഏഷ്യാ കപ്പിനുള്ള ടീമില്‍ സഞ്ജുവിന് സീറ്റുറപ്പാണ്. ഏഷ്യാ കപ്പിലും തിളങ്ങിയാല്‍ ശ്രീശാന്തിന് ശേഷം ഇന്ത്യക്കായി ലോകകപ്പ് കളിക്കുന്ന രണ്ടാമത്തെ മലയാളി താരമാവാന്‍ സഞ്ജുവിന് സാധിക്കും. ഏകദിനത്തിലും ടി20യിലും ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരവ് നടത്താന്‍ സഞ്ജുവിന് സാധിച്ചിട്ടുണ്ട്.
സഞ്ജുവിന്റെ ഭാവി തീരുമാനിക്കപ്പെടുന്ന പരമ്പരയാണിത്. മികച്ച പ്രകടനം കാഴ്ചവെച്ചാല്‍ ലോകകപ്പിലടക്കം കളിക്കാന്‍ സഞ്ജുവിനാവും. നിരാശപ്പെടുത്തിയാല്‍ ഇനിയൊരു തിരിച്ചുവരവ് പ്രയാസമാവും. ഇന്ത്യക്കായി 11 ഏകദിനം കളിച്ച സഞ്ജു 330 റണ്‍സാണ് നേടിയത്. 66 ശരാശരിയില്‍ കളിച്ച അദ്ദേഹം രണ്ട് അര്‍ധ സെഞ്ച്വറിയും നേടിയെടുത്തിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications