വെസ്റ്റ് ഇന്‍ഡീസുമായുള്ള മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ തകര്‍പ്പന്‍ ഫിഫ്റ്റിയുമായി ഇന്ത്യയുടെ വമ്പന്‍ ജയത്തില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ സഞ്ജു സാംസണിനായിരുന്നു. ഈ പ്രകടനത്തിന്റെ പേരില്‍ ആരാധകരും മുന്‍ താരങ്ങളുമെല്ലാം അദ്ദേഹത്തെ പ്രശംസിക്കുമ്പോഴും ഒരു വിഭാഗം ആരാധകര്‍ സഞ്ജുവിനെ രൂക്ഷമായി വിമര്‍ശിക്കുകയാണ്.
സോഷ്യല്‍ മീഡിയയിലാണ് അദ്ദേഹം വലിയ വിമര്‍ശനങ്ങള്‍ നേരിടുന്നത്. തുടരെ രണ്ടു വിക്കറ്റുകള്‍ നഷ്ടമായി ഇന്ത്യ സ്തബ്ധരായി നില്‍ക്കവെയായിരുന്നു സഞ്ജു നാലാമനായി ക്രീസിലെത്തിയത്. കളിയില്‍ പിടിമുറുക്കാന്‍ വിന്‍ഡീസ് ബൗളര്‍മാര്‍ ശ്രമിക്കവെ കൗണ്ടര്‍ അറ്റാക്കിങ് ഗെയിം പുറത്തെടുത്ത് സഞ്ജു അവരെ വിറപ്പിക്കുകയായിരുന്നു.

നേരിട്ട രണ്ടാമത്തെ ബോളില്‍ തന്നെ സിക്‌സറിച്ചായിരുന്നു അദ്ദേഹം എതിരാളികള്‍ക്കു ആദ്യത്തെ മുന്നറിയിപ്പ് നല്‍കിയത്. പിന്നീട് മോശം ബോളുകളെയൊന്നും സഞ്ജു വെറുതെവിട്ടില്ല. തൊട്ടുമുമ്പത്തെ മല്‍സരത്തില്‍ അമിത പ്രതിരോധത്തിലൂന്നി കളിച്ച് സഞ്ജു ലെഗ് സ്പിന്നര്‍ക്കു വിക്കറ്റ് സമ്മാനിച്ച് മടങ്ങുകയായിരുന്നു. ഒമ്പതു റണ്‍സ് മാത്രമാണ് അദ്ദേഹത്തിനു നേടാനായത്.
പക്ഷെ കഴിഞ്ഞ മല്‍സരത്തില്‍ വിന്‍ഡീസിന്റെ ഒരു സ്പിന്നറെയും സഞ്ജു വെറുതെവിട്ടില്ല. തനിക്കു മേല്‍ അവര്‍ ആധിപത്യം നേടുംമുമ്പ് അദ്ദേഹം അവര്‍ക്കുമേല്‍ ആധിപത്യം സ്ഥാപിക്കുകയായിരുന്നു. സ്പിന്നര്‍മാര്‍ക്കെതിരേ മനോഹരമായ സിക്‌സറുകള്‍ സഞ്ജു പറത്തുകയും ചെയ്തു.
മൂന്നാം വിക്കറ്റില്‍ ശുഭ്മന്‍ ഗില്ലിനോടൊപ്പം 69 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയതിനു ശേഷമായിരുന്നു സഞ്ജു ക്രീസ് വിട്ടത്. റൊമാരിയോ ഷെപ്പേര്‍ഡ് എറിഞ്ഞ 32ാം ഓവറില്‍ തേര്‍ഡ് മാനിലേക്കു ഷോട്ട് കളിച്ച ശേഷമായിരുന്നു ഡബിള്‍ ഓടിയെടുത്ത് അദ്ദേഹം ഫിഫ്റ്റി പൂര്‍ത്തിയാക്കിയത്.
39 ബോളുകളില്‍ നിന്നായിരുന്നു ഇത്. സഞ്ജുവിന്റെ മൂന്നാമത്തെ ഏകദിന ഫിഫ്റ്റി കൂടിയായിരുന്നു. പക്ഷെ ഫിഫ്റ്റി തികച്ച് ഇതേ ഓവറില്‍ തന്നെ ഷിംറോണ്‍ ഹെറ്റ്‌മെയര്‍ക്കു ഒരു സിംപിള്‍ ക്യാച്ച് നല്‍കി സഞ്ജു പുറത്താവുകയായിരുന്നു.
മികച്ചൊരു ഫിഫ്റ്റി നേടിയിട്ടും അതു വലിയൊരു ഇന്നിങ്‌സാക്കി മാറ്റാന്‍ സഞ്ജുവിനു സാധിക്കാതെ പോയതിനെയാണ് ചിലര്‍ ആരാധകര്‍ വിമര്‍ശിച്ചിരിക്കുന്നത്. സഞ്ജു സാംസണ്‍ വിക്കറ്റ് വലിച്ചെറിഞ്ഞിരിക്കുകയാണ്. ഇതാണ് അദ്ദേഹത്തിന്റെ പ്രധാന പ്രശ്‌നം.
ശുഭ്മന്‍ ഗില്‍ വളരെ മികച്ച കളിക്കാരനാണ്. ഈ ചെറിയ പ്രായത്തിലും നല്ല പക്വതയുമുണ്ട്. പക്ഷെ സഞ്ജുവിനു ഇപ്പോഴും പക്വതയില്ല. നിങ്ങളുടെ സ്‌ട്രോക്ക് പ്ലേയെ ബഹുമാനിക്കു ബൗളര്‍മാരെയും ബഹുമാനിക്കൂ, ഇതു ഏകദിനമാണെന്നായിരുന്നു ഒരു വിമര്‍ശനം.

ഈ മല്‍സരത്തില്‍ വിക്കറ്റ് നഷ്ടപ്പെടുത്തിയ രീതിയില്‍ സഞ്ജു സാസണിനു വലിയ നിരാശയുണ്ടാവും. ക്രീസില്‍ വളരെ നന്നായി നിലയുറപ്പിക്കുകയും ഫിഫ്റ്റി പ്ലസ് നേടുകയും ചെയ്തിട്ടും അതു വലിയൊരു സകോറാക്കി മാറ്റാന്‍ അദ്ദേഹത്തിനായില്ലെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.
ലോകകപ്പിനു മുമ്പ് ഏകദിനത്തിന്റെ കഴിവ് തെളിയിക്കാന്‍ സഞ്ജു സാംസണിനു ലഭിച്ച അവസാനത്തെ അവസരമായിരുന്നു ഇത്. ഫിഫ്റ്റി നേടിയെങ്കിലും അതു ടീം മാനേജ്‌മെന്റിനെ അത്ര തൃപ്തിപ്പെടുത്തില്ല. മാത്രമല്ല ഫിഫ്റ്റിക്കു തൊട്ടുപിന്നാലെ വിക്കറ്റ് വലിച്ചെറിഞ്ഞത് സഞ്ജുവിന്റെ ഉത്തരവാദിത്വമില്ലായ്മയാണ് കാണിക്കുന്നത്.
ഒരുപാട് ഓവറുകള്‍ ബാക്കിനില്‍ക്കെ എന്തിനായിരുന്നു അത്തരമൊരു റിസ്‌ക്കി ഷോട്ട് അദ്ദേഹം കളിച്ചത്? നാലാം നമ്പറെന്നത് ഏകദിനത്തില്‍ വളരെ നിര്‍ണായകമായ പൊസിഷനാണ്. ഇവിടെ ബാറ്റ് ചെയ്യുന്നയാള്‍ കുറേക്കൂടി പക്വതയും ഉത്തരവാദിത്വവും കാണിക്കണം. പക്ഷെ സഞ്ജുവിന്റെ ഭാഗത്തു നിന്നും അതു കാണാന്‍ സാധിച്ചില്ലെന്നും ആരാധകര്‍ കുറ്റപ്പെടുത്തി.