മുംബൈ: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് പരമ്പരക്ക് പിന്നാലെ ഏകദിന, ടി20 പരമ്പരകളാണ് വരാനിരിക്കുന്നത്. ഈ വര്‍ഷം ഏകദിന ലോകകപ്പ് വരാനിരിക്കെ ഏകദിന പരമ്പരക്ക് പ്രാധാന്യമേറെ. മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയാണ് ഇന്ത്യ വിന്‍ഡീസില്‍ കളിക്കുന്നത്. കരുത്തുറ്റ താരനിരയുമായാണ് ഇന്ത്യ പരമ്പരക്കിറങ്ങുന്നത്. എന്നാല്‍ ഇന്ത്യയെ ആശയക്കുഴപ്പത്തിലാക്കുന്നത് ഒരു ബാറ്റിങ് പൊസിഷനാണ്.
അത് മധ്യനിരയിലെ നാലാം നമ്പറാണ്. ഓപ്പണിങ്ങില്‍ രോഹിത് ശര്‍മയും ശുബ്മാന്‍ ഗില്ലും ഇറങ്ങുമ്പോള്‍ മൂന്നാം നമ്പറില്‍ വിരാട് കോലിക്ക് സീറ്റുറപ്പ്. നാലാം നമ്പറില്‍ ആരെന്നതാണ് പ്രധാന ചോദ്യമായി ഉയരുന്നത്. കെ എല്‍ രാഹുലും ശ്രേയസ് അയ്യരും തിരിച്ചെത്തുമ്പോള്‍ അവര്‍ തമ്മില്‍ നാലാം നമ്പറിനായാവും പോരടിക്കുക. നിലവിലെ സാഹചര്യത്തില്‍ സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍ എന്നിവരാണ് നാലാം നമ്പറില്‍ നോട്ടമിട്ട് മത്സരിക്കുന്നത്.
ഇതില്‍ നാലാം നമ്പറില്‍ ബാറ്റു ചെയ്യാന്‍ ഏറ്റവും അനുയോജ്യനാരാണ്? ഏകദിനത്തിലെ കണക്കുകള്‍ നിരത്തി താരതമ്യം ചെയ്യാം. സഞ്ജു സാംസണിന്റെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ നാലാം നമ്പറില്‍ അദ്ദേഹം ബെസ്റ്റാണ്. നാലാം നമ്പറില്‍ ബാറ്റു ചെയ്ത് അനുഭവസമ്പന്നനായ താരമാണ് സഞ്ജു. ആഭ്യന്തര ക്രിക്കറ്റില്‍ നാലാം നമ്പറില്‍ കളിച്ചിട്ടുള്ള സഞ്ജുവിന് ഇന്ത്യ നാലാം നമ്പര്‍ വിശ്വസിച്ച് നല്‍കാം. പതിയെ നിലയുറപ്പിച്ച് തന്റെ സ്വാഭാവിക ശൈലിയിലേക്കുയരാന്‍ സഞ്ജുവിന് സാധിച്ചേക്കും.
ഇന്ത്യക്കായി ഏകദിനത്തില്‍ 10 ഇന്നിങ്‌സിലാണ് സഞ്ജു ബാറ്റുചെയ്തത്. നേടിയത് 66 ശരാശരിയില്‍ 330 റണ്‍സും. രണ്ട് അര്‍ധ സെഞ്ച്വറി നേടിയ സഞ്ജുവിന്റെ ഉയര്‍ന്ന സ്‌കോര്‍ 86 റണ്‍സാണ്. 104.76 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റും അദ്ദേഹത്തിനുണ്ട്. ബാറ്റിങ് ഓഡറില്‍ ഒരുപാട് പിന്നോട്ടിറക്കുന്നതിലും നല്ലത് സഞ്ജുവിനെ നാലാം നമ്പറില്‍ കളിപ്പിക്കുന്നതാണ്.
കൂടുതല്‍ ഓവറുകള്‍ കളിക്കാന്‍ ലഭിച്ചാല്‍ വലിയ സ്‌കോറിലേക്കെത്താന്‍ സഞ്ജുവിനാവും. ആഭ്യന്തര ക്രിക്കറ്റില്‍ ഏകദിന ഫോര്‍മാറ്റില്‍ ഇരട്ട സെഞ്ച്വറി നേടിയിട്ടുള്ള താരമാണ് സഞ്ജു.

രണ്ടാമത്തെ താരം ഇഷാന്‍ കിഷനാണ്. ഇടം കൈയന്‍ താരമായ ഇഷാന്‍ പൊതുവേ ടോപ് ഓഡറിലാണ് കളിക്കുന്നത്. ഇന്ത്യ ബാക്കപ്പ് ഓപ്പണറായും വിക്കറ്റ് കീപ്പറായും പരിഗണിക്കുന്ന താരമാണ് ഇഷാന്‍. ഇന്ത്യക്കായി മധ്യനിരയിലിറങ്ങി വലിയ അനുഭവസമ്പത്ത് ഇഷാനില്ല. ഇന്ത്യക്കായി 13 ഏകദിന ഇന്നിങ്‌സില്‍ നിന്ന് 42.50 ശരാശരിയില്‍ 510 റണ്‍സാണ് ഇഷാന്‍ നേടിയത്. മൂന്ന് അര്‍ധ സെഞ്ച്വറികളും ഒരു സെഞ്ച്വറിയും അദ്ദേഹത്തിന്റെ പേരിലുണ്ട്. ബംഗ്ലാദേശിനെതിരേ ഇരട്ട സെഞ്ച്വറിയും നേടാന്‍ ഇഷാന് സാധിച്ചിട്ടുണ്ട്.
106.02 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ട്. ഇടം കൈയന്‍ ബാറ്റ്‌സ്മാനാണെന്നതാണ് ഇഷാന് മുന്‍തൂക്കം ലഭിക്കുന്ന കാര്യം. ടോപ് ഓഡറിലെ മൂന്ന് പേരും വലം കൈയന്‍മാരാണ്. അതുകൊണ്ടുതന്നെ നാലാമനായി ഇടം കൈയനെ ഇന്ത്യ ആവശ്യപ്പെടുന്നു. രോഹിത് ശര്‍മയുടെ വിശ്വസ്തനായ താരങ്ങളിലൊരാളാണ് ഇഷാന്‍. അതുകൊണ്ടുതന്നെ ഇഷാന് നാലാം നമ്പറിലേക്ക് നറുക്കുവീഴാനുള്ള സാധ്യതകള്‍ തള്ളിക്കളയാനാവില്ല.
മൂന്നാമത്തെ താരം സൂര്യകുമാര്‍ യാദവാണ്. ആധുനിക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാനാണ് സൂര്യകുമാര്‍ യാദവ്. മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ട് പായിക്കാന്‍ കഴിവുള്ള സൂര്യകുമാര്‍ 21 ഇന്നിങ്‌സില്‍ നിന്ന് 433 റണ്‍സാണ് ഇന്ത്യക്കായി നേടിയത്. 24.05 ആണ് ശരാശരി.
രണ്ട് അര്‍ധ സെഞ്ച്വറി നേടിയ സൂര്യയുടെ ഉയര്‍ന്ന സ്‌കോര്‍ 64 റണ്‍സാണ്. 102.12 ആണ് സൂര്യയുടെ സ്‌ട്രൈക്ക് റേറ്റ്. ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ ഹാട്രിക് ഗോള്‍ഡന്‍ ഡെക്കുമായി സൂര്യ നാണംകെട്ടിരുന്നു.