IND vs WI: സഞ്ജു രണ്ടും കല്‍പ്പിച്ച്, പരിശീലനത്തില്‍ സിക്‌സറുകളില്ല! പുതിയ തന്ത്രം വൈറല്‍
പോര്‍ട്ട് ഓഫ് സ്‌പെയിന്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരക്ക് പിന്നാലെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയും അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയും ഇന്ത്യ കളിക്കുന്നുണ്ട്. ഏകദിന ലോകകപ്പ് വരാനിരിക്കെ ഏകദിന പരമ്പര ഇന്ത്യയെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാണ്. വിന്‍ഡീസ് പരമ്പരക്ക് പിന്നാലെ തന്നെ ഏഷ്യാ കപ്പ് ഇന്ത്യയെ കാത്തിരിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഏഷ്യാ കപ്പിനുള്ള ടീം തിരഞ്ഞെടുപ്പിനെ വിന്‍ഡീസ് പരമ്പരയിലെ പ്രകടനം സ്വാധീനിക്കുമെന്നുറപ്പ്.
സഞ്ജു സാംസണ്‍ ഏകദിന, ടി20 പരമ്പരയ്ക്കുള്ള ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഏഷ്യാ കപ്പിലും ഏകദിന ലോകകപ്പിലും ഇടം പ്രതീക്ഷിക്കുന്ന സഞ്ജുവിന് വിന്‍ഡീസ് പരമ്പരയില്‍ അത്യുജ്ജ്വല പ്രകടനം കാഴ്ചവെക്കേണ്ടതായുണ്ട്. അതുകൊണ്ടുതന്നെ ശക്തമായ മുന്നൊരുക്കത്തോടെയാണ് മലയാളി താരം പരമ്പരക്കിറങ്ങുന്നത്. ജിമ്മില്‍ ചങ്ങലകള്‍ ഉപയോഗിച്ച് സഞ്ജു നടത്തുന്ന പരിശീലനത്തിന്റെ വീഡിയോ വൈറലായിരുന്നു. ഡബ്ല്യുഡബ്ല്യുഇ താരം ജോണ്‍സീനയോടാണ് സഞ്ജുവിനെ താരതമ്യപ്പെട്ടത്.
ഇപ്പോഴിതാ ഏകദിന പരമ്പരക്ക് മുന്നോടിയായുള്ള സഞ്ജുവിന്റെ ബാറ്റിങ് പരിശീലന വീഡിയോയും വൈറലായിരിക്കുകയാണ്. പൊതുവേ വലിയ ഷോട്ടുകള്‍ കളിക്കാന്‍ ഇഷ്ടപ്പെടുന്ന താരമാണ് സഞ്ജു. അതുകൊണ്ടുതന്നെ പരിശീലന സമയത്തും സഞ്ജു വലിയ ഷോട്ടുകള്‍ കളിക്കാനാണ് ശ്രമിക്കാറുള്ളത്. എന്നാല്‍ ഇപ്പോള്‍ സഞ്ജുവിന്റെ പരിശീലനം തികച്ചും വ്യത്യസ്തമായ രീതിയിലാണ്. മണിക്കൂറുകളോളം ഗ്രൗണ്ട് ഷോട്ട് മാത്രം കളിച്ചാണ് മലയാളി താരം പരിശീലനം നടത്തിയത്.
സഞ്ജുവിന് ശ്രദ്ധ നേടിക്കൊടുത്തത് ആക്രമണോത്സക ബാറ്റിങ്ങാണ്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നായകസ്ഥാനത്തേക്ക് സഞ്ജുവിനെ എത്തിച്ചതും ആരാധക പിന്തുണ നേടിക്കൊടുത്തതും ഇതേ വെടിക്കെട്ട് ശൈലിയാണ്. എന്നാല്‍ സഞ്ജുവിന്റെ പ്രധാന ദൗര്‍ബല്യവും ഇതേ ആക്രമണോത്സക ശൈലിയാണെന്ന് പറയാം. സ്ഥിരത കണ്ടെത്താന്‍ സഞ്ജുവിന് സാധിക്കാത്തതിനാല്‍ അദ്ദേഹത്തിന് ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ സാധിച്ചിട്ടില്ല.

അടിച്ചു കളിക്കാന്‍ ശ്രമിക്കുമ്പോഴാണ് കൂടുതല്‍ തവണയും സഞ്ജു പുറത്താവുന്നത്. വെസ്റ്റ് ഇന്‍ഡീസ് പരമ്പരയില്‍ ഫ്‌ളോപ്പായാല്‍ സഞ്ജുവിന് ഏഷ്യാ കപ്പില്‍ സീറ്റു നേടുക പ്രയാസമായി മാറും. അതുകൊണ്ടുതന്നെ വിന്‍ഡീസ് പരമ്പര അദ്ദേഹത്തെ സംബന്ധിച്ച് നിലനില്‍പ്പിന്റെ പോരാട്ടമാണ്. വെടിക്കെട്ട് നടത്തി വിക്കറ്റ് തുലക്കുന്നതിന് പകരമായി കരുതലോടെ മുന്നോട്ട് പോവുകയെന്ന ശൈലിയാണ് സഞ്ജു പരീക്ഷിക്കാനൊരുങ്ങുന്നത്.
ഇതിന്റെ ഭാഗമായാണ് അദ്ദേഹം ഗ്രൗണ്ട് ഷോട്ടുകള്‍ കളിച്ച് പരിശീലനം നടത്തുന്നത്. വിന്‍ഡീസ് പരമ്പരയില്‍ കെ എല്‍ രാഹുലും ശ്രേയസ് അയ്യരും ഇല്ലാത്തതിനാല്‍ നാലാം നമ്പറിലോ അഞ്ചാം നമ്പറിലോ സഞ്ജുവിന് നറുക്കു വീണേക്കും. ഇന്ത്യക്കായി ടി20യില്‍ അവസരം ലഭിച്ചപ്പോഴൊന്നും സഞ്ജുവിന് തിളങ്ങാനായിരുന്നില്ല. എന്നാല്‍ ഏകദിനത്തില്‍ സഞ്ജു കിട്ടിയ അവസരങ്ങളെല്ലാം മുതലാക്കി.
11 മത്സരത്തില്‍ നിന്ന് 66 ശരാശരിയില്‍ 330 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. ഇതില്‍ രണ്ട് ഫിഫ്റ്റിയും ഉള്‍പ്പെടും. 86 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഇഷാന്‍ കിഷനെക്കാളും മികച്ച വിക്കറ്റ് കീപ്പറാണ് സഞ്ജു. എന്നാല്‍ ഇടം കൈയന്‍ ബാറ്റ്‌സ്മാനെന്ന നിലയില്‍ സഞ്ജുവിനെക്കാളും മുന്‍തൂക്കം ഇഷാന് ലഭിക്കുന്നു. ബംഗ്ലാദേശിനെതിരേ ഇരട്ട സെഞ്ച്വറി കൂടി നേടിയതോടെ സഞ്ജുവിനെക്കാള്‍ ഒരുപടി മുന്നില്‍ നില്‍ക്കാന്‍ ഇഷാന് സാധിക്കുന്നു.
രാഹുല്‍ തിരിച്ചെത്തിയാല്‍ ബാക്കപ്പ് വിക്കറ്റ് കീപ്പറായി ഇഷാനാവും അവസരം ലഭിക്കുക. സഞ്ജു റിസര്‍വ് പട്ടികയിലേക്ക് പോകും. ഇഷാനെ മറികടന്ന് മുന്നോട്ടെത്താന്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ സഞ്ജുവിന് തകര്‍പ്പന്‍ പ്രകടനം നടത്താന്‍ സാധിക്കണം. അല്ലാത്ത പക്ഷം ഏഷ്യാ കപ്പ്, ഏകദിന ലോകകപ്പ് എന്നിവയിലെ സീറ്റ് സഞ്ജുവിന് മറക്കാം. അതുകൊണ്ടുതന്നെ സഞ്ജുവിനെ സംബന്ധിച്ച് വിന്‍ഡീസ് പരമ്പര നിലനില്‍പ്പിന്റെ പ്രശ്‌നമാണ്. മികച്ച മുന്നൊരുക്കത്തിന്റെ ഫലം സഞ്ജുവിന് കളത്തില്‍ കാട്ടാനാവുമെന്ന് തന്നെ പ്രതീക്ഷിക്കാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications