മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഇടവേള പൂര്‍ത്തിയാക്കി വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയ്ക്കുള്ള തയ്യാറെടുപ്പ് ഇന്ത്യ ആരംഭിച്ചിരിക്കുകയാണ്. രണ്ട് മത്സര ടെസ്റ്റ്, മൂന്ന് മത്സര ഏകദിനം, അഞ്ച് മത്സര ടി20 പരമ്പരകളാണ് ഇന്ത്യ കളിക്കുന്നത്. ഏഷ്യാ കപ്പിനും ഏകദിന ലോകകപ്പിനും മുമ്പ് ഇന്ത്യ കളിക്കുന്ന പ്രധാന പരമ്പരയാണിത്. അതുകൊണ്ടുതന്നെ വലിയ പ്രാധാന്യം ഇന്ത്യ ഈ പരമ്പരയ്ക്ക് നല്‍കുന്നു.
ഏകദിന ഫോര്‍മാറ്റില്‍ മികവുകാട്ടുകയെന്നതാണ് പ്രധാനപ്പെട്ടത്. അതുകൊണ്ടുതന്നെ വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പര തൂത്തുവാരാനുറച്ചാവും ഇന്ത്യയിറങ്ങുക. ഇതിനോടകം ടീമിനെ പ്രഖ്യാപിച്ച് കഴിഞ്ഞു. ആരൊക്കെയാവും പ്ലേയിങ് 11ലേക്കെത്തുകയെന്നതാണ് ഇനി അറിയേണ്ടത്. ഇന്ത്യ പരിഗണിക്കാന്‍ സാധ്യതയുള്ള പ്ലേയിങ് 11 പരിശോധിക്കാം.
ഓപ്പണിങ്ങില്‍ രോഹിത് ശര്‍മയും ശുബ്മാന്‍ ഗില്ലും തുടരും. പ്രധാനപ്പെട്ട ടൂര്‍ണമെന്റുകള്‍ വരാനിരിക്കെ ഇരുവരുടെയും കൂട്ടുകെട്ടിന് ഇന്ത്യ വലിയ പ്രാധാന്യം നല്‍കുന്നു. പരമാവധി മത്സരങ്ങളില്‍ ഇവര്‍ക്ക് അവസരം നല്‍കി മികച്ച ധാരണയിലേക്കെത്തിക്കണം. അതുകൊണ്ടുതന്നെ ഈ കൂട്ടുകെട്ട് തുടര്‍ന്നേക്കും. നയിക്കാന്‍ രോഹിത് ശര്‍മയുണ്ടാവുമെന്നുറപ്പാണ്. രോഹിത്തിന് പരീക്ഷണങ്ങള്‍ നടത്തി മികച്ച ടീമിനെ സൃഷ്ടിക്കാനുള്ള അവസാന അവസരമാണിതെന്ന് പറയാം.
മൂന്നാം നമ്പറില്‍ വിരാട് കോലി തുടരും. ഇന്ത്യയുടെ ബാറ്റിങ് നട്ടെല്ലായ കോലിയുടെ സമീപകാല പ്രകടനങ്ങളെല്ലാം ഭേദപ്പെട്ടതാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ബാറ്റിങ്ങില്‍ ഇന്ത്യക്ക് പ്രതീക്ഷകളേറെ. നാലാം നമ്പറിലാണ് ആശയക്കുഴപ്പം. ഏറെ നാളായി ഇന്ത്യയെ കുഴപ്പത്തിലാക്കുന്ന പൊസിഷനാണിത്. സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍ എന്നിവരാണ് ഈ സ്ഥാനം നോട്ടമിടുന്നത്. കെ എല്‍ രാഹുലും ശ്രേയസ് അയ്യരും ഇതേ സ്ഥാനം നോട്ടമിടുന്നവരാണ്. പക്ഷെ ഇപ്പോള്‍ പരിക്കേറ്റ് പുറത്താണ്.

സഞ്ജു, സൂര്യകുമാര്‍ എന്നിവരിലൊരാള്‍ എന്ന നിലയിലേക്കെത്തുമ്പോള്‍ ഇന്ത്യ സൂര്യക്കൊപ്പം നിന്നേക്കും. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ നായകനായ മുംബൈ ഇന്ത്യന്‍സിന്റെ താരമാണ് സൂര്യകുമാര്‍. ഇത് സൂര്യക്ക് മുന്‍തൂക്കം നല്‍കും. ടി20യില്‍ സൂര്യയുടെ സ്ഥാനം ആര്‍ക്കും ചോദ്യം ചെയ്യാനാവില്ല. എന്നാല്‍ ഏകദിനത്തില്‍ അവസരം ലഭിച്ചപ്പോള്‍ പ്രതീക്ഷിച്ച പ്രകടനമല്ല നടത്തുന്നത്. അവസാന ഓസീസ് പരമ്പരയില്‍ മൂന്ന് തവണ താരം ഗോള്‍ഡന്‍ ഡെക്കായിരുന്നു.
അഞ്ചാം നമ്പറില്‍ ഇഷാന്‍ കിഷനെത്തും. വിക്കറ്റ് കീപ്പറായി ഇഷാനെയായിരിക്കും പരിഗണിക്കുക. ടീമില്‍ മറ്റ് ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍മാരില്ലാത്തതിനാല്‍ ഇന്ത്യ ഇഷാന് മുന്‍തൂക്കം നല്‍കും. സാധാരണ ടോപ് ഓഡറില്‍ കളിക്കുന്ന ഇഷാനെ ഇത്തവണ അഞ്ചാം നമ്പറിലേക്ക് പരീക്ഷിക്കാനാണ് സാധ്യത. റിഷഭ് പന്തിന്റെ അഭാവം നികത്താന്‍ മധ്യനിരയില്‍ മികച്ചൊരു ഇടം കൈയന്‍ ബാറ്റ്‌സ്മാനെ ഇന്ത്യക്ക് പരിഗണിക്കേണ്ടതായുണ്ട്.
അതുകൊണ്ടുതന്നെ ഇഷാന്‍ ആ സ്ഥാനത്തേക്കെത്തിയേക്കും. ആറാം നമ്പറില്‍ ഹര്‍ദിക് പാണ്ഡ്യയുണ്ടാവും. ടീമിന്റെ വൈസ് ക്യാപ്റ്റനായ ഹര്‍ദിക് 10 ഓവര്‍ പന്തെറിയാന്‍ സാധ്യതയില്ല. ഹര്‍ദിക്കിന്റെ ഫിറ്റ്‌നസ് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഏഴാം നമ്പറില്‍ രവീന്ദ്ര ജഡേജയെത്തുമ്പോള്‍ എട്ടാം നമ്പറില്‍ അക്ഷര്‍ പട്ടേലും ഇടം നേടും. രണ്ടുപേരും സ്പിന്‍ ഓള്‍റൗണ്ടര്‍മാരാണ്. സമീപകാലത്തായി മികച്ച ബാറ്റിങ് പ്രകടനവും കാഴ്ചവെക്കുന്നുണ്ട്.
പേസ് നിരയില്‍ ഓള്‍റൗണ്ടര്‍ ശര്‍ദുല്‍ ഠാക്കൂര്‍, മുഹമ്മദ് സിറാജ്, ജയദേവ് ഉനദ്ഘട്ട് എന്നിവര്‍ക്കാവും അവസരം ലഭിക്കാന്‍ സാധ്യത. ഉമ്രാന്‍ മാലിക്കിനെ പരിഗണിക്കാന്‍ സാധ്യതയില്ല. ഇടം കൈയന്‍ പേസറുടെ അഭാവമുള്ളതിനാല്‍ ഉനദ്ഘട്ടിന് വിളിയെത്താനാണ് സാധ്യത കൂടുതല്‍. വെസ്റ്റ് ഇന്‍ഡീസിന്റെ സമീപകാല പ്രകടനങ്ങളെല്ലാം മോശമാണ്. അതുകൊണ്ടുതന്നെ ഇന്ത്യക്ക് കാര്യങ്ങള്‍ അല്‍പ്പം കൂടി എളുപ്പമാവും. പക്ഷെ തട്ടകത്തില്‍ വിന്‍ഡീസിനെ ഭയക്കുക തന്നെ ചെയ്യണം.