ഫ്‌ളോറിഡ: വെസ്റ്റ് ഇന്‍ഡീസിനെതിരായ അഞ്ചാം ടി20യിലും സഞ്ജു സാംസണ്‍ നിരാശപ്പെടുത്തിയിരിക്കുകയാണ്. അഞ്ചാമനായി ബാറ്റു ചെയ്യാനിറങ്ങിയ സഞ്ജു 9 പന്ത് നേരിട്ട് 13 റണ്‍സുമായാണ് പുറത്തായത്. റൊമാരിയോ ഷിഫേര്‍ഡിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ നിക്കോളാസ് പുരാന് അനായാസ ക്യാച്ച് നല്‍കിയാണ് സഞ്ജുവിന്റെ മടക്കം. 12, 7, 13 എന്നിങ്ങനെയാണ് വിന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ സഞ്ജുവിന്റെ സ്‌കോര്‍. രണ്ട് മത്സരത്തില്‍ ബാറ്റു ചെയ്യാന്‍ അവസരം ലഭിച്ചില്ല.
നിര്‍ണ്ണായകമായ അഞ്ചാം മത്സരത്തില്‍ ഇന്ത്യയുടെ ഹീറോയാവാന്‍ സഞ്ജുവിന് അവസരമുണ്ടായിരുന്നെങ്കിലും മുതലാക്കാന്‍ സാധിക്കാതെ പോയി. എന്നാല്‍ ബാറ്റിങ്ങില്‍ നിരാശപ്പെടുത്തിയെങ്കിലും വലിയൊരു നാഴികക്കല്ല് പിന്നിടാന്‍ മലയാളി താരത്തിന് സാധിച്ചിരിക്കുകയാണ്. ടി20യില്‍ 6000 റണ്‍സ് ക്ലബ്ബില്‍ പേരു ചേര്‍ത്തിരിക്കുകയാണ് സഞ്ജു. ഇതോടെ വിരാട് കോലി ഉള്‍പ്പെടുന്ന എലൈറ്റ് ക്ലബ്ബിലേക്കാണ് സഞ്ജു എത്തിപ്പെട്ടിരിക്കുന്നത്.
അഞ്ചാം ടി20യില്‍ ഈ നേട്ടത്തിലേക്കെത്താന്‍ 2 റണ്‍സായിരുന്നു സഞ്ജുവിന് വേണ്ടിയിരുന്നത്. ഇത് നേടിയതോടെയാണ് അദ്ദേഹം ഈ വമ്പന്‍ പട്ടികയിലേക്കെത്തിയിരിക്കുന്നത്. ഈ പട്ടികയുടെ തലപ്പത്ത് വിരാട് കോലിയാണ്. 374 ടി20കളില്‍ നിന്നായി 11965 റണ്‍സാണ് കോലി നേടിയത്. രോഹിത് ശര്‍മ 11035 റണ്‍സോടെ രണ്ടാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ 9645 റണ്‍സോടെ ശിഖര്‍ ധവാന്‍ മൂന്നാം സ്ഥാനത്താണുള്ളത്. മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്‌ന 8654 റണ്‍സോടെ നാലാം സ്ഥാനത്താണുള്ളത്.
റോബിന്‍ ഉത്തപ്പ (7272), എംഎസ് ധോണി (7271), ദിനേഷ് കാര്‍ത്തിക് (7081), കെ എല്‍ രാഹുല്‍ (7066), മനീഷ് പാണ്ഡെ (6810), സൂര്യകുമാര്‍ യാദവ് (6608), ഗൗതം ഗംഭീര്‍ (6402), അമ്പാട്ടി റായിഡു (6028) എന്നിവരാണ് സഞ്ജുവിന് മുന്നിലുള്ളത്. സൂപ്പര്‍ താരങ്ങള്‍ ഉള്‍പ്പെടുന്ന ഈ പട്ടികയിലേക്ക് പേരുചേര്‍ക്കാന്‍ സഞ്ജുവിനായി എന്നത് വലിയ കാര്യമാണ്. എന്നാല്‍ ഇന്ത്യന്‍ ടീമിനൊപ്പം സഞ്ജുവിന്റെ ടി20 റണ്‍സ് വളരെ കുറവാണ്. 18 ആണ് സഞ്ജുവിന്റെ ശരാശരി.

ഐപിഎല്ലിലൂടെയാണ് സഞ്ജു കൂടുതലും റണ്‍സ് നേടിയിരിക്കുന്നത്. അതുകൊണ്ടുതന്നെ സഞ്ജുവിന്റെ ഈ വലിയ നേട്ടത്തിന് കൈയടിക്കുക പ്രയാസം. 2014ലാണ് സഞ്ജുവിന് ഇന്ത്യന്‍ ടീമിലേക്ക് ആദ്യമായി വിളിയെത്തിയത്. എന്നാല്‍ 2015ലാണ് അരങ്ങേറ്റത്തിനുള്ള അവസരം ലഭിച്ചത്. പക്ഷെ ഇന്ത്യയുടെ മറ്റ് യുവതാരങ്ങള്‍ക്ക് ലഭിച്ചതുപോലെ സ്ഥിരമായൊരു ബാറ്റിങ് പൊസിഷനോ തുടര്‍ അവസരങ്ങളോ സഞ്ജുവിന് ലഭിച്ചില്ല.
റിഷഭ് പന്ത്, ഇഷാന്‍ കിഷന്‍ എന്നിവര്‍ക്കെല്ലാം ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് വലിയ പിന്തുണയും ആവശ്യത്തിന് അവസരവും നല്‍കിയപ്പോഴും സഞ്ജുവിന് നേരെ കണ്ണടച്ചു. 23 ടി20 മാത്രമാണ് സഞ്ജു ഇന്ത്യക്കായി കളിച്ചത്. നേടിയത് 346 റണ്‍സും. 18 ആണ് നിലവിലെ അദ്ദേഹത്തിന്റെ ബാറ്റിങ് ശരാശരി. എന്നാല്‍ 152 ഐപിഎല്ലില്‍ നിന്ന് 3888 റണ്‍സാണ് സഞ്ജു നേടിയത്.
ഡല്‍ഹി ക്യാപിറ്റല്‍സ്, രാജസ്ഥാന്‍ റോയല്‍സ് ടീമിനായാണ് സഞ്ജു കളിച്ചത്. മൂന്ന് സെഞ്ച്വറിയും 20 അര്‍ധ സെഞ്ച്വറിയും സഞ്ജു ഐപിഎല്ലില്‍ നേടി. എന്നാല്‍ ഇന്ത്യക്കായി ടി20യില്‍ നേടിയത് ഒരു അര്‍ധ സെഞ്ച്വറി മാത്രമാണ്. അതേ സമയം 13 ഏകദിനത്തില്‍ നിന്ന് 55.71 ശരാശരിയില്‍ 390 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്. ഇതില്‍ മൂന്ന് ഫിഫ്റ്റിയും ഉള്‍പ്പെടും.
അടുത്ത വര്‍ഷം ടി20 ലോകകപ്പ് നടക്കാന്‍ പോവുകയാണ്. സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കുന്ന കാര്യം സംശയമാണ്. വെസ്റ്റ് ഇന്‍ഡീസ് പരമ്പര മുതലാക്കിയിരുന്നെങ്കില്‍ സഞ്ജുവിന് പ്രതീക്ഷ നിലനിര്‍ത്താമായിരുന്നു. എന്നാല്‍ അതിന് സാധിക്കാതെ പോയതിലൂടെ സഞ്ജു സ്വന്തം വാതില്‍ കൊട്ടി അടക്കുകയാണ് ചെയ്തിരിക്കുന്നത്. വെസ്റ്റ് ഇന്‍ഡീസ് പരമ്പരക്ക് ശേഷം നടക്കുന്ന അയര്‍ലന്‍ഡ് പരമ്പരയിലും സഞ്ജു സാംസണിന് ടീമിലിടമുണ്ട്.
പ്ലേയിങ് 11 ഇന്ത്യ- യശ്വസി ജയ്‌സ്വാള്‍, ശുബ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ (c), സഞ്ജു സാംസണ്‍, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചഹാല്‍, മുകേഷ് കുമാര്‍
വെസ്റ്റ് ഇന്‍ഡീസ്- കെയ്ല്‍ മെയേഴ്‌സ്, ബ്രണ്ടന്‍ കിങ്, ഷായ് ഹോപ് (c), നിക്കോളാസ് പുരാന്‍, റോവ്മാന്‍ പവല്‍, ഷിംറോന്‍ ഹെറ്റ്‌മെയര്‍, റോസ്ടന്‍ ചേസ്, റൊമാരിയോ ഷിഫേര്‍ഡ്, ജേസന്‍ ഹോള്‍ഡര്‍, അക്കീല്‍ ഹൊസീന്‍