മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ തോല്‍വി ഇന്ത്യന്‍ ടീമിനെയും ആരാധകരേയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്. വമ്പന്മാരുടെ നിരയായിട്ടും വെസ്റ്റ് ഇന്‍ഡിസിനോട് ടി20 പരമ്പര നേടാന്‍ സാധിക്കാതെ പോയത് ഇന്ത്യക്ക് വലിയ നാണക്കേട് തന്നെയാണ്. രാഹുല്‍ ദ്രാവിഡ് എന്ന പരിശീലകനും ഹാര്‍ദിക് പാണ്ഡ്യയെന്ന ക്യാപ്റ്റനും ചേര്‍ന്ന് നടത്തിയ പദ്ധതികളും പരീക്ഷണങ്ങളുമെല്ലാം പാളുകയായിരുന്നു. ഏഷ്യാ കപ്പ്, ഏകദിന ലോകകപ്പ്, ടി20 ലോകകപ്പ് എന്നീ ടൂര്‍ണമെന്റുകള്‍ വരാന്‍ പോവുകയാണ്.
ദ്രാവിഡിന്റെ പദ്ധതികള്‍ക്ക് കീഴില്‍ ഇന്ത്യക്ക് പ്രതീക്ഷിച്ച മുന്നേറ്റം സാധ്യമാവുന്നില്ല. ഇപ്പോഴിതാ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരക്ക് പിന്നാലെ ഹാര്‍ദിക് പാണ്ഡ്യയേയും രാഹുല്‍ ദ്രാവിഡിനേയും വിമര്‍ശിക്കുകയാണ് ആരാധകര്‍. ഇരുവരേയും പുറത്താക്കണമെന്നാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്. നിലവിലെ ഇന്ത്യയുടെ പരിശീലകരെയെല്ലാം പറഞ്ഞുവിടണമെന്നാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്. ടി20 ജയിക്കാന്‍ ടി20 കളിച്ച് അനുഭവസമ്പത്തുള്ള പരിശീലകനെ കൊണ്ടുവരണം.
ദ്രാവിഡ് ടി20യില്‍ വലിയ അനുഭവസമ്പത്തോ റെക്കോഡോ ഇല്ലാത്ത താരമാണ്. അതുകൊണ്ടുതന്നെ ദ്രാവിഡിനെപ്പോലൊരാള്‍ക്ക് കീഴില്‍ പരിശീലനം നടത്തിയാല്‍ ഇന്ത്യക്ക് ലോകകപ്പ് കിരീടത്തിലേക്കെത്താന്‍ സാധിച്ചേക്കില്ലെന്നാണ് ആരാധകര്‍ പറയുന്നത്. ടി20യില്‍ ടീമിനെ ജയിപ്പിക്കേണ്ടത് എങ്ങനെയെന്ന് ദ്രാവിഡിന് അറിയില്ല. ഉള്ള ബഹുമാനം നഷ്ടപ്പെടുത്താതെ അദ്ദേഹം ടി20 പരിശീലകസ്ഥാനത്ത് നിന്ന് മാറ്റണം. അല്ലാത്ത പക്ഷം ഇന്ത്യക്ക് വലിയ ടി20 ടൂര്‍ണമെന്റുകള്‍ ജയിക്കാനാവില്ല.
എംഎസ് ധോണി, യുവരാജ് സിങ്, വീരേന്ദര്‍ സെവാഗ്, ഗൗതം ഗംഭീര്‍ എന്നിവരിലൊരാള്‍ക്ക് ടി20 ടീമിന്റെ പരിശീലക ചുമതല നല്‍കണമെന്നാണ് ആരാധകര്‍ പറയുന്നത്. എന്നാല്‍ മൂന്ന് ഫോര്‍മാറ്റിലും ഒരു പരിശീലകനെന്ന നിലപാടാണ് ബിസിസിഐക്കുള്ളത്. മികച്ച പ്ലേയിങ് 11 സൃഷ്ടിക്കാനോ സംതുലിതമായ ടീമിനെ കണ്ടെത്താനോ ദ്രാവിഡിന് സാധിക്കുന്നില്ല. അതുകൊണ്ടുതന്നെ ദ്രാവിഡിനെ പരിശീലകസ്ഥാനത്ത് നിന്ന് മാറ്റണമെന്നാണ് ആരാധകര്‍ പറയുന്നത്.

ഹാര്‍ദിക് പാണ്ഡ്യയേയും രാഹുല്‍ ദ്രാവിഡിനേയും പുറത്താക്കണം. വിരാട് കോലിയെ ടി20 ടീമിലേക്ക് തിരിച്ചെത്തിക്കണം. സഞ്ജു സാംസണെ ടി20 ടീമില്‍ നിന്ന് പുറത്താക്കണം. അശ്വിനെ ഏഷ്യാ കപ്പ്, ഏകദിന ടീമിലേക്ക് പരിഗണിക്കുകയും ചെയ്യണമെന്നാണ് ആരാധകര്‍ പറയുന്നത്. ഇന്ത്യയുടെ ബാറ്റിങ് കരുത്ത് ഉയര്‍ത്തേണ്ടതായുണ്ട്. വിന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍ ഇന്ത്യയുടെ ബാറ്റിങ് പ്രകടനമാണ് ഏറ്റവും നിരാശപ്പെടുത്തിയത്.
ഹാര്‍ദിക് പാണ്ഡ്യ നായകനെന്ന നിലയിലും ഓള്‍റൗണ്ടറെന്ന നിലയിലും തീര്‍ത്തും നിരാശപ്പെടുത്തുകയാണ്. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ അരങ്ങേറ്റ സീസണില്‍ത്തന്നെ ചാമ്പ്യനാക്കിയ ക്യാപ്റ്റനാണ് ഹാര്‍ദിക്. അവസാന സീസണില്‍ ഫൈനലിലും ടീമിനെ എത്തിക്കാന്‍ ഹാര്‍ദിക്കിനായി. എന്നാല്‍ ഇന്ത്യന്‍ ടീമിലേക്കെത്തുമ്പോള്‍ ഹാര്‍ദിക്കിന് ഈ മികവ് ആവര്‍ത്തിക്കാന്‍ കഴിയുന്നില്ല. അവസാന 10 ടി20 ഇന്നിങ്‌സില്‍ നിന്ന് ഒരു തവണ മാത്രമാണ് 30 പ്ലസ് സ്‌കോര്‍ നേടാന്‍ ഹാര്‍ദിക്കിനായത്.
ന്യൂബോളില്‍ ബൗളിങ്ങിന് എത്തുമ്പോഴും വലിയ ഇംപാക്ട് സൃഷ്ടിക്കാന്‍ ഹാര്‍ദിക്കിന് സാധിക്കുന്നില്ല. ക്യാപ്റ്റനായ ശേഷം ഹാര്‍ദിക്കിന്റെ പ്രകടനം താഴോട്ട് പോവുകയാണെന്ന് പറയാം. രോഹിത് ശര്‍മക്ക് ശേഷം ഇന്ത്യ പരിമിത ഓവറിലെ നായകനായി വളര്‍ത്തുന്നത് ഹാര്‍ദിക് പാണ്ഡ്യയെയാണ്. എന്നാല്‍ ടീമിനെ മുന്നില്‍ നിന്ന് നയിക്കുന്ന നായകനാവാന്‍ ഹാര്‍ദിക്കിനാവുന്നില്ല. ഇന്ത്യന്‍ ടീമിനുള്ളില്‍ മികച്ച ഒത്തിണക്കം സൃഷ്ടിക്കാനും ഹാര്‍ദിക്കിന് സാധിക്കുന്നില്ല.
മികച്ച പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ ഹാര്‍ദിക് പരാജയമാണ്. ബൗളര്‍മാരെ നന്നായി ഉപയോഗിക്കാനും അദ്ദേഹത്തിന് ഇത്തവണ സാധിച്ചില്ല. ഇന്ത്യയുടെ ടി20 ടീമിലേക്ക് വിരാട് കോലിയും രോഹിത് ശര്‍മയും തിരിച്ചുവരാന്‍ സാധ്യതയുണ്ട്. വീണ്ടും ടി20 കളിച്ചേക്കുമെന്ന് രോഹിത് സൂചനയും നല്‍കി. സീനിയേഴ്‌സില്ലാതെ ഇറങ്ങുന്ന ഇന്ത്യയുടെ യുവനിര ദുര്‍ബലമാണ്. അതുകൊണ്ടുതന്നെ സീനിയേഴ്‌സിന്റെ മടങ്ങിവരവ് ടീമിന് അത്യാവശ്യമാണ്.