മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ അടുത്ത പരമ്പര വെസ്റ്റ് ഇന്‍ഡീസിനെതിരെ നടക്കാന്‍ പോവുകയാണ്. രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റും മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിനവും അഞ്ച് മത്സരങ്ങളടങ്ങിയ ടി20യും ഉള്‍പ്പെടുന്നതാണ് ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനം. ഏഷ്യാ കപ്പും ഏകദിന ലോകകപ്പും വരാനിരിക്കെ ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തെ വലിയ പ്രാധാന്യത്തോടെയാണ് കാണുന്നത്. ഇന്ത്യ പരമ്പരയിലേക്ക് പല യുവതാരങ്ങളെയും പരിഗണിക്കുമെന്ന റിപ്പോര്‍ട്ടുകളും സജീവമാണ്.
എന്നാല്‍ ആരെയൊക്കെ ഇന്ത്യ പരിഗണിക്കുമെന്നത് കണ്ടറിയണം. നിലവിലെ ഇന്ത്യയുടെ സീനിയര്‍ താരങ്ങളെല്ലാം തുടര്‍ച്ചയായി മത്സരം കളിച്ച ക്ഷീണത്തിലാണുള്ളത്. രണ്ട് മാസം ഐപിഎല്‍ കളിച്ച് ക്ഷീണത്തിലുള്ള താരങ്ങള്‍ പിന്നീട് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലും കളിച്ചു. അതുകൊണ്ടുതന്നെ ഇവര്‍ക്ക് വിശ്രമം അനിവാര്യമാണ്. വലിയ ടൂര്‍ണമെന്റ് വരാനിരിക്കെ വിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്ന് വഴിമാറി യുവതാരങ്ങള്‍ക്ക് അവസരം നല്‍കേണ്ട സീനിയര്‍ ആരൊക്കെയാണെന്ന് നോക്കാം.
രോഹിത് ശര്‍മക്ക് വിശ്രമം നല്‍കുമെന്നാണ് റിപ്പോര്‍ട്ടുള്ളത്. ഇന്ത്യന്‍ നായകനായ രോഹിത് ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. സാഹസത്തിന് മുതിരാതെ രോഹിത്തിന് വിശ്രമം നല്‍കി ഓപ്പണിങ്ങില്‍ പുതിയ താരത്തെ ഇന്ത്യക്ക് കളിപ്പിക്കാവുന്നതാണ്. യശ്വസി ജയ്‌സ്വാള്‍, റുതുരാജ് ഗെയ്ക് വാദ് എന്നിവരെല്ലാം ഓപ്പണിങ്ങില്‍ അവസരം തേടുന്നവരാണ്. ക്യാപ്റ്റന്‍സി അജിന്‍ക്യ രഹാനെ, ആര്‍ അശ്വിന്‍ എന്നിവരിലൊരാള്‍ക്ക് കൈമാറാവുന്നതാണ്.
മറ്റൊരാള്‍ വിരാട് കോലിയാണ്. സമീപകാലത്തായി ഇന്ത്യയുടെ എല്ലാ പരമ്പരയും കളിച്ച വിരാട് കോലി ഐപിഎല്ലിലും എല്ലാ മത്സരങ്ങളും കളിച്ചിരുന്നു. ഉയര്‍ന്ന ഫിറ്റ്‌നസുള്ള താരമാണെങ്കിലും കോലിക്കും വിശ്രമം അനിവാര്യമാണ്. വെസ്റ്റ് ഇന്‍ഡീസില്‍ കോലി ടെസ്റ്റില്‍ നിന്ന് മാറി നിന്നാല്‍ യുവതാരങ്ങള്‍ക്ക് വളര്‍ന്നുവരാനുള്ള വഴിയൊരുക്കും. ഇതിന് ശേഷം അടുത്ത ടെസ്റ്റ് പരമ്പര ഡിസംബറില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയാണ്.
ഈ സാഹചര്യത്തില്‍ കോലി ഇപ്പോള്‍ ടെസ്റ്റില്‍ നിന്ന് വിട്ടുനിന്നാലും ടീമിനെയത് പ്രതികൂലമായി ബാധിച്ചേക്കില്ല. മൂന്നാമത്തെ താരം ചേതേശ്വര്‍ പുജാരയാണ്. ഇന്ത്യയുടെ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റായ പുജാരയുടെ ടീമിലെ സ്ഥാനം ഏറെക്കുറെ തെറിച്ച അവസ്ഥയാണ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ തോല്‍വിക്ക് പിന്നാലെ പുജാരക്കെതിരേ ശക്തമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. പുജാരയെ ഇന്ത്യ മാറ്റിനിര്‍ത്തി യുവതാരത്തിന് അവസരം നല്‍കേണ്ടതാണ്.

സ്പിന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്കും വിശ്രമം നല്‍കണം. അക്ഷര്‍ പട്ടേല്‍ കൂടുതല്‍ അവസരം അര്‍ഹിക്കുന്നു. ജഡേജക്ക് വിശ്രമം നല്‍കിയാല്‍ താരത്തിന്റെ ഫോം നഷ്ടപ്പെടാന്‍ സാധ്യതയില്ല. അക്ഷര്‍ പട്ടേല്‍ സമീപകാലത്തായി നന്നായി ബാറ്റുചെയ്യുന്ന സാഹചര്യത്തില്‍ ജഡേജക്ക് വിശ്രമം നല്‍കി അക്ഷറിന് അവസരം നല്‍കാവുന്നതാണ്. സിഎസ്‌കെയ്‌ക്കൊപ്പം രണ്ട് മാസം ഐപിഎല്‍ കളിച്ചെത്തിയ ജഡേജക്ക് വിശ്രമം നല്‍കുന്നത് നന്നായിരിക്കും.
ഉമേഷ് യാദവാണ് അടുത്തൊരാള്‍. മോശം ഫോമിലുള്ള സീനിയര്‍ പേസറെ നിലവില്‍ ഇന്ത്യ ടെസ്റ്റിലേക്ക് മാത്രമാണ് പരിഗണിക്കുന്നത്. എന്നാല്‍ മൂര്‍ച്ച കുറഞ്ഞ ഉമേഷിനെ ഇനിയും ഇന്ത്യ പിന്തുണച്ചിട്ട് കാര്യമില്ല. ഉമേഷിന് പകരം മുകേഷ് കുമാറിനെ പേസ് നിരയിലേക്ക് വളര്‍ത്തേണ്ടതാണ്. യുവ പേസര്‍മാരെ ഇന്ത്യ കൂടുതല്‍ പിന്തുണക്കേണ്ട സമയമാണിത്. ദക്ഷിണാഫ്രിക്കന്‍ പര്യടനമാവുമ്പോഴേക്കും ബെഞ്ച് കരുത്ത് ഇന്ത്യ ഉയര്‍ത്തേണ്ടതാണ്.
ലഭിക്കുന്ന റിപ്പോര്‍ട്ട് പ്രകാരം യശ്വസി ജയ്‌സ്വാള്‍, റുതുരാജ് ഗെയ്ക് വാദ്, മുകേഷ് കുമാര്‍ എന്നിവര്‍ക്ക് ടെസ്റ്റ് പരമ്പരയിലേക്ക് വിളിയെത്തിയേക്കും. റിങ്കു സിങ്ങിന് ടി20 ടീമിലും അവസരം ലഭിച്ചേക്കും. എന്നാല്‍ ടെസ്റ്റ് ടീമില്‍ തിടുക്കപ്പെട്ട് ഇന്ത്യ മാറ്റം വരുത്തില്ലെന്ന റിപ്പോര്‍ട്ടും സജീവമായുണ്ട്. ഈ മാസം 27നാണ് ഇന്ത്യ പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിക്കുന്നത്. അതുകൊണ്ടുതന്നെ ആരൊക്കെ ഇടം പിടിക്കുമെന്നും പുറത്താവുമെന്നും കാത്തിരുന്ന് കാണാം.