IND vs WI: ടെസ്റ്റില്‍ ഇപ്പോള്‍ പൊളിച്ചെഴുത്തില്ല, രോഹിത് ടെസ്റ്റ് നായകനായി തുടരും! കാരണമുണ്ട്
മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനിലിലെ തോല്‍വിക്ക് ശേഷം ഇന്ത്യക്ക് മുന്നിലുള്ളത് വെസ്റ്റ് ഇന്‍ഡീസ് പര്യടനമാണ്. രണ്ട് ടെസ്റ്റും മൂന്ന് ഏകദിനവും അഞ്ച് ടി20യും ഉള്‍പ്പെടുന്ന പരമ്പരയാണ് ഇന്ത്യ വെസ്റ്റ് ഇന്‍ഡീസില്‍ കളിക്കുക. 10 മത്സരങ്ങളടങ്ങിയ പരമ്പരയ്ക്കുള്ള ടീമിനെ ഈ മാസം 27ന് പ്രഖ്യാപിച്ചേക്കും. ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ സജീവമാണ്.
രോഹിത് ശര്‍മയെ ടെസ്റ്റ് നായകസ്ഥാനത്തുനിന്ന് മാറ്റും ചേതേശ്വര്‍ പുജാരയെ ഒഴിവാക്കും യശ്വസി ജയ്‌സ്വാള്‍, റുതുരാജ് ഗെയ്ക് വാദ്, മുകേഷ് കുമാര്‍ എന്നിവര്‍ക്ക് ടീമിലേക്ക് വിളി നല്‍കുമെന്നെല്ലാം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ ടെസ്റ്റ് ടീമില്‍ വലിയ മാറ്റത്തിന് സാധ്യതകുറവാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഈ വര്‍ഷം ഇന്ത്യ കളിക്കുന്ന ടെസ്റ്റ് മത്സരങ്ങളുടെ കണക്കുകള്‍ തന്നെയാണ് അതിന് കാരണം.
വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ട് മത്സര ടെസ്റ്റ് പരമ്പര അവസാനിച്ചാല്‍ പിന്നാലെ പരിമിത ഓവര്‍ പരമ്പരകളുടെ തിരക്കാണ്. ഏഷ്യാ കപ്പും ഏകദിന ലോകകപ്പും നടക്കാന്‍ പോകുന്നു. ഇതില്‍ ലോകകപ്പ് ഇന്ത്യയിലാണ് നടക്കുന്നത്. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിന് ശേഷം ഇന്ത്യ ടെസ്റ്റ് കളിക്കുന്നത് ഡിംസബറിലാണ്. അതും ദക്ഷിണാഫ്രിക്കയില്‍. മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ കളിക്കുന്നത്.
അടുത്ത ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി മാറ്റം വരുത്താമെന്ന നിലപാടിലാണ് ടീം മാനേജ്‌മെന്റ്. അങ്ങനെ വന്നാല്‍ ചേതേശ്വര്‍ പുജാരക്ക് വിരമിക്കല്‍ മത്സരം നല്‍കാനാവും. സമീപകാലത്തെ മോശം പ്രകടനത്തിന്റെ പേരില്‍ വിമര്‍ശിക്കുമ്പോഴും ഇന്ത്യയുടെ ടെസ്റ്റ് ടീമിനൊപ്പം അവിസ്മരണീയ പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള താരമാണ് പുജാര. പെട്ടെന്ന് ഒഴിവാക്കിക്കളയാതെ വെസ്റ്റ് ഇന്‍ഡീസില്‍ വിരമിക്കല്‍ മത്സരം നല്‍കാനാണ് പദ്ധതി.
രോഹിത്തിനെ ടെസ്റ്റ് നായകസ്ഥാനത്ത് നിന്ന് മാറ്റിയാല്‍ ഏഷ്യാ കപ്പ്, ഏകദിന ലോകകപ്പ് വരാനിരിക്കുന്ന സാഹചര്യത്തില്‍ അത് തിരിച്ചടിയായേക്കും. രോഹിത്തിനെ ടെസ്റ്റ് നായകസ്ഥാനത്ത് നിന്ന് മാറ്റുന്നത് അദ്ദേഹത്തിന്റെ മാനസികാവസ്ഥയെ ബാധിച്ചേക്കും. ഏഷ്യാ കപ്പിലും ഏകദിന ലോകകപ്പിലും രോഹിത്താണ് ഇന്ത്യന്‍ നായകനെന്ന കാര്യം ഉറപ്പാണ്. അതുകൊണ്ട് തന്നെ ഇപ്പോള്‍ തിടുക്കപ്പെട്ട് ടെസ്റ്റില്‍ നായകനെ മാറ്റിയാല്‍ അത് പ്രതികൂലമായി ബാധിക്കാനാണ് സാധ്യത കൂടുതല്‍.

സ്പ്ലിറ്റ് ക്യാപ്റ്റന്‍സിയെ ഇന്ത്യ പ്രോത്സാഹിപ്പിക്കുന്നില്ല. ഇന്ത്യയില്‍ ലോകകപ്പ് വരാനിരിക്കെ പെട്ടെന്ന് സ്പ്ലിറ്റ് ക്യാപ്റ്റന്‍സികൊണ്ടുവന്ന് ടീമില്‍ വലിയ പൊളിച്ചെഴുത്ത് നടത്താന്‍ ഇന്ത്യ ആഗ്രഹിക്കില്ല. അതുകൊണ്ട് തന്നെ രോഹിത്തിനെ ടെസ്റ്റ് നായകസ്ഥാനത്ത് തുടരാന്‍ അനുവദിച്ചേക്കും. ഏകദിന ലോകകപ്പിന് ശേഷമാവും ഇന്ത്യ മാറ്റങ്ങള്‍ വരുത്തുക. ചെറിയ മാറ്റങ്ങള്‍ വരുത്തിയേക്കുമെങ്കിലും വലിയൊരു പൊളിച്ചെഴുത്ത് ഇന്ത്യ നടത്തില്ലെന്നുറപ്പ്.
നിലവില്‍ ഇന്ത്യ പരിമിത ഓവറിനാണ് പ്രാധാന്യം നല്‍കുന്നത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായി പരിഗണിക്കുമ്പോള്‍ വളരെ പ്രധാനപ്പെട്ടതാണ്. എന്നാല്‍ ഇന്ത്യ ഏകദിന, ടി20 പരമ്പരകള്‍ക്ക് മുഖ്യ പരിഗണന നല്‍കിയേക്കും. ഏകദിനത്തില്‍ ഇന്ത്യ പരീക്ഷണങ്ങള്‍ തുടര്‍ന്നേക്കും. ഏഷ്യാ കപ്പിലും ഏകദിന ലോകകപ്പിലും ഏറ്റവും മികച്ച ടീമിനെത്തന്നെ കളത്തിലിറക്കാനാവും ഇന്ത്യ ശ്രമിക്കുക.
അതിനായി താരങ്ങളെ കണ്ടെത്താനും വളര്‍ത്താനുമാവും ഇപ്പോള്‍ ശ്രമിക്കുക. അല്ലാതെ ടെസ്റ്റ് ടീമില്‍ വലിയ മാറ്റങ്ങള്‍ വരുത്തുന്നതില്‍ ശ്രദ്ധ നല്‍കിയേക്കില്ല. പ്രതീക്ഷ നല്‍കുന്ന യുവതാരങ്ങളെ ഇപ്പോള്‍ ടെസ്റ്റ് കളിപ്പിച്ചാല്‍ അവര്‍ക്ക് പരിക്കേല്‍ക്കാനുള്ള സാധ്യതയുമുണ്ട്. അത് പരിമിത ഓവറിലെ പദ്ധതികള്‍ തകര്‍ത്തേക്കും. ഈ സാഹചര്യത്തില്‍ ഇപ്പോള്‍ സെലക്ടര്‍മാര്‍ ടെസ്റ്റ് ടീമില്‍ വലിയ മാറ്റത്തിന് തയ്യാറാവില്ലെന്ന കാര്യം ഉറപ്പാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications