ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ടീമുകളിലൊന്നാണ് ഇന്ത്യ. താരസമ്പത്ത് ഒരു കാലത്തും ഇന്ത്യക്ക് തലവേദനയായിട്ടില്ല. ഓരോ കാലഘട്ടത്തിലും എടുത്തു പറയാവുന്ന ഒന്നിലധികം താരങ്ങള്‍ ഇന്ത്യന്‍ ടീമിലുണ്ടായിട്ടുണ്ട്. നിലവിലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് വരുമ്പോള്‍ വിരാട് കോലി, രോഹിത് ശര്‍മ എന്നീ രണ്ടുപേരാണ് ഇന്ത്യയുടെ മുഖമായുള്ളത്. എംഎസ് ധോണിക്ക് ശേഷം വിരാട് കോലി ഏറെ നാള്‍ ഇന്ത്യയുടെ നായകനായിരുന്നു.
ഇപ്പോള്‍ രോഹിത് ശര്‍മയാണ് ഇന്ത്യയുടെ നായകസ്ഥാനത്തുള്ളത്. എന്നാല്‍ രോഹിത് നായകസ്ഥാനം ഒഴിയുമ്പോള്‍ പകരം ആരെന്നത് വലിയ ചോദ്യമാണ്. ഇതുവരെ സ്പ്ലിറ്റ് ക്യാപ്റ്റന്‍സിയെ പരിഗണിക്കേണ്ട ആവശ്യം ഇന്ത്യക്കുണ്ടായിട്ടില്ല. എന്നാല്‍ രോഹിത് പടിയിറങ്ങുമ്പോള്‍ സ്പ്ലിറ്റ് ക്യാപ്റ്റന്‍സി കൊണ്ടുവരാന്‍ ഇന്ത്യ നിര്‍ബന്ധിതരാവും. ഹാര്‍ദിക് പാണ്ഡ്യയെ പരിമിത ഓവര്‍ നായകനാക്കാമെങ്കിലും ടെസ്റ്റില്‍ ആര് നയിക്കുമെന്നത് പ്രധാനപ്പെട്ട ചോദ്യമാണ്.
വസ്തുത പരിശോധിച്ചാല്‍ വിരാട് കോലി നായകസ്ഥാനം ഒഴിഞ്ഞതു മുതല്‍ ഇന്ത്യക്ക് ശരിയായ ട്രാക്കിലൂടെ സഞ്ചരിക്കാന്‍ സാധിച്ചിട്ടില്ല. കോലി നായകസ്ഥാനം ഒഴിഞ്ഞതിന് ശേഷം ഇന്ത്യ എത്ര നായകന്മാരെയാണ് പരിഗണിച്ചതെന്ന് അറിയാമോ? പരിശോധിക്കാം. കോലി പടിയിറങ്ങിയപ്പോള്‍ ഇന്ത്യയുടെ നായകസ്ഥാനം രോഹിത് ശര്‍മയിലേക്കാണ് ആദ്യം എത്തിയത്. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ നായകസ്ഥാനത്ത് നിലവില്‍ രോഹിത്താണുള്ളത്.
എന്നാല്‍ ഫിറ്റ്‌നസ് നിരന്തരം രോഹിത്തിന് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇടക്കിടയ്ക്ക് അദ്ദേഹത്തിന് വിശ്രമം ആവശ്യമാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യക്ക് മറ്റൊരു നായകനെ പരിഗണിക്കേണ്ട അവസ്ഥയാണ്. രോഹിത്തിന്റെ ടി20യിലെ പ്രകടനം മോശമായതോടെ ടീമിലെ സ്ഥാനവും അദ്ദേഹത്തിന് നഷ്ടമായിരിക്കുകയാണ്. ഇപ്പോള്‍ ടി20 ടീമിന്റെ പദ്ധതികളില്‍ രോഹിത്തിന് ഇടമില്ല. രോഹിത്തിന്റെ അഭാവത്തില്‍ ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ ടി20 ടീമിനെ നയിക്കുന്നത്.

അധികം വൈകാതെ പരിമിത ഓവറിന്റെ നായകസ്ഥാനം പൂര്‍ണ്ണമായും ഹാര്‍ദിക്കിലേക്കെത്തിയേക്കും. അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയിലൂടെയായിരുന്നു ഹാര്‍ദിക് ഇന്ത്യയുടെ നായകസ്ഥാനത്തേക്കെത്തിയത്. ടെസ്റ്റില്‍ രോഹിത് ശര്‍മക്ക് പരിക്കേറ്റപ്പോള്‍ അജിന്‍ക്യ രഹാനെ നായകനായിരുന്നു. നേരത്തെ വിരാട് കോലി ക്യാപ്റ്റനായിരിക്കെയും രഹാനെ വൈസ് ക്യാപ്റ്റനായിരുന്നു. ഇപ്പോഴും ഇന്ത്യയുടെ ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍ രഹാനെയാണ്.
മോശം ഫോമിനെത്തുടര്‍ന്ന് ടീമിന് പുറത്തുപോയ ശേഷമാണ് രഹാനെ തിരിച്ചെത്തിയത്. കെ എല്‍ രാഹുലിനെയും ഇന്ത്യ നായകനാക്കി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലാണ് രാഹുലിന് കീഴില്‍ ഇന്ത്യ കളിച്ചത്. പ്രതീക്ഷിച്ച മികവ് കാട്ടാന്‍ രാഹുലിന് സാധിച്ചില്ല. രോഹിത്, കോലി എന്നിവരെപ്പോലെ തന്നെ ഇന്ത്യന്‍ ടീമില്‍ വലിയ സ്ഥാനം കല്‍പ്പിക്കപ്പെടുന്നവനാണ് രാഹുല്‍. എന്നാല്‍ അദ്ദേഹത്തിന്റെ സമീപകാല പ്രകടനങ്ങള്‍ മോശമാണ്.
അവസാന ഐപിഎല്ലിനിടെ പരിക്കേറ്റ രാഹുല്‍ നിലവില്‍ ടീമിന് പുറത്താണ്. ഇന്ത്യയുടെ ഇടം കൈയന്‍ ഓപ്പണര്‍ ശിഖര്‍ ധവാനും നായകസ്ഥാനം ലഭിച്ചു. രണ്ടാം നിര ടീമുമായി ഇന്ത്യ ശ്രീലങ്കന്‍ പരമ്പര കളിച്ചപ്പോള്‍ ടീമിനെ നയിച്ചത് ധവാനായിരുന്നു. ഇപ്പോള്‍ ധവാന് ഒരു ഫോര്‍മാറ്റിലും ടീമിലിടമില്ല. ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ റിഷഭ് പന്തിനും നായകസ്ഥാനം ലഭിച്ചു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യയെ നയിക്കാനുള്ള അവസരമാണ് റിഷഭിന് ലഭിച്ചത്.
ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറക്കും ക്യാപ്റ്റന്‍ സ്ഥാനം ലഭിച്ചു. ഇംഗ്ലണ്ട് പരമ്പരയില്‍ മാറ്റിവെച്ച ഒരു ടെസ്റ്റ് മത്സത്തില്‍ ഇന്ത്യയെ നയിച്ചത് ബുംറയായിരുന്നു. എന്നാല്‍ ടീമിനെ വിജയത്തിലേക്കെത്തിക്കാന്‍ അദ്ദേഹത്തിന് സാധിക്കാതെ പോയി. ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ നയിക്കുന്നത് റുതുരാജ് ഗെയ്ക്‌വാദാണ്. സൂപ്പര്‍ താരങ്ങളായി നിരവധി പേരെ ചൂണ്ടിക്കാട്ടാനാവുമെങ്കിലും മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയെ നയിക്കാന്‍ ശേഷിയുള്ള അടുത്ത നായകനാരെന്നത് ഇന്ത്യയുടെ തലപുകയ്ക്കുന്ന ചോദ്യമാണ്.