ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യന്‍ ഓപ്പണറെന്ന നിലയില്‍ തന്റെ ഇംപാക്ട് എത്ര മാത്രം വലുതാണെന്നു ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുകയാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ. വെസ്റ്റ് ഇന്‍ഡീസിനെതിരേയുള്ള ഒന്നാം ടെസ്റ്റില്‍ പുതിയ ഓപ്പണിങ് ജോടിയും അരങ്ങേറ്റക്കാരനുമായ യശസ്വി ജയ്‌സ്വാളിനൊപ്പം ചേര്‍ന്ന് മികച്ച തുടക്കമാണ് ഹിറ്റ്മാന്‍ ടീമിനു നല്‍കിയിരിക്കുന്നത്. വിന്‍ഡീസിന്റെ ഒന്നാമിന്നിങ്‌സ് ടോട്ടലായ 150 റണ്‍സിനു മറുപടിയില്‍ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 80 റണ്‍സെടുത്താണ് ആദ്യദിനത്തിലെ കളി അവസാനിപ്പിച്ചത്.
ജയ്‌സ്വാള്‍ 40 റണ്‍സോടെയും രോഹിത് 30 റണ്‍സുമായുമാണ് ക്രീസില്‍. കന്നി ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ തന്നെ ഫിഫ്റ്റിയിലേക്കു കുതിക്കുകയാണ് ജയ്‌സ്വാള്‍. 73 ബോളുകള്‍ നേരിട്ട അദ്ദേഹം ആറു ഫോറുകളടിച്ചു. രോഹിത്താവട്ടെ 63 ബോളുകളില്‍ നിന്നും മൂന്നു ഫോറും ഒരു സിക്‌സറുമടിക്കുകയും ചെയ്തു. രോഹിത്- ജയ്‌സ്വാള്‍ ജോടി 23 ഓവറുകളാണ് ക്രീസില്‍ പിടിച്ചുനിന്നത്. 138 ബോളുകള്‍ ഇതിനിടെ നേരിടുകയും ചെയ്തു.

രോഹിത്തിനെ ടെസ്റ്റില്‍ ഓപ്പണിങിലേക്കു പ്രൊമോട്ട് ചെയ്ത ശേഷം ഓപ്പണിങ് ജോടികള്‍ കൂടൂതല്‍ സ്ഥിരതയാര്‍ന്ന പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നു കണക്കുകള്‍ അടിവരയിടുന്നു. കൂടുതല്‍ നേരം ക്രീസില്‍ നില്‍ക്കാനും, ബോളുകള്‍ നേരിടാനുമെല്ലാം ഓപ്പണര്‍മാര്‍ക്കു സാധിക്കുന്നുവെന്നതാണ് രോഹിത് ഈ റോളിലേക്കു വന്നതിനു ശേഷമുള്ള ഏറ്റവും വലിയ പ്രത്യേകത. ഹിറ്റ്മാനെ സംബന്ധിച്ച് ഇതു വലിയ അംഗീകാരം തന്നെയാണെന്നതില്‍ സംശയമില്ല.
2010 മുതലുള്ള ഇന്ത്യയുടെ ടെസ്റ്റുകളെടുത്താല്‍ ഓപ്പണിങ് ജോടികള്‍ വിദേശത്ത് 100ന് മുകളില്‍ ബോളുകള്‍ നേരിട്ടപ്പോഴുള്ള വ്യത്യസം നമുക്കു പരിശോധിക്കാം. രോഹിത് കളിച്ച 17 ഇന്നിങ്‌സുകളില്‍ ഓപ്പണിങ് സഖ്യം എട്ടു തവണ വിദേശത്ത് 100നു മുകളില്‍ ബോളുകള്‍ നേരിട്ടിട്ടുണ്ട്.
എന്നാല്‍ രോഹിത്ത് ഇല്ലാതെ ഇതു വളരെ പരിതാപകരവുമാണ്. ഓപ്പണിങില്‍ ഹിറ്റ്മാനില്ലാതെ കളിച്ചപ്പോള്‍ 101 ഇന്നിങ്‌സുകളില്‍ വെറും ഏഴു തവണ മാത്രമേ ഇന്ത്യന്‍ ഓപ്പണര്‍മാര്‍ 100നു മുകളില്‍ ബോളുകള്‍ കളിച്ചിട്ടുള്ളൂ.
ഇംഗ്ലണ്ടിലാണ് രോഹിത്തിനൊപ്പം ഇന്ത്യന്‍ ഓപ്പണിങ് ജോടികള്‍ കൂടുതല്‍ തവണ 100ന് മുകളില്‍ ബോളുകള്‍ കളിച്ചിരിക്കുന്നത്. ഇവിടെ നാലു തവണ രോഹിത്തും ഓപ്പണിങ് പങ്കാളിയും ചേര്‍ന്ന് 100നു മകളില്‍ ബോള്‍ നേരിട്ടു. ഓസ്‌ട്രേലിയ (മൂന്നു തവണ), വെസ്റ്റ് ഇന്‍ഡീസ് (1) എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളിലെ പ്രകടനം.

അതേസമയം, വിന്‍ഡീസുമായി ഡൊമിനിക്കയില്‍ നടക്കുന്ന ഒന്നാം ടെസ്റ്റില്‍ ഇന്ത്യ പിടിമുറുക്കുകയാണ്. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുക്കാനുള്ള വിന്‍ഡീസ് നായകന്‍ ക്രെയ്ഗ് ബ്രാത്വെയ്റ്റിന്റെ നീക്കം അമ്പെ പാളി. ഇന്ത്യന്‍ സ്പിന്‍ ജോടികളായ ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവര്‍ക്കു മുന്നില്‍ എന്തു ചെയ്യണമെന്നറിയാതെ അവര്‍ കറങ്ങി വീണു. വെറും 150 റണ്‍സില്‍ ആതിഥേയര്‍ കൂടാരം കയറുകയായിരുന്നു.
വിന്‍ഡീസ് നിരയില്‍ ആര്‍ക്കും തന്നെ ഫിഫ്റ്റി തികയ്ക്കാനായില്ല. അരങ്ങേറ്റക്കാരനായ അലിക്ക് അത്താന്‍സെയുടെ (47) ചെറുത്തുനില്‍പ്പാണ് വിന്‍ഡീസിനെ വലിയ നാണക്കേടില്‍ നിന്നും രക്ഷിച്ചത്. മറ്റാര്‍ക്കും 20ന് മുകളില്‍ സ്‌കോര്‍ ചെയ്യാനായില്ല.
അശ്വിന്‍ അഞ്ചു വിക്കറ്റുകളുമായി ഇന്ത്യന്‍ ബൗളിങിനു ചുക്കാന്‍ പിടിച്ചപ്പോള്‍ ജഡേജ മൂന്നു വിക്കറ്റുമായി മികച്ച പിന്തുണയേകി. പേസര്‍മാരായ മുഹമ്മദ് സിറാജും ശര്‍ദ്ദുല്‍ ടാക്കൂറും ഓരോ വിക്കറ്റ് വീതം പങ്കിടുകയും ചെയ്തു.