Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: ജയ്‌സ്വാള്‍ വന്നു, ഇന്ത്യയുടെ തലവര തെളിഞ്ഞു! ഓപ്പണിങ്ങില്‍ ചരിത്ര നേട്ടം

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ ഓപ്പണര്‍മാര്‍ മിന്നിച്ചിരിക്കുകയാണ്. ആതിഥേയരായ വെസ്റ്റ് ഇന്‍ഡീസ് മുന്നോട്ടുവെച്ച 150 റണ്‍സെന്ന ഒന്നാം ഇന്നിങ്‌സ് സ്‌കോറിന് മറുപടിക്കിറങ്ങിയ ഇന്ത്യക്കായി ഓപ്പണര്‍മാരായ രോഹിത് ശര്‍മയും യശ്വസി ജയ്‌സ്വാളും ചേര്‍ന്ന് സെഞ്ച്വറി കൂട്ടുകെട്ട് സൃഷ്ടിച്ചിരിക്കുകയാണ്. ആതിഥേയര്‍ വിറച്ച പിച്ചില്‍ സെഞ്ച്വറി കൂട്ടുകെട്ടുമായി മുന്നോട്ട് പോകവെ ചരിത്ര നേട്ടവും ഇവരെ തേടിയെത്തിയിരിക്കുകയാണ്.

അരങ്ങേറ്റ ടെസ്റ്റില്‍ത്തന്നെ അര്‍ധ സെഞ്ച്വറി പ്രകടനം നടത്തിയ ജയ്‌സ്വാള്‍ ഇന്ത്യയുടെ ഭാഗ്യമായി മാറിയിരിക്കുകയാണ്. അവസാന 13 ടെസ്റ്റില്‍ നിന്ന് ഇന്ത്യയുടെ ആദ്യത്തെ 100 റണ്‍സ് ഓപ്പണിങ് കൂട്ടുകെട്ടാണിത്. രോഹിത് ശര്‍മയും ശുബ്മാന്‍ ഗില്ലും ചേര്‍ന്നാണ് സമീപകാല മത്സരങ്ങളിലെല്ലാം ഓപ്പണര്‍മാരായത്. എന്നാല്‍ കഴിഞ്ഞ 13 ടെസ്റ്റില്‍ ഒരു തവണ പോലും 100 റണ്‍സ് കൂട്ടുകെട്ടിലേക്ക് ഇവര്‍ക്കെത്താനായില്ല. ഇപ്പോള്‍ ശുബ്മാന്‍ ഗില്ലിന് പകരം ജയ്‌സ്വാള്‍ എത്തിയതോടെ ടീമിന്റെ തലവര മാറിയിരിക്കുകയാണ്.

ആദ്യമായാണ് രോഹിത്തും ജയ്‌സ്വാളും ഓപ്പണിങ്ങില്‍ ഒന്നിക്കുന്നത്. ആദ്യ ഇന്നിങ്‌സില്‍ത്തന്നെ ഇരുവരും മികച്ച ധാരണയോടെ കളിക്കുന്നുവെന്നതാണ് എടുത്തു പറയേണ്ടത്. വെസ്റ്റ് ഇന്‍ഡീസില്‍ ഓപ്പണിങ്ങില്‍ സെഞ്ച്വറി കൂട്ടുകെട്ട് സൃഷ്ടിക്കുന്ന അഞ്ചാമത്തെ ഇന്ത്യന്‍ ഓപ്പണിങ് കൂട്ടുകെട്ടായി മാറാന്‍ രോഹിത് ശര്‍മ-യശ്വസി ജയ്‌സ്വാള്‍ കൂട്ടുകെട്ടിന് സാധിച്ചിരിക്കുകയാണ്. 1971ല്‍ സുനില്‍ ഗവാസ്‌കറും അശോക് മങ്കാദും ചേര്‍ന്നാണ് ആദ്യമായി ഈ നേട്ടത്തിലെത്തിയത്.

1976ല്‍ സുനില്‍ ഗവാസ്‌കറും അന്‍ഷുമാന്‍ ഗെയ്ക്‌വാദും ചേര്‍ന്ന് ഈ നേട്ടത്തിലേക്കെത്തിയിരുന്നു. പിന്നീട് 2006ലാണ് ഈ നേട്ടം കൈവരിക്കുന്നത്. വീരേന്ദര്‍ സെവാഗ്-വസിം ജാഫര്‍ കൂട്ടുകെട്ടാണ് ഈ നേട്ടത്തിലേക്ക് മൂന്നാമതെത്തിയത്. ഇതേ പരമ്പരയില്‍ രണ്ടാം തവണയും നേട്ടം ആവര്‍ത്തിക്കാന്‍ ഇരുവര്‍ക്കുമായി. 2006ന് ശേഷം ഇന്ത്യയ്ക്കായി ഈ നേട്ടത്തിലെത്തുന്ന ആദ്യത്തെ ഓപ്പണിങ് കൂട്ടുകെട്ടായി രോഹിത്-ജയ്‌സ്വാള്‍ കൂട്ടുകെട്ട് മാറിയിരിക്കുകയാണ്.

Yashasvi Jaiswal

രോഹിത്തിനെ കാഴ്ചക്കാരനായി ആദ്യം ഫിഫ്റ്റി പൂര്‍ത്തിയാക്കിയത് ജയ്‌സ്വാളാണ്. ഐപിഎല്ലില്‍ വെടിക്കെട്ട് ബാറ്റിങ്ങുകൊണ്ട് വിസ്മയിപ്പിച്ച ജയ്‌സ്വാള്‍ ടെസ്റ്റില്‍ പക്വതയോടെ മികച്ച ഇന്നിങ്‌സാണ് കാഴ്ചവെക്കുന്നത്. ജയ്‌സ്വാളിന് പിന്നാലെ രോഹിത് ശര്‍മയും അര്‍ധ സെഞ്ച്വറി നേടി. ടെസ്റ്റില്‍ രോഹിത് ഓപ്പണറാവുന്ന 39ാം ഇന്നിങ്‌സായിരുന്നു ഇത്. ഓപ്പണറായി അദ്ദേഹം നേടുന്ന അഞ്ചാം ഫിഫ്റ്റിയാണിത്. ടെസ്റ്റിലെ 15ാം ഫിഫ്റ്റിയും. ഓപ്പണറായി ആറ് സെഞ്ച്വറികളാണ് ടെസ്റ്റില്‍ രോഹിത് നേടിയിട്ടുള്ളത്.

ടെസ്റ്റില്‍ സമീപകാലത്തെ രോഹിത്തിന്റെ പ്രകടനങ്ങള്‍ക്കെതിരേ വിമര്‍ശനം ശക്തമാകവെ അര്‍ധ സെഞ്ച്വറി പ്രകടനത്തോടെ തിരിച്ചുവരവ് നടത്താന്‍ ഹിറ്റ്മാന് സാധിച്ചിരിക്കുകയാണ്. രോഹിത്തിന്റെ കരിയര്‍ അവസാനിച്ചുവെന്നും യുവതാരങ്ങള്‍ക്കായി വഴിമാറണമെന്നും അഭിപ്രായപ്പെടുന്നവര്‍ക്ക് മുന്നിലാണ് രോഹിത്തിന്റെ ക്ലാസിക് ബാറ്റിങ്. നാല് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെയാണ് രോഹിത് അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയിരിക്കുന്നത്.

രണ്ടാം ദിനവും ഇന്ത്യ മികച്ച ബാറ്റിങ് തുടര്‍ന്ന് വിന്‍ഡീസിനെതിരേ സര്‍വാധിപത്യം കാട്ടുകയാണ്. കൂറ്റന്‍ ലീഡ് ഇന്ത്യ നേടുമെന്ന കാര്യം ഏറെക്കുറെ ഉറപ്പാണ്. വിരാട് കോലി, അജിന്‍ക്യ രഹാനെ, ഇഷാന്‍ കിഷന്‍, രവീന്ദ്ര ജഡേജ എന്നിവരെല്ലാം ബാറ്റിങ്ങിനിറങ്ങാനിരിക്കെ ഇന്ത്യ വലിയ സ്‌കോര്‍ തന്നെ പ്രതീക്ഷിക്കുന്നു. ഇതേ കളി തുടര്‍ന്നാല്‍ ഇന്ത്യ ഇന്നിങ്‌സ് ജയത്തിലേക്കെത്താനും സാധ്യതയുണ്ട്. സ്പിന്നര്‍മാര്‍ക്ക് പിച്ചില്‍ മുന്‍തൂക്കം ലഭിക്കുന്നുണ്ടെങ്കിലും വിന്‍ഡീസിനത് മുതലാക്കാനാവുന്നില്ല.

ഇന്ത്യയുടെ ആര്‍ അശ്വിന്റെ അഞ്ച് വിക്കറ്റ് പ്രകടനമാണ് ആതിഥേയരെ 150ല്‍ ഒതുക്കിയത്. രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റും സ്വന്തമാക്കി. പിച്ചില്‍ മികച്ച ടേണും നല്ല ബൗണ്‍സും ലഭിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ രണ്ടാം ഇന്നിങ്‌സിലും ഇന്ത്യന്‍ സ്പിന്നര്‍മാര്‍ കസറിയേക്കും. വിന്‍ഡീസിന്റെ റഖിം കോണ്‍വാള്‍ ഭേദപ്പെട്ട ബൗളിങ് കാഴ്ചവെക്കുന്നുണ്ടെങ്കിലും ഇന്ത്യയുടെ ഓപ്പണിങ് കൂട്ടുകെട്ട് പൊളിക്കാനാവുന്നില്ല. നിലവില്‍ ഇന്ത്യക്ക് ഒരു തരത്തിലും വെല്ലുവിളി ഉയര്‍ത്താന്‍ വിന്‍ഡീസിന് സാധിക്കുന്നില്ല.

Story first published: Thursday, July 13, 2023, 21:12 [IST]
Other articles published on Jul 13, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+