അടുത്ത മാസം ആരംഭിക്കാനിരിക്കുന്ന ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനു വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ക്രിക്കറ്റ് പ്രേമികള്‍. രണ്ടു മാസത്തിലേറെ നീണ്ടുനില്‍ക്കുന്ന കരീബിയന്‍ പര്യടനത്തില്‍ ഇന്ത്യ എല്ലാ ഫോര്‍മാറ്റുകളിലും പരമ്പരകള്‍ കളിക്കുന്നുണ്ട്. രണ്ടു ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളും അഞ്ചു ടി20കളുമാണ് വിന്‍ഡീസില്‍ ഇന്ത്യയെ കാത്തിരിക്കുന്നത്.
ഇവയ്ക്കുള്ള ടീമുകളെ ഇനിയും പ്രഖ്യാപിച്ചിട്ടില്ലാത്തതിനാല്‍ ആരൊക്കെയാവും ടീമിലെത്തുകയെന്ന സസ്‌പെന്‍സ് തുടരുകയാണ്. ടീമുകളുമായി ബന്ധപ്പെട്ട് വ്യത്യസ്ത തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് വന്നു കൊണ്ടിരിക്കുന്നത്. നായകനും സ്റ്റാര്‍ ഓപ്പണറുമായ രോഹിത് ശര്‍മയ്ക്കു ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ വിശ്രമം അനുവദിക്കുമെന്നായിരുന്നു കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് വന്ന സൂചനകള്‍.

മോശം ഫോം കാരണം വലയുന്ന ഹിറ്റ്മാന്‍ ടെസ്റ്റില്‍ കളിക്കാനായിടയില്ലെന്നും ഏകദിന പരമ്പരയിലാവും കളിക്കുകയെന്നുമായിരുന്നു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. രോഹിത്തിനു പകരം മധ്യനിര ബാറ്ററും മുന്‍ വൈസ് ക്യാപ്റ്റനുമായ അജിങ്ക്യ രഹാനെയ്ക്കു നായകനായി നറുക്കു വീണേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇതു സംഭവിക്കില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ടെസ്റ്റ് പരമ്പരയില്‍ രോഹിത് ശര്‍മമയ്ക്കു വിശ്രമം നല്‍കില്ലെന്നും ഇന്ത്യയെ അദ്ദേഹം തന്നെയാവും നയിക്കുകയെന്നുമാണ് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. രോഹിത് ശര്‍മ ഫിറ്റാണ്. ഇന്ത്യന്‍ ടീം സെലക്ഷനു ലഭ്യവുമാണ്. വളരെ നല്ലൊരു ബ്രേക്കാണ് അദ്ദേഹത്തിനു ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ജോലി ഭാരവുമായി ബന്ധപ്പെട്ട ആശങ്കകളൊന്നും ഇപ്പോഴില്ല. വെസ്റ്റ് ഇന്‍ഡീസില്‍ ടീമിനെ നയിക്കുക രോഹിത്തായിരിക്കുമെന്നും ബിസിസിഐ ഒഫീഷ്യല്‍ വ്യക്തമാക്കി.
ബാറ്റിങില്‍ വളരെ മോശം ഫോമിലൂടെ കടന്നു പോയ്‌ക്കൊണ്ടിരിക്കുന്നതിനാല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും രോഹിത് ശര്‍മ ചെറിയ ബ്രേക്കെടുക്കാന്‍ ആലോചിക്കുന്നുവെന്നായിരുന്നു നേരത്തേയുള്ള അഭ്യൂഹങ്ങള്‍. എന്നാല്‍ ഏകദിന ലോകകപ്പ് ഒക്ടോബറില്‍ നടക്കാനിരിക്കുന്നതിനാല്‍ അദ്ദേഹത്തിനു ഫോം വീണ്ടെടുക്കാനുള്ള ഏറ്റവും നല്ല അവസരമായിരിക്കും വെസ്റ്റ് ഇന്‍ഡീസ് പര്യടനം. ഡബ്ല്യുടിസി ഫൈനലിലും ഐപിഎല്ലിലും കാര്യമായി തിളങ്ങാനായില്ലെങ്കിലും കണക്കുകള്‍ നോക്കിയാല്‍ രോഹിത്ത് അത്ര മോശം ഫോമിലല്ല എന്നതാണ് കൗതുകകരമായ കാര്യം.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഏകദിന ക്രിക്കറ്റിലെ പ്രകടനമെടുത്താല്‍ 49.27 എന്ന മികച്ച ബാറ്റിങ് ശരാശരിയാണ് രോഹിത്തിനുള്ളത്. 13 ഇന്നിങ്‌സുകളില്‍ നിന്നും ഒരു സെഞ്ച്വറിയും നാലു ഫിഫ്റ്റികളും അദ്ദേഹം നേടുകയും ചെയ്തു. 111.52 സ്‌ട്രൈക്ക് റേറ്റിലായിരുന്നു ഇത്. ഈ കാലയളവില്‍ കളിച്ച അഞ്ചു ടെസ്റ്റുകളില്‍ 37.5 ശരാശരിയും ഹിറ്റ്മാനുണ്ട്.

അതേസമയം, മൂന്നു പ്രധാന താരങ്ങളുടെ സേവനം വിന്‍ഡീസ് പര്യടനത്തില്‍ ഇന്ത്യക്കു ലഭിക്കില്ലെന്നും ഉറപ്പായിരിക്കുകയാണ്. മുന്‍ വൈസ് ക്യാപ്റ്റനും ഓപ്പണറുമായ കെഎല്‍ രാഹുല്‍, മധ്യനിര ബാറ്റര്‍ ശ്രേയസ് അയ്യര്‍, സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ എന്നിവരാണ് വിന്‍ഡീസിലേക്ക് ഉണ്ടാവില്ലെന്നു ഉറപ്പായിരിക്കുന്നത്. മൂന്നു പേരും പരിക്കു കാരണം ശസ്ത്രക്രിയക്കു വിധേയരായതിനു ശേഷം ഫിറ്റ്‌നസ് വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്.
ഓസ്‌ട്രേലിയക്കെതിരായ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ രണ്ടിന്നിങ്‌സുകളിലും ബാറ്റിങില്‍ ഫ്‌ളോപ്പായെങ്കിലും വെറ്ററന്‍ താരം ചേതേശ്വര്‍ പുജാരയ്ക്കു വെസ്റ്റ് ഇന്‍ഡീസില്‍ ഇന്ത്യ ഒരവസരം കൂടി നല്‍കും. ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈയ്ക്കായി റണ്‍സ് വാരിക്കൂട്ടുന്ന യുവതാരം സര്‍ഫറാസ് ഖാന് വിന്‍ഡീസ് പര്യടനത്തില്‍ നറുക്കുവീണേക്കും. അടുത്തയാഴ്ചയാണ് വിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ സംഘത്തെ (ജൂണ്‍ 27) സെലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിക്കുന്നത്. ജൂലൈ ആദ്യ വാരം ഇന്ത്യന്‍ സംഘം വിന്‍ഡീസിലേക്കു തിരിക്കുകയും ചെയ്യും.
ഏകദിനം, ടെസ്റ്റ് എന്നിവയില്‍ രോഹിത് ശര്‍മ ഇന്ത്യയെ നയിക്കുമ്പോള്‍ ടി20യില്‍ ഹാര്‍ദിക് പാണ്ഡ്യയായിരിക്കും ക്യാപ്റ്റന്‍. നിലവില്‍ ടി20 ടീമുകളുടെ ഭാഗമല്ലാത്ത രോഹിത്തും വിരാട് കോലിയും ഇത്തവണയും ടീമിലുണ്ടാവില്ല. സഞ്ജു സാംസണ്‍ ടി20, ഏകദിന ടീമുകളില്‍ ഇടം പിടിക്കുമെന്നാണ് വിവരം.
ഏഷ്യാ കപ്പ്, ലോകകപ്പ് എന്നിവ മുന്നില്‍ കണ്ട് ജോലി ഭാരം കുറയ്ക്കുന്നതിനായി യുവ താരം ശുഭ്മന്‍ ഗില്ലിനു ടി20 പരമ്പരയില്‍ വിശ്രമം നല്‍കിയേക്കും. ടെസ്റ്റ് ടീമിലേക്കു സര്‍ഫറാസ് ഖാനെക്കൂടാതെ പുതുമുഖ പേസര്‍ മുകേഷ് കുമാറിനും വിളിയെത്തുമെന്നാണ് വിവരം.
ഇഷാന്‍ കിഷന്‍ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലൂടെ ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറാനുള്ള സാധ്യതയും കൂടുതലാണ്. കെഎസ് ഭരതിനു ബാറ്റിങില്‍ കാര്യമായ ഇംപാക്ടുണ്ടാക്കാന്‍ സാധിക്കാത്തതിനാലാണ് ഇഷാനെ റെഡ് ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യ പരീക്ഷിക്കാനൊരുങ്ങുന്നത്. ഹാര്‍ദിക് പാണ്ഡ്യയെ ടെസ്റ്റ് ടീമിലേക്കു തിരികെ വിളിക്കാന്‍ സെലക്ടര്‍മാര്‍ ആലോചിക്കുന്നുണ്ടെങ്കിലും വിന്‍ഡീസ് പര്യടനത്തില്‍ അതുണ്ടായേക്കില്ല. ലോകകപ്പിനു ശേഷം സൗത്താഫ്രിക്കന്‍ പര്യടനത്തിലൂടെ മാത്രമേ അതു സംഭവിക്കാന്‍ സാധ്യതയുള്ളൂ.