വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ സര്‍വാധിപത്യം നേടിയെടുത്തിരിക്കുകയാണ്. ആതിഥേയരുടെ 150 റണ്‍സെന്ന ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ രണ്ടാം ദിനം ഭക്ഷണത്തിന് പിരിയുമ്പോള്‍ വിക്കറ്റ് പോവാതെ 146 റണ്‍സെന്ന മികച്ച നിലയിലാണ്. നായകന്‍ രോഹിത് ശര്‍മയും (68) യശ്വസി ജയ്‌സ്വാളും (62) അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കി ക്രീസില്‍ തുടരുകയാണ്. നായകനെന്ന നിലയില്‍ രോഹിത് മുന്നില്‍ നിന്ന് ടീമിനെ നയിക്കുകയാണ്.
അര്‍ധ സെഞ്ച്വറി നേട്ടത്തിന് പിന്നാലെ വമ്പനൊരു റെക്കോഡും രോഹിത് സ്വന്തം പേരിലാക്കിയിരിക്കുകയാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ 50 പ്ലസ് സ്‌കോറുള്ള ഇന്ത്യന്‍ ഓപ്പണര്‍മാരില്‍ രണ്ടാം സ്ഥാനത്തേക്കുയരാന്‍ രോഹിത്തിന് സാധിച്ചു. 120 തവണ 50ലധികം റണ്‍സ് നേടി ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറാണ് തലപ്പത്തുള്ളത്. മുന്‍ ഇന്ത്യന്‍ ഓപ്പണര്‍മാരായ സുനില്‍ ഗവാസ്‌കറും വീരേന്ദര്‍ സെവാഗും 101 തവണ ഈ നേട്ടത്തിലേക്കെത്തി രണ്ടാം സ്ഥാനത്തായിരുന്നു.
എന്നാല്‍ ഒന്നാം ടെസ്റ്റിലെ അര്‍ധ സെഞ്ച്വറി പ്രകടനത്തോടെ 102 തവണ 50ലധികം റണ്‍സ് നേടിയ ഓപ്പണറായി മാറാന്‍ ഹിറ്റ്മാന് സാധിച്ചിരിക്കുകയാണ്. ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണര്‍മാരെയെല്ലാം മറികടന്ന് കുതിക്കാന്‍ ഇന്ത്യന്‍ നായകനായി. ഭാഗ്യവും ഫിറ്റ്‌നസും തുണച്ചാല്‍ ഈ റെക്കോഡില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറെ മറികടക്കാനുള്ള അവസരവും രോഹിത്തിന് മുന്നിലുണ്ട്. അതിന് സാധിക്കുമോയെന്നത് കാത്തിരുന്ന് കണ്ടറിയാം.
മറ്റ് ചില റെക്കോഡുകളും രോഹിത് സ്വന്തം പേരിലാക്കിയിട്ടുണ്ട്. എവേ മത്സരങ്ങളില്‍ കൂടുതല്‍ 50പ്ലസ് റണ്‍സ് നേടുന്ന ഇന്ത്യന്‍ താരങ്ങളില്‍ നാലാം സ്ഥാനത്തേക്കുയരാന്‍ രോഹിത്തിന് സാധിച്ചു. 59 തവണ ഈ നേട്ടത്തിലെത്തിയ മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിക്കൊപ്പമാണ് രോഹിത്തുള്ളത്. 96 തവണ ഈ നേട്ടത്തിലെത്തിയ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തലപ്പത്ത് നില്‍ക്കുമ്പോള്‍ വിരാട് കോലി, രാഹുല്‍ ദ്രാവിഡ് എന്നിവര്‍ 87 തവണ ഈ നേട്ടത്തിലെത്തി രണ്ടാം സ്ഥാനം പങ്കിടുകയാണ്.

വെസ്റ്റ് ഇന്‍ഡീസില്‍ മികച്ച പ്രകടനം കാഴ്ചവെച്ചാല്‍ ദ്രാവിഡിനെ മറികടന്ന് രണ്ടാം സ്ഥാനത്തേക്കെത്താന്‍ കോലിക്കാവും. ടെസ്റ്റില്‍ 3500 റണ്‍സും അദ്ദേഹം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. 2013ല്‍ പരിമിത ഓവറിലെ ഇന്ത്യയുടെ സ്ഥിരം ഓപ്പണറായി മാറാന്‍ രോഹിത്തിനായി. എന്നാല്‍ 2019ലാണ് അദ്ദേഹം ഇന്ത്യയുടെ ടെസ്റ്റ് ഓപ്പണറാവുന്നത്. അതിന് ശേഷം 46ന് മുകളില്‍ ബാറ്റിങ് ശരാശരിയില്‍ കളിക്കാന്‍ രോഹിത്തിന് സാധിച്ചു.
ഇപ്പോള്‍ ഇന്ത്യയുടെ നായകനായും ഓപ്പണറായും രോഹിത് ഗംഭീര പ്രകടനം കാഴ്ചവെക്കുകയാണ്. ടെസ്റ്റില്‍ ഓപ്പണറെന്ന നിലയില്‍ 39 ഇന്നിങ്‌സ് കളിച്ച് 6 സെഞ്ച്വറിയും 5 ഫിഫ്റ്റിയുമാണ് അദ്ദേഹം നേടിയത്. ഫിറ്റ്‌നസ് അനുവദിച്ചാല്‍ ഈ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പൂര്‍ത്തിയാക്കാന്‍ രോഹിത്തിന് സാധിച്ചേക്കും. അവസാന രണ്ട് തവണയും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്താന്‍ ഇന്ത്യക്കായെങ്കിലും കലാശപ്പോരാട്ടത്തില്‍ കിരീടം നഷ്ടപ്പെടുത്തി.
വിന്‍ഡീസിലെ അര്‍ധ സെഞ്ച്വറി പ്രകടനത്തോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യയുടെ റണ്‍വേട്ടക്കാരില്‍ തലപ്പത്തേക്കെത്താന്‍ രോഹിത്തിനായി. എന്നാല്‍ വിരാട് കോലിയുമായി വലിയ വ്യത്യാസമില്ലാത്തതിനാല്‍ ഇൗ റെക്കോഡ് മാറിക്കൊണ്ടിരിക്കുന്നു. ഓപ്പണിങ്ങില്‍ യശ്വസി ജയ്‌സ്വാളിനൊപ്പം 100 റണ്‍സ് കൂട്ടുകെട്ട് സൃഷ്ടിക്കാനും രോഹിത്തിനായി. വിന്‍ഡീസില്‍ സെഞ്ച്വറി കൂട്ടുകെട്ട് സൃഷ്ടിക്കുന്ന അഞ്ചാമത്തെ ഇന്ത്യന്‍ ഓപ്പണര്‍മാരാണ് രോഹിത്തും ജയ്‌സ്വാളും.
ജയ്‌സ്വാള്‍ അരങ്ങേറ്റ മത്സരത്തില്‍ത്തന്നെ അര്‍ധ സെഞ്ച്വറി നേടി ഇന്ത്യയുടെ പ്രതീക്ഷ കാത്തിരിക്കുകയാണ്. ബൗണ്ടറിയിലൂടെയാണ് താരം ഫിഫ്റ്റി പൂര്‍ത്തിയാക്കിയത്. ശുബ്മാന്‍ ഗില്ലിനെ മൂന്നാം നമ്പറിലേക്ക് മാറ്റി ജയ്‌സ്വാളിനെ ഓപ്പണറാക്കാനുള്ള ഇന്ത്യയുടെ തീരുമാനം തെറ്റിയില്ല. വിന്‍ഡീസിലെ വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിലും തിളങ്ങാന്‍ ജയ്‌സ്വാളിന് സാധിച്ചിരിക്കുകയാണ്.