കറാച്ചി: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയിലെ മൂന്നാമത്തെ മത്സരം നാളെ നടക്കാന്‍ പോവുകയാണ്. ആദ്യ മത്സരത്തില്‍ ഇന്ത്യയും രണ്ടാം മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസും ജയിച്ചു. മൂന്നാം മത്സരം ജയിക്കുന്നവരാവും പരമ്പര സ്വന്തമാക്കുക. അതുകൊണ്ടുതന്നെ വാശിയേറിയ പോരാട്ടമാണ് മൂന്നാം മത്സരത്തില്‍ പ്രതീക്ഷിക്കപ്പെടുന്നത്. ഏഷ്യാ കപ്പും ഏകദിന ലോകകപ്പും വരാനിരിക്കെ ഇന്ത്യക്ക് മുന്നില്‍ വലിയ ആശങ്കകളാണുള്ളത്.
ബാറ്റിങ് ഓഡറില്‍ ഇപ്പോഴും ഇന്ത്യക്ക് വ്യക്തതയില്ല. വെസ്റ്റ് ഇന്‍ഡീസിനെതിരേ ഇന്ത്യ പരീക്ഷണങ്ങള്‍ തുടരുന്നത് മികച്ച 11നെ കണ്ടെത്തുന്നതിനായാണ്. എന്നാല്‍ ഇന്ത്യയുടെ പരീക്ഷണങ്ങള്‍ പാളിയെന്നതാണ് എടുത്തു പറയേണ്ടത്. രണ്ടാം ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിനോട് ഇന്ത്യ തോല്‍ക്കുകയും ചെയ്തതോടെ വലിയ വിമര്‍ശനം ടീം മാനേജ്‌മെന്റിനെതിരേയും ഉയരുന്നു. ഇപ്പോഴിതാ ഇന്ത്യയുടെ ബാറ്റിങ് ഓഡറിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ പാക് നായകന്‍ സല്‍മാന്‍ ബട്ട്.
രോഹിത് ശര്‍മക്കും വിരാട് കോലിക്കും പകരം വെക്കാന്‍ സാധിക്കുന്ന താരങ്ങള്‍ നിലവിലെ ഇന്ത്യന്‍ ടീമിലില്ല. അതുകൊണ്ടുതന്നെ ചില അപ്രതീക്ഷിത മാറ്റങ്ങളിലൂടെ ഇന്ത്യക്ക് ശക്തമായ പ്ലേയിങ് 11നെ സൃഷ്ടിക്കാന്‍ സാധിക്കുമെന്നാണ് സല്‍മാന്‍ ബട്ട് പറയുന്നത്. 'രോഹിത് ശര്‍മക്കും വിരാട് കോലിക്കും പകരക്കാരില്ല. അതുകൊണ്ടുതന്നെ രണ്ടാം ഏകദിനത്തില്‍ ഇവരുടെ അഭാവം ഇന്ത്യയെ ബാധിച്ചു.
നേരത്തെ ധോണി ഉള്‍പ്പെടെയുള്ള സൂപ്പര്‍ താരങ്ങള്‍ വിശ്രമമെടുത്തപ്പോള്‍ സുരേഷ് റെയ്‌ന, യുവരാജ് സിങ്, ഗൗതം ഗംഭീര്‍ എന്നിവര്‍ക്ക് ടീമിനെ നന്നായി മുന്നോട്ട് കൊണ്ടുപോകാന്‍ സാധിച്ചിരുന്നു. എന്നാല്‍ ഇന്നത്തെ ഇന്ത്യന്‍ താരങ്ങള്‍ക്ക് ഇത്തരമൊരു കഴിവില്ല. ലോകകപ്പിന് മുമ്പ് ഇന്ത്യ ഈ പ്രശ്‌നത്തിന് പരിഹാരം കാണണം. ഇന്ത്യയുടെ യുവതാരങ്ങളുടെ ഏകദിനം കളിക്കുന്ന ശൈലി കാണുമ്പോള്‍ സ്ഥിരതയോടെ കളിക്കാന്‍ ഇവര്‍ക്ക് സാധിക്കുമെന്ന് തോന്നുന്നില്ല.

അതുകൊണ്ടുതന്നെ ശുബ്മാന്‍ ഗില്ലിനെയും ശിഖര്‍ ധവാനെയും ഓപ്പണര്‍മാരായി കളിപ്പിക്കണം. മൂന്നാം നമ്പറില്‍ വിരാട് കോലി കളിക്കുമ്പോള്‍ നാലാം നമ്പറില്‍ രോഹിത് ശര്‍മ കളിക്കണം. അതിന് ശേഷം സൂര്യകുമാര്‍ യാദവ്, കെ എല്‍ രാഹുല്‍ തുടങ്ങിയ താരങ്ങളെയെല്ലാം കളിപ്പിക്കാം. ഓപ്പണിങ് നോട്ടമിടുന്ന മൂന്നോ നാലോ താരങ്ങള്‍ ഇന്നത്തെ ഇന്ത്യന്‍ ടീമിലുണ്ട്. എന്നാല്‍ മികച്ച ഇംപാക്ട് സൃഷ്ടിക്കുന്നവര്‍ കുറവാണ്'-സല്‍മാന്‍ ബട്ട് പറഞ്ഞു.
ഒരിക്കലും ഇന്ത്യ നടത്താന്‍ സാധ്യതയില്ലാത്ത നിര്‍ദേശമാണ് ബട്ട് മുന്നോട്ട് വെച്ചിരിക്കുന്നത്. രോഹിത് ശര്‍മ ഓപ്പണിങ്ങില്‍ ഗംഭീര റെക്കോഡുള്ള താരമാണ്. ഓപ്പണിങ്ങില്‍ രോഹിത് ശര്‍മയും ശുബ്മാന്‍ ഗില്ലും തുടരാനാണ് സാധ്യത. ഇന്ത്യ ലോകകപ്പ് മുന്നില്‍ക്കണ്ടാണ് ഈ കൂട്ടുകെട്ടിനെ വളര്‍ത്തുന്നത്. നാലാം നമ്പറില്‍ കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍ എന്നിവരിലൊരാള്‍ കളിച്ചേക്കും. ശ്രേയസ് അയ്യര്‍ക്ക് നാലാം നമ്പറില്‍ മുന്‍തൂക്കം ലഭിച്ചേക്കും.
വിക്കറ്റ് കീപ്പറായി കെ എല്‍ രാഹുല്‍ എത്തുമ്പോള്‍ അഞ്ചാം നമ്പര്‍ സീറ്റും രാഹുലിന് തന്നെ ലഭിച്ചേക്കും. ആറാം നമ്പറില്‍ ഹര്‍ദിക് പാണ്ഡ്യയും ഏഴാം നമ്പറില്‍ രവീന്ദ്ര ജഡേജയും കളത്തിലിറങ്ങിയേക്കും. ഇന്ത്യയുടെ ലോകകപ്പിലെ ഏകദിന 11 ഇങ്ങനെ ആവാനാണ് സാധ്യത. ഇപ്പോള്‍ ഇന്ത്യ നടത്തുന്ന പരീക്ഷണങ്ങള്‍ ചില താരങ്ങളുടെ പ്രകട നിലവാരം പരിശോധിക്കാനാണ്. സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് എന്നിവര്‍ തമ്മില്‍ സ്ഥാനത്തിനായി കടുത്ത മത്സരമാണ് നടത്തുന്നത്.
ഏഷ്യാ കപ്പില്‍ ഇവരിലാര് ടീമില്‍ വേണമെന്നത് തീരുമാനിക്കാന്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയിലെ പ്രകടനം നിര്‍ണ്ണായകമാവും. സഞ്ജു സാംസണിനെ ഇന്ത്യ കാര്യമായി പിന്തുണച്ചേക്കില്ല. മോശം ഫോമിലുള്ള സൂര്യകുമാര്‍ യാദവിന് കൂടുതല്‍ അവസരം ലഭിച്ചേക്കും. ഇത്തവണ ഇന്ത്യയിലാണ് ലോകകപ്പ് നടക്കുന്നത്. അത് അലമാരയില്‍ എത്തിക്കാനാവാതെ പോയാല്‍ രോഹിത്തിനും സംഘത്തിനും അത് വലിയ നാണക്കേടായിരിക്കും എന്നതില്‍ സംശയമില്ല.