വെസ്റ്റ് ഇന്‍ഡീസുമായി നടക്കാനിരിക്കുന്ന ഏകദിന പരമ്പരയില്‍ വമ്പന്‍ നാഴികക്കല്ലിനു അരികെ നില്‍ക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റനും സ്റ്റാര്‍ ഓപ്പണറുമായ രോഹിത് ശര്‍മ. സമാപിച്ച ടെസ്റ്റ് പരമ്പരയില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ച ഹിറ്റ്മാന്‍ ഇനി ഏകദിനത്തിലും ഫോം ആവര്‍ത്തിക്കാമെന്ന ആത്മവിശ്വാസത്തിലാണ്. അതിനു കഴിഞ്ഞാല്‍ പരമ്പര തൂത്തുവാരുകയെന്ന ഇന്ത്യയുടെ ലക്ഷ്യം കൂടുതല്‍ എളുപ്പമായി തീരുകയും ചെയ്യും.
ഏകദിന ഫോര്‍മാറ്റില്‍ 10,000 റണ്‍സ് ക്ലബ്ബില്‍ അംഗമാവുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡാണ് പരമ്പരയില്‍ രോഹിത്തിനെ കാത്തിരിക്കുന്നത്. ഇതിനായി മൂന്നു മല്‍സരങ്ങളില്‍ നിന്നും അദ്ദേഹത്തിനു വേണ്ടത് 175 റണ്‍സാണ്. നിലവിലെ ഫോമും വിന്‍ഡീസിന്റെ ദുര്‍ബലമായ ബൗളിങ് നിരയും പരിഗണിക്കുമ്പോള്‍ രോഹിത്തിനു ഇതു അസാധ്യമായ കാര്യമല്ലെന്നു ഉറപ്പിച്ച് തന്നെ പറയാം.

175 റണ്‍സോ, അതിനു മുകളിലോ നേടി 10,000 റണ്‍സെന്ന എലൈറ്റ് ക്ലബ്ബിലെത്തിയാല്‍ ഈ നേട്ടം കൈവരിച്ച ആറാമത്തെ ഇന്ത്യന്‍ താരമായി രോഹിത് മാറും. മാത്രമല്ല 2019നു ശേഷം ആദ്യമായിട്ടായിരിക്കും അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരു താരം 10,000 റണ്‍സ് ക്ലബ്ബില്‍ അംഗമാവുന്നത്. യൂനിവേഴ്‌സല്‍ ബോസെന്നു വിശേഷിപ്പിക്കപ്പെടുന്ന ക്രിസ് ഗെയ്‌ലിനു ശേഷം എലൈറ്റ് ക്ലബ്ബിലെത്തുന്ന ആദ്യത്തെ താരമായും രോഹിത് മാറും.
ഇന്ത്യക്കു വേണ്ടി നേരത്തേ ഏകദിനത്തില്‍ 10,000 ക്ലബ്ബിലെത്തിയ മറ്റുള്ളവര്‍ ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വിരാട് കോലി, സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ്, എംഎസ് ധോണി എന്നിവരാണ്. 18,426 റണ്‍സുമായി സച്ചിനാണ് ഏകദിനത്തില്‍ നിലവിലെ ഏറ്റവും വലിയ റണ്‍വേട്ടക്കാരന്‍.
കോലി 12,898 റണ്‍സുമായി അഞ്ചാംസ്ഥാനത്തും ഗാംഗുലി 11,363 റണ്‍സോടെ ഒമ്പതാംസ്ഥാനത്തും ദ്രാവിഡ് 10,889 റണ്‍സോടെ 10ാം സ്ഥാനത്തും ധോണി 10,773 റണ്‍സുമായി 11ാം സ്ഥാനത്തും നില്‍ക്കുന്നു.
രോഹിത്തിന്റെ ഏകദിന കരിയറെടുത്താല്‍ അദ്ദേഹം 243 മല്‍സരങ്ങളില്‍ നിന്നും നേടിയിരിക്കുന്നത് 9825 റണ്‍സാണ്. 48.64 എന്ന മികച്ച ശരാശരിയോടെയാണിത്. 30 സെഞ്ച്വറികളും മൂന്നു ഡബിള്‍ സെഞ്ച്വറികളും 48 ഫിഫ്റ്റികളുമാണ് ഹിറ്റ്മാന്‍ വാരിക്കൂട്ടിയത്. ഏകദിനത്തില്‍ മൂന്നു ഡബിള്‍ സെഞ്ച്വറികളുള്ള ലോകത്തിലെ ഏക താരം കൂടിയാണ് അദ്ദേഹം. കൂടാതെ ഏറ്റവുമുയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന ലോക റെക്കോഡും രോഹിത്തിന് (264 റണ്‍സ്) അവകാശപ്പെട്ടതാണ്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ രോഹിത്തിന്റെ ഫേവറിറ്റ് എതിരാളികളിലൊന്ന് കൂടിയാണ് വെസ്റ്റ് ഇന്‍ഡീസ്. ഏകദിനത്തില്‍ അവര്‍ക്കെതിരേ വളരെ മികച്ച റെക്കോര്‍ഡാണ് അദ്ദേഹത്തിനുള്ളത്.
ഇതുവരെ 34 ഇന്നിങ്‌സുകളില്‍ നിന്നും 57.18 എന്ന തകര്‍പ്പന്‍ ശരാശരിയില്‍ രോഹിത് വാരിക്കൂട്ടിയത് 1601 റണ്‍സാണ്. 92.17 സ്‌ട്രൈക്ക് റേറ്റോടെയാണിത്. മൂന്നു സെഞ്ച്വറികളും 12 ഫിഫ്റ്റികളും അദ്ദേഹം സ്വന്തം പേരില്‍ കുറിക്കുകയും ചെയ്തു. ഉയര്‍ന്ന സ്‌കോര്‍ 162 റണ്‍സാണ്.
രോഹിത്- വിരാട് കോലി സഖ്യത്തെയും വലിയൊരു നാഴികക്കല്ല് വിന്‍ഡീസുമായുള്ള പരമ്പരയില്‍ കാത്തിരിക്കുകയാണ്. ഏകദിനത്തില്‍ അതിവേഗം 5000 റണ്‍സ് പൂര്‍ത്തിയാക്കിയ ജോടികളെന്ന റെക്കോര്‍ഡാണ് ഇന്ത്യയുടെ സൂപ്പര്‍ സഖ്യം തികയ്ക്കാനൊരുങ്ങുന്നത്. ഇതിനായി മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഈ ജോടിക്കു വേണ്ടത് രണ്ടു റണ്‍സ് മാത്രമാണ്.
നിലവില്‍ 85 ഇന്നിങ്‌സുകളിലാണ് കോലിയും രോഹിത്തും ഒരുമിച്ച് ബാറ്റ് ചെയ്തിട്ടുള്ളത്. ഇവയില്‍ നിന്നം 4998 റണ്‍സ് അടിച്ചെടുക്കുകയും ചെയ്തു. 15 സെഞ്ച്വറി കൂട്ടുകെട്ടുകള്‍ പടുത്തുയര്‍ത്തിയ സഖ്യം 18 ഫിഫ്റ്റി കൂട്ടുകെട്ടുകളിലും പങ്കാളിയായി.