ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഓസ്‌ട്രേലിയയോടേറ്റ വന്‍ പരാജയത്തോടെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ ഭാവി ചോദ്യചിഹ്നമായിരിക്കുകയാണ്. റെഡ് ബോള്‍ ക്രിക്കറ്റില്‍ നായകസ്ഥാനത്തു അദ്ദേഹത്തിന്റെ ദിനങ്ങള്‍ എണ്ണപ്പെട്ടുവെന്നാണ് പുറത്തുവരുന്ന വിവരം.
ചില കടുത്ത തീരുമാനങ്ങള്‍ക്കു ബിസിസിഐ മുതിര്‍ന്നേക്കുമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഡബ്ല്യുടിസിയില്‍ ഇന്ത്യയുടെ അടുത്ത സൈക്കിള്‍ അടുത്ത മാസത്തെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തോടെയാണ് ആരംഭിക്കുന്നത്. രണ്ടു ടെസ്റ്റുകളാണ് വിന്‍ഡീസില്‍ ജൂലൈ പകുതിയോടെ ടീം ഇന്ത്യ കളിക്കുന്നത്.
ടെസ്റ്റില്‍ വലിയൊരു അഴിച്ചുപണിക്ക് ബിസിസിഐ മുതിര്‍ന്നേക്കുമെന്നാണ് സൂചന. ഇതിന്റെ ആദ്യ പടിയായി ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്‌ക്കെതിരേയാവും ആദ്യത്തെ നടപടി. 36ാം വയസ്സിലേക്കു കടക്കുന്ന അദ്ദേഹത്തെ ടെസ്റ്റ് ടീമിന്റെ നായകസ്ഥാനത്തു നിന്നും പുറത്താക്കിയേക്കും. വെസ്റ്റ് ഇന്‍ഡീസില്‍ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പര ക്യാപ്റ്റനെന്ന നിലയില്‍ അദ്ദേഹത്തിന്റെ അവസാനത്തേത് ആയേക്കും. ഈ പരമ്പരയ്ക്കു ശേഷം ടെസ്റ്റിലെ ഭാവിയുമായി ബന്ധപ്പെട്ട് ബിസിസിഐയുമായി രോഹിത് ആലോചിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
വെസ്റ്റ് ഇന്‍ഡീസുമായുള്ള ടെസറ്റ് പരമ്പയ്ക്കുള്ള ഇന്ത്യന്‍ സംഘത്തെ വൈകാതെ പ്രഖ്യാപിക്കും. രോഹിത് ശര്‍മ ബ്രേക്കെടുത്തില്ലെങ്കില്‍ അദ്ദേഹം തന്നെയായിരിക്കും ടീമിനെ നയിക്കുന്നത്. എന്നാല്‍ വിന്‍ഡീസുമായി ഡൊമിനിക്ക, സെന്റ് ലൂസിയ എന്നീവിടങ്ങളില്‍ നടക്കാനിരിക്കുന്ന ടെസ്റ്റുകളില്‍ ഒരു വലിയ ഇന്നിങ്‌സെങ്കിലും രോഹിത്തിനു കളിച്ചേ തീരൂ. അതിനു സാധിച്ചില്ലെങ്കില്‍ ബിസിസിഐ കൂടുതല്‍ കടുപ്പമേറിയ തീരുമാനങ്ങളെടുക്കാന്‍ നിര്‍ബന്ധിതരായി തീരും.
വെസ്റ്റ് ഇന്‍ഡീസുമായുള്ള ടെസ്റ്റ് പരമ്പരയ്ക്കു ശേഷം രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയെയും ഭാവിയെക്കുറിച്ചുമെല്ലാം ശിവ് സുന്ദര്‍ ദാസിനു കീഴിലള്ള സെലക്ഷന്‍ കമ്മിറ്റി ആലോചിച്ചു തീരുമാനമെടുക്കുമെന്നു ബിസിസിഐ ഒഫീഷ്യലിനെ ഉദ്ധരിച്ച് ഇന്‍സൈഡ് സ്‌പോര്‍ട്ട് റിപ്പോര്‍ട്ട് ചെയ്തു. വെസ്റ്റ് ഇന്‍ഡീസ് പര്യടനം കഴിഞ്ഞാല്‍ ഡിസംബര്‍ അവസാനം വരെ നമുക്കു ടെസ്റ്റ് മല്‍സരങ്ങളില്ല. സൗത്താഫ്രിക്കയിലേക്കാണ് നമ്മള്‍ അന്നു യാത്ര തിരിക്കുക.
അതുകൊണ്ടു തന്നെ രോഹിത്തിന്റെ ക്യാപ്റ്റന്‍സിയെക്കുറിച്ചും ടെസ്റ്റ് ടീമിനെക്കുറിച്ചുമെല്ലാം നന്നായി ചിന്തിക്കാനും തീരുമാനമെടുക്കാനും ബിസിസിഐയുടെ പക്കല്‍ സമയമുണ്ട്. കൂടാതെ അപ്പോഴും സെലക്ഷന്‍ കമ്മിറ്റിക്കു പുതിയ ചെയര്‍മാനും വരുമെന്നും ബിസിസിഐ ഒഫീഷ്യല്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, വിരാട് കോലി സൗത്താഫ്രിക്കന്‍ പര്യടനത്തിനിടെ തികച്ചും അപ്രതീക്ഷിതമായി ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനം രാജിവച്ചപ്പോള്‍ പകരം ചുമതലയേറ്റെടുക്കാന്‍ രോഹിത് ശര്‍മയ്ക്കും വലിയ താല്‍പ്പര്യമില്ലായിരുന്നു. തുടര്‍ച്ചയായ പരിക്കുകളും ഫിറ്റ്‌നസ് പ്രശ്‌നങ്ങളും കാരണം ടെസ്റ്റില്‍ തനിക്കു എത്ര കാലം കളിക്കാന്‍ സാധിക്കുമെന്ന സംശയം കാരണമായിരുന്നു ഇത്.
എന്നാല്‍ അന്നത്തെ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെയും സെക്രട്ടറി ജയ് ഷായുടെയും ഇപപെടല്‍ കാരണം രോഹിത് സമ്മതം മൂളുകയായിരുന്നു. സൗത്താഫ്രിക്കയില്‍ ക്യാപ്റ്റനെന്ന നിലയില്‍ കെഎല്‍ രാഹുല്‍ നിരാശപ്പെടുത്തിയതോടെയാണ് ക്യാപ്റ്റന്‍സി ഏറ്റെടുക്കാന്‍ ഗാംഗുലിയും ജയ് ഷായും ചേര്‍ന്ന് രോഹിത്തിനെ ഈ റോളിലേക്കു നിബന്ധിച്ചതെന്നും ബിസിസിഐയുമായി അടുത്ത വൃത്തങ്ങള്‍ പയുന്നു.
2022ലായിരുന്നു രോഹിത് ശര്‍മ ഇന്ത്യന്‍ ടെസ്റ്റ് ടീം ക്യാപ്റ്റന്‍സി ഏറ്റെടുത്തത്. അതിനു ശേഷം ഇന്ത്യ കളിച്ചത് 10 ടെസ്റ്റുകളിലാണ്. ഇതില്‍ മൂന്നെണ്ണത്തില്‍ അദ്ദേഹത്തിനു കളിക്കാനായില്ല. കൊവിഡ് കാരണം ഇംഗ്ലണ്ടുമായുള്ള ഒരു ടെസ്റ്റില്‍ പുറത്തിരുന്ന ഹിറ്റ്മാന്‍ പരിക്കു കാരണം കഴിഞ്ഞ വര്‍ഷം അവസാനത്തോടെ ബംഗ്ലാദേശില്‍ നടന്ന രണ്ടു ടെസ്റ്റുകളിലും കളിച്ചില്ല.
നായകനായതിനു ശേഷമുള്ള ഏഴു ടെസ്റ്റുകളില്‍ 11 ഇന്നിങ്‌സുകളിലാണ് രോഹിത് ബാറ്റ് ചെയ്തത്. ഇവയില്‍ നിന്നും 35.45 ശരാശരിയില്‍ ഒരേയൊരു സെഞ്ച്വറിയടക്കം നേടിയത് 390 റണ്‍സാണ്. മറ്റൊരു ഫിഫ്റ്റി പ്ലസ് സ്‌കോര്‍ പോലും അദ്ദേഹം നേടിയിട്ടില്ല. നാഗ്പൂരില്‍ ഓസ്‌ട്രേലിയയുമായുള്ള ടെസ്റ്റില്‍ നേടിയ 120 റണ്‍സാണ് രോഹിത്തിന്റെ ഉയര്‍ന്ന സ്‌കോര്‍.