മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ അടുത്ത പരമ്പര വെസ്റ്റ് ഇന്‍ഡീസിനെതിരെയാണ്. രണ്ട് മത്സര ടെസ്റ്റും മൂന്ന് മത്സര ഏകദിനവും അഞ്ച് മത്സര ടി20യുമാണ് ഇന്ത്യ വെസ്റ്റ് ഇന്‍ഡീസില്‍ കളിക്കുന്നത്. ഇതിനുള്ള മുന്നൊരുക്കത്തിലാണ് ഇന്ത്യ. പരമ്പരയ്ക്കുള്ള ടീമിനെ ഈ മാസം 27ന് പ്രഖ്യാപിക്കും. ആദ്യം നടക്കുന്നത് ടെസ്റ്റ് പരമ്പരയാണ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ തോല്‍വിയില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് മാറ്റങ്ങളോടെയാവും ഇന്ത്യ ഇറങ്ങുകയെന്നാണ് റിപ്പോര്‍ട്ട്.
ഇപ്പോഴിതാ എല്ലാവരെയും ഞെട്ടിപ്പിച്ച് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനൊരുങ്ങുകയാണ് രോഹിത് ശര്‍മ. സമീപകാലത്തായി ഫിറ്റ്‌നസ് പ്രശ്‌നത്തെത്തുടര്‍ന്ന് ബുദ്ധിമുട്ടുന്ന രോഹിത്തിന്റെ പ്രകടനങ്ങളും പ്രതീക്ഷക്കൊത്തുള്ളതല്ല. ഈ സാഹചര്യത്തിലാണ് ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ നിന്ന് വിരമിക്കാന്‍ രോഹിത് ആലോചിക്കുന്നത്. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ നായകസ്ഥാനത്ത് രോഹിത് ശര്‍മയാണ്. വിന്‍ഡീസ് പരമ്പരയിലൂടെ വിരമിച്ചാല്‍ അടുത്ത ടെസ്റ്റ് നായകനെ കണ്ടെത്താന്‍ ഇന്ത്യക്ക് സമയം ലഭിക്കും.
ഈ ടെസ്റ്റ് പരമ്പരക്ക് ശേഷം ഡിസംബറില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയാണ് ഇന്ത്യയുടെ അടുത്ത ടെസ്റ്റ് പരമ്പര. ഈ പരമ്പരക്ക് ശേഷം രോഹിത് നായകസ്ഥാനം ഒഴിയുകയും വിരമിക്കല്‍ പ്രഖ്യാപിക്കുകയും ചെയ്താല്‍ പുതിയ ഓപ്പണറെയും ക്യാപ്റ്റനെയും തീരുമാനിക്കാന്‍ ആവിശ്യത്തിന് സമയം ഇന്ത്യക്ക് ലഭിക്കും. പരിമിത ഓവറില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാനും ലോകകപ്പ് മുന്നില്‍ക്കണ്ട് മുന്നൊരുക്കം നടത്താനുമാണ് രോഹിത് ടെസ്റ്റ് നിര്‍ത്താനൊരുങ്ങുന്നത്.
രോഹിത് സ്ഥാനമൊഴിഞ്ഞാല്‍ പുതിയ നായകനായി അജിന്‍ക്യ രഹാനെ, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ശുബ്മാന്‍ ഗില്‍ എന്നിവരിലൊരാളെത്താനാണ് സാധ്യത. ഇതില്‍ കൂടുതല്‍ സാധ്യത രഹാനെക്കും അശ്വിനുമാണ്. വിദേശ പര്യടനം കൂടി പരിഗണിക്കുമ്പോള്‍ രഹാനെക്ക് നായകസ്ഥാനം ലഭിക്കാനാണ് സാധ്യത. ഇന്ത്യക്ക് ഓസ്‌ട്രേലിയയില്‍ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി കിരീടം നേടിക്കൊടുത്ത നായകനാണ് രഹാനെ. തിരിച്ചുവരവില്‍ കസറാനും രഹാനെക്ക് സാധിച്ചിരുന്നു.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും രഹാനെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. അതുകൊണ്ടുതന്നെ രഹാനെക്ക് കൂടുതല്‍ അവസരവും സ്ഥാനവും നല്‍കിയേക്കും. രോഹിത്തിനെ അഭാവത്തില്‍ ഓപ്പണറായി റുതുരാജ് ഗെയ്ക് വാദ്, യശ്വസി ജയ്‌സ്വാള്‍ എന്നിവരിലൊരാള്‍ക്കാവും അവസരം ലഭിക്കുക. രോഹിത്തിനെപ്പോലെ വേഗത്തില്‍ റണ്‍സുയര്‍ത്താന്‍ സാധിക്കുന്ന യുവതാരമാണ് യശ്വസി ജയ്‌സ്വാള്‍. അതുകൊണ്ടുതന്നെ ജയ്‌സ്വാളിനെ ഇന്ത്യ പരിഗണിക്കാനുള്ള സാധ്യത കൂടുതലാണ്.
റുതുരാജിനെ ഇന്ത്യ ബാക്കപ്പ് ഓപ്പണറാക്കുകയോ ചേതേശ്വര്‍ പുജാരക്ക് പകരം മൂന്നാം നമ്പറില്‍ കളിപ്പിക്കുകയോ ചെയ്‌തേക്കും. രോഹിത് ശര്‍മ വിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര മാത്രമെ കളിക്കുകയുള്ളൂവെന്നും പരിമിത ഓവര്‍ പരമ്പരയില്‍ നിന്ന് വിശ്രമമെടുക്കുമെന്നുമുള്ള റിപ്പോര്‍ട്ട് നേരത്തെ തന്നെ പുറത്തുവന്നതാണ്. ടെസ്റ്റില്‍ രോഹിത് കളിക്കുന്ന അവസാന പരമ്പരയായി വിന്‍ഡീസ് പരമ്പര മാറുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്.
രോഹിത് ശര്‍മക്കൊപ്പം ചേതേശ്വര്‍ പുജാരയും ഇൗ ടെസ്റ്റ് പരമ്പരയോടെ വിരമിച്ചേക്കുമെന്നാണ് സൂചന. വെസ്റ്റ് ഇന്‍ഡീസ് പരമ്പരയില്‍ വളരെ മാറ്റങ്ങള്‍ ഉണ്ടാകില്ലെന്നും ദക്ഷിണാഫ്രിക്കന്‍ പര്യടനമാകുമ്പോഴേക്കും ടീമില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാമെന്നുമുള്ള കണക്കുകൂട്ടലിലാണ് ഇന്ത്യന്‍ ടീം മാനേജ്‌മെന്റ്. നിലവിലെ സാഹചര്യത്തില്‍ രോഹിത് ടെസ്റ്റ് മതിയാക്കുന്നതാണ് എന്തുകൊണ്ടും നല്ലത്. ഫിറ്റ്‌നസ് പ്രശ്‌നമുള്ളതിനാല്‍ ടെസ്റ്റിലടക്കം കളിച്ചാല്‍ പരിക്കേല്‍ക്കാനുള്ള സാധ്യത കൂടും.
ഏഷ്യാ കപ്പും ഏകദിന ലോകകപ്പും വരാനിരിക്കെ ഇന്ത്യയെ ഇത് പ്രതികൂലമായി ബാധിച്ചേക്കും. അതുകൊണ്ടുതന്നെ വലിയ ടൂര്‍ണമെന്റുകള്‍ പടിവാതുക്കല്‍ നില്‍ക്കെ ഇന്ത്യ സാഹസത്തിന് മുതിരാതെയിരിക്കുന്നതാണ് നല്ലത്. രോഹിത്തും പുജാരയും ഉമേഷ് യാദവും ടെസ്റ്റ് ടീമില്‍ നിന്ന് വിരമിച്ച് യുവതാരങ്ങള്‍ക്ക് വഴിമാറിക്കൊടുക്കേണ്ട സമയം അതിക്രമിച്ചുവെന്ന് തന്നെ പറയാം.