വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യ തകര്‍പ്പന്‍ ജയമാണ് നേടിയെടുത്തത്. അഞ്ച് വിക്കറ്റിനാണ് ആതിഥേയരെ ഇന്ത്യ തുരത്തിയത്. ആദ്യം ബാറ്റുചെയ്ത വെസ്റ്റ് ഇന്‍ഡീസ് 114 റണ്‍സില്‍ കൂടാരം കയറിയപ്പോള്‍ 163 പന്തുകള്‍ ബാക്കിനിര്‍ത്തിയാണ് ഇന്ത്യ വിജയം പിടിച്ചെടുത്തത്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഇന്ത്യയുടെ സമ്പൂര്‍ണ്ണ ആധിപത്യമാണ് കാണാന്‍ സാധിച്ചത്. കുല്‍ദീപ് യാദവ് നാല് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റും സ്വന്തമാക്കി.
ഇന്ത്യയുടെ ബാറ്റിങ് ഓഡറില്‍ വലിയ പരീക്ഷണമാണ് ടീം നടത്തിയത്. നായകനും സീനിയര്‍ ഓപ്പണറുമായ രോഹിത് ശര്‍മ പിന്നോട്ടിറങ്ങിയപ്പോള്‍ ഇഷാന്‍ കിഷന്‍ ശുബ്മാന്‍ ഗില്ലിനൊപ്പം ഓപ്പണറായി. സൂര്യകുമാര്‍ യാദവ്, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശര്‍ദ്ദുല്‍ താക്കൂര്‍ എന്നിവരാണ് പിന്നീട് ബാറ്റിങ്ങിനിറങ്ങിയത്. ഏഴാം നമ്പറിലായിരുന്നു രോഹിത് ബാറ്റു ചെയ്യാനെത്തിയത്. വിരാട് കോലി ബാറ്റിങ്ങിന് ഇറങ്ങിയുമില്ല.

ഇപ്പോഴിതാ ഇത്തരമൊരു പരീക്ഷണം ഇന്ത്യ ബാറ്റിങ്ങില്‍ നടത്താനുള്ള കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് നായകന്‍ രോഹിത്. 'ഞാന്‍ ഇന്ത്യക്കായി അരങ്ങേറ്റം നടത്തിയത് ഏഴാം നമ്പറിലാണ്. ഇന്ന് ഏഴാം നമ്പറില്‍ ഇറങ്ങിയപ്പോള്‍ ആ ദിവസങ്ങളാണ് ഓര്‍മയിലെത്തിയത്. ടീമിലേക്കെത്തിയ യുവതാരങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കേണ്ടിയിരുന്നു. 114 റണ്‍സില്‍ വെസ്റ്റ് ഇന്‍ഡീസിനെ ഓള്‍ഔട്ടാക്കാന്‍ സാധിച്ചതോടെ ഇത്തരമൊരു മാറ്റത്തിന് തയ്യാറാവുകയായിരുന്നു.
ഇത്തരത്തില്‍ അധികം അവസരങ്ങള്‍ യുവതാരങ്ങള്‍ക്ക് ലഭിക്കുമെന്ന് കരുതുന്നില്ല'-രോഹിത് ശര്‍മ പറഞ്ഞു. എന്നാല്‍ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാന്‍ ഇന്ത്യയുടെ യുവതാരങ്ങള്‍ക്ക് സാധിച്ചില്ല. ഇഷാന്‍ കിഷന്‍ (52) അര്‍ധ സെഞ്ച്വറി നേടി തിളങ്ങി. 7 ഫോറും 1 സിക്‌സും ഉള്‍പ്പെടെ ലഭിച്ച അവസരം മുതലാക്കാന്‍ ഇഷാന് സാധിച്ചു. എന്നാല്‍ മറ്റുള്ളവരെല്ലാം നിരാശപ്പെടുത്തി. ശുബ്മാന്‍ ഗില്‍ (7), സൂര്യകുമാര്‍ യാദവ് (19), ഹര്‍ദിക് പാണ്ഡ്യ (5), ശര്‍ദ്ദുല്‍ താക്കൂര്‍ എന്നിവരെല്ലാം വന്നതുപോലെ മടങ്ങി.
രവീന്ദ്ര ജഡേജയും (16) രോഹിത് ശര്‍മയും (12) പുറത്താവാതെ നിന്നു. വെസ്റ്റ് ഇന്‍ഡീസിന്റെ സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ ഇന്ത്യയുടെ ബാറ്റിങ് നിര വട്ടം കറങ്ങി. ഇന്ത്യയുടെ ബാറ്റിങ് ദൗര്‍ബല്യത്തെ തുറന്നുകാട്ടുന്ന പ്രകടമാണ് ഒന്നാം ഏകദിനത്തില്‍ കണ്ടത്. മികച്ച സ്പിന്‍ ബൗളര്‍മാര്‍ക്കെതിരേ ഇന്ത്യയുടെ പേരുകേട്ട യുവനിരയുടെ മുട്ടിടിക്കുമെന്ന് ചുരുക്കം. രോഹിത് ശര്‍മയടക്കം സ്പിന്നര്‍മാരെ നേരിടാന്‍ പ്രയാസപ്പെടുന്നതായാണ് കണ്ടത്.
അതേ സമയം ഇന്ത്യയുടെ ബൗളര്‍മാരുടെ പ്രകടനം ഭേദപ്പെട്ടതായിരുന്നു. അരങ്ങേറ്റ പേസര്‍ മുകേഷ് കുമാറിന്റെ പ്രകടനത്തെ രോഹിത് അഭിനന്ദിച്ചു. 'മുകേഷ് കുമാര്‍ മികച്ച പേസറാണ്. നല്ല വേഗതയില്‍ പന്ത് സ്വിങ് ചെയ്യിക്കാന്‍ കഴിവുണ്ട്. ആഭ്യന്തര ക്രിക്കറ്റില്‍ അധികം കാണാത്ത കഴിവുള്ള താരമാണ് മുകേഷ്. ഏത് സാഹചര്യമാണെന്നതിലല്ല കൃത്യമായ ഭാഗത്ത് പന്തെറിയുക എന്നതിലാണ് കാര്യം. നമ്മുടെ ബൗളര്‍മാര്‍ ഈ ജോലി നന്നായി ചെയ്‌തെന്നാണ് കരുതുന്നത്. ഇഷാന്റെ ബാറ്റിങ് പ്രകടനവും മനോഹരമായിരുന്നു'-രോഹിത് പറഞ്ഞു.
അനായാസമായാണ് ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനെ തോല്‍പ്പിച്ചത്. ഒരു സമയത്തും ഇന്ത്യക്ക് ഭീഷണി ഉയര്‍ത്താന്‍ ആതിഥേയര്‍ക്കായില്ല. മത്സരശേഷം വെസ്റ്റ് ഇന്‍ഡീസ് നായകന്‍ ഷെയ് ഹോപ്പ് പറഞ്ഞത് ഇങ്ങനെയാണ്. 'ഇപ്പോള്‍ കാര്യമായൊന്നും പറയാന്‍ കിട്ടുന്നില്ല. ഞങ്ങള്‍ ഉദ്ദേശിക്കുന്ന രീതിയില്‍ കളിക്കാന്‍ സാധിച്ചില്ല. ഇത്തരത്തില്‍ പ്രയാസമുള്ള പിച്ചില്‍ ബാറ്റു ചെയ്ത് സ്‌കോര്‍ ഉയര്‍ത്താന്‍ സാധിക്കണം. തോല്‍വിയെ ന്യായീകരിക്കാന്‍ ആഗ്രഹിക്കുന്നില്ല. ക്രിക്കറ്റ് കണ്ടിട്ടുള്ള ഏതൊരാള്‍ക്കും ഇവിടെ എന്താണ് സംഭവിച്ചതെന്ന് കാണാനാവും'-ഹോപ്പ് പറഞ്ഞു.