IND vs WI: രോഹിത് ഒരു അബദ്ധം കാണിച്ചു! എങ്ങനെ തിരുത്താമെന്ന് ഉപദേശിച്ച് ഗവാസ്‌കര്‍
വെസ്റ്റ് ഇന്‍ഡീസുമായുള്ള ആദ്യ ഏകദിനത്തില്‍ ആധികാരികമായി തന്നെ ജയിച്ചുകയറിയെങ്കിലും ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ഭാഗത്തു നിന്നും ഒരു പിഴവ് സംഭവിച്ചതായി ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടന്ന ആദ്യകളിയില്‍ ആറു വിക്കറ്റിനായിരുന്നു ഇന്ത്യന്‍ വിജയം. ബൗളിങ് കരുത്തിലായിരുന്നു കരെണ്‍ പൊള്ളാര്‍ഡ് നയിച്ച വിന്‍ഡീസിനെ ഇന്ത്യ നിഷ്പ്രഭരാക്കിയത്.
ഇന്ത്യയുടെ പുതിയ വൈറ്റ് ബോള്‍ ക്യാപ്റ്റനായതിനു ശേഷം രോഹിത്തിനു കീഴില്‍ ടീം കളിച്ച ആദ്യത്തെ ഏകദിന പരമ്പര കൂടിയായിരുന്നു ഇത്. മാത്രമല്ല ഇന്ത്യയുടെ 1000ാമത്തെ ഏകദിനമെന്ന പ്രത്യേകതയും ഈ കളിക്കുണ്ടായിരുന്നു.

ആദ്യ ഏകദിനത്തില്‍ രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സി മികച്ചത് തന്നെയായിരുന്നു. ബൗളിങ് മാറ്റങ്ങളിലും ഫീല്‍ഡിങ് ക്രമീകരണത്തിലുമെല്ലാം അദ്ദേഹം മികവ് പുലര്‍ത്തിയതായി സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ ഗവാസ്‌കര്‍ ചൂണ്ടിക്കാട്ടി. പക്ഷെ ചെറിയൊരു പിഴവ് രോഹിത്തിന്റെ ഭാഗത്തു നിന്നു കാണാനായെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ശരിയായ ഫീല്‍ഡര്‍മാരെ ശരിയായ പൊസിഷനുകളില്‍ നിര്‍ത്തുന്നതിലാണ് രോഹിത് ഇനി ശ്രദ്ധിക്കേണ്ടത്. ആദ്യ കളിയില്‍ അദ്ദേഹത്തിന്റെ ഒരേയൊരു പിഴവും ഇതായിരുന്നു. ബൗണ്ടറി ലൈനിന് അരികില്‍ നല്ല വേഗമുള്ള, അതിവേഗം ത്രോ ചെയ്യാന്‍ ശേഷിയുളള ഫീല്‍ഡര്‍മാരാണ് വേണ്ടത്. അവര്‍ക്കു ബൗണ്ടറികള്‍ രക്ഷപ്പെടുത്തുവാനും എക്‌സ്ട്രാ റണ്‍സ് എതിര്‍ ടീം നേടില്ലെന്നു ഉറപ്പ് വരുത്താനും സാധിക്കുമെന്നു ഗവാസ്‌കര്‍ നിരീക്ഷിച്ചു.

യുവ ഫാസ്റ്റ് ബൗളര്‍ പ്രസിദ്ധ് കൃഷ്ണയുടെ ഫീല്‍ഡിങ് പൊസിഷന്‍ ചൂണ്ടിക്കാട്ടിയാണ് സുനില്‍ ഗവാസ്‌കര്‍ ഇക്കാര്യം വിശദീകരിച്ചത്. ആദ്യ കളിയില്‍ ബൗണ്ടറി ലൈനിന് അരികില്‍ പ്രസിദ്ധിനെ രോഹിത് നിര്‍ത്തിയതായി കണ്ടു. ഇതു ശരിയായില്ല. പകരം വാഷിങ്ടണ്‍ സുന്ദറിനെപ്പോലെയൊരാളായിരുന്നു ഈ പൊസിഷനില്‍ വേണ്ടിയിരുന്നത്. ബോളിനെ നന്നായി ചേസ് ചെയ്യുന്ന, മികച്ച രീതിയില്‍ ത്രോ ചെയ്യുന്ന താരമാണ് വാഷിങ്ടണെന്നും ഗവാസ്‌കര്‍ വിലയിരുത്തി.

ഫീല്‍ഡിങിന്റെ കാര്യമെടുത്താല്‍ പ്രസിദ്ധ് കൃഷ്ണ പഠിച്ചുകൊണ്ടിരിക്കുന്ന താരമാണ്. അതുകൊണ്ടു തന്നെ അവനെ സര്‍ക്കിളിന് അകത്തു തന്നെ ഫീല്‍ഡിങിന് നിര്‍ത്തുന്നതാണ് നല്ലത്. കൂടാതെ ഇഷാന്ത് കിഷനെയും 30വാര സര്‍ക്കിളിനകത്തു തന്നെ നിര്‍ത്തണമെന്നും ഗവാസ്‌കര്‍ ആവശ്യപ്പെട്ടു. ഇഷാനും ത്രോയുടെ കാര്യത്തില്‍ അത്ര വേഗതയുള്ള താരമല്ലെന്നും അദ്ദേഹം പറഞ്ഞു.

ഇനിയുള്ള മല്‍സരങ്ങളില്‍ ഇഷാന്‍ കിഷന്‍, പ്രസിദ്ധ് കൃഷ്ണ എന്നീ രണ്ടു താരങ്ങളെ 30 വാരയ്ക്കുള്ളില്‍ തന്നെ നിര്‍ത്താന്‍ രോഹിത് ശര്‍മ ശ്രദ്ധിക്കണം. ചേസിങ് ആവശ്യമുള്ള ബൗണ്ടറിലൈനിന് അരികില്‍ ഇവരെ നിര്‍ത്തരുത്. പക്ഷെ വീണ്ടും പറയട്ടെ, പരമ്പരയിലെ ആദ്യ മല്‍സരം മാത്രമായിരുന്നു ഇത്. കളിക്കാരെക്കുറിച്ച് രോഹിത് മനസ്സിലാക്കി വരുന്നേയുള്ളൂ. ഓരോരുത്തരും എങ്ങനെയുള്ള ഫീല്‍ഡര്‍മാരാണെന്നു അദ്ദേഹം തിരിച്ചറിയും. രണ്ടാം ഏകദിനത്തില്‍ എല്ലാ തരത്തിലും വ്യത്യസ്തമായ കാര്യങ്ങള്‍ രോഹിത്തില്‍ നിന്നും പ്രതീക്ഷിക്കാമെന്നും ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടു.

ഇതുപോലെയൊരു വിജയത്തോടെ പരമ്പര തുടങ്ങാന്‍ സാധിക്കുന്നത് തീര്‍ച്ചയായു നല്ല കാര്യമാണ്. തന്റെ സ്‌പെഷ്യാലിറ്റിയായ ബാറ്റിങില്‍ ടീമിന്റെ വിജയത്തില്‍ സംഭാവന ചെയ്യാനും രോഹിത് ശര്‍മയ്ക്കു കഴിഞ്ഞു. ബാറ്റിങില്‍ തിളങ്ങുന്നതിനൊപ്പം തന്റെ ബൗളര്‍മാരെ മികച്ച രീതിയിലാണ് അദ്ദേഹം ഈ മല്‍സരത്തില്‍ ഉപയോഗിച്ചത്. എല്ലാ കാര്യങ്ങളും ശരിയായി വന്ന ഒരു മല്‍സരമായിരുന്നു അത്.

അതുകൊണ്ടു തന്നെ രോഹിത്തിന്റെ ക്യാപ്റ്റന്‍സിക്കു 10ല്‍ മാര്‍ക്കിടാന്‍ പറയുകയാണെങ്കില്‍ 99.9 ആയിരിക്കും താന്‍ നല്‍കുകയെന്നും ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു. ബുധനാഴ്ചയാണ് പരമ്പരയിലെ അടുത്ത മല്‍സരം. ഈ കളിയിലും ജയിക്കാനായാല്‍ ഇന്ത്യക്കു മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ അപരാജിത ലീഡ് നേടാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications