മുംബൈ: വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനായുള്ള മുന്നൊരുക്കത്തിലാണ് ഇന്ത്യന്‍ ടീം. മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിനവും അഞ്ച് മത്സരങ്ങളടങ്ങിയ ടി20യും രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റുമാണ് ഇന്ത്യ വെസ്റ്റ് ഇന്‍ഡീസില്‍ കളിക്കുക. ഏഷ്യാ കപ്പും ഏകദിന ലോകകപ്പും വരാനിരിക്കുന്നതിനാല്‍ ഇന്ത്യ ഏറ്റവും ശക്തമായ ടീമുമായിട്ടാവും വിന്‍ഡീസിലേക്ക് പോവുകയെന്നായിരുന്നു റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്.
എന്നാലിപ്പോഴിതാ ഇന്ത്യ നായകന്‍ രോഹിത് ശര്‍മക്ക് വിശ്രമം അനുവദിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ടെസ്റ്റ് പരമ്പരയില്‍ രോഹിത്തിന് കീഴിലാവും ഇന്ത്യ കളിക്കുക. എന്നാല്‍ ഏകദിന, ടി20 പരമ്പരയില്‍ രോഹിത്തിന് വിശ്രമം അനുവദിക്കുമെന്നും നയിക്കാന്‍ ഹര്‍ദിക് പാണ്ഡ്യയെത്തുമെന്നുമാണ് റിപ്പോര്‍ട്ട്. ഫിറ്റ്‌നസ് പ്രശ്‌നം നേരിടുന്ന താരമാണ് രോഹിത്. രണ്ടുമാസത്തെ ഐപിഎല്ലിന് ശേഷം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും താരം കളിച്ചിരുന്നു.
വെസ്റ്റ് ഇന്‍ഡീസിനെതിരേ ഇന്ത്യ 10 മത്സരങ്ങളാണ് ആകെ കളിക്കുന്നത്. ഏഷ്യാ കപ്പും ലോകകപ്പും വരാനിരിക്കെ രോഹിത് ശര്‍മയെ തുടര്‍ച്ചയായി കളിപ്പിച്ചാല്‍ പരിക്കേല്‍ക്കാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ വലിയ ടൂര്‍ണമെന്റ് മുന്നില്‍ക്കണ്ട് രോഹിത്തിന് വിശ്രമം നല്‍കാനാണ് ടീം മാനേജ്‌മെന്റ് ആലോചിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. രോഹിത്തിന്റെ ഫിറ്റ്‌നസ് ഏറെ നാളുകളായി പ്രശ്‌നമാണ്. അമിത വണ്ണം താരത്തെ പ്രയാസപ്പെടുത്തുന്നുണ്ട്.
അതുകൊണ്ടുതന്നെ രോഹിത്തിന് ഇന്ത്യ വിശ്രമം നല്‍കിയേക്കും. രോഹിത്തിന്റെ അഭാവം യുവതാരങ്ങള്‍ക്ക് വളര്‍ന്നുവരാനുള്ള അവസരമാണ്. രോഹിത് പരിമിത ഓവറില്‍ നിന്ന് വിട്ടുനിന്നാല്‍ ടി20യില്‍ യശ്വസി ജയ്‌സ്വാള്‍ ഓപ്പണറായെത്തിയേക്കും. ശുബ്മാന്‍ ഗില്ലിനൊപ്പം ഇടം കൈയന്‍ ഓപ്പറെന്ന നിലയില്‍ ജയ്‌സ്വാളിന് മുന്‍തൂക്കമുണ്ട്. രാജസ്ഥാന്‍ റോയല്‍സിന്റെ വെടിക്കെട്ട് ഓപ്പണര്‍ അവസാന ഐപിഎല്ലില്‍ 600ലധികം റണ്‍സുമായി തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്.
എന്നാല്‍ ഏകദിനത്തില്‍ രോഹിത് കളിക്കാത്ത സാഹചര്യത്തില്‍ ഇഷാന്‍ കിഷനെ ശുബ്മാന്‍ ഗില്ലിനൊപ്പം ഓപ്പണറാക്കിയേക്കും. രണ്ട് പേരും മികച്ച റെക്കോഡുള്ള യുവ ബാറ്റ്‌സ്മാന്‍മാരാണ്. ഇടത്-വലത് കൂട്ടുകെട്ട് സൃഷ്ടിക്കേണ്ടതുള്ളതിനാല്‍ ഇഷാന് അവസരം ലഭിക്കാനാണ് സാധ്യത കൂടുതല്‍. ഐപിഎല്ലില്‍ തിളങ്ങിയ റുതുരാജ് ഗെയ്ക് വാദിനെ ഇന്ത്യ പരിഗണിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. രോഹിത്തിന്റെ അഭാവം ഇന്ത്യക്ക് വലിയ വെല്ലുവിളിയായേക്കില്ല.
ഹര്‍ദിക് പാണ്ഡ്യയെന്ന നായകന് കീഴില്‍ ഇന്ത്യ ഇതിനോടകം പരിമിത ഓവര്‍ പരമ്പരകള്‍ കളിക്കുകയും മികവുകാട്ടുകയും ചെയ്തിട്ടുണ്ട്. ഇന്ത്യ അധികം വൈകാതെ ഹര്‍ദിക്കിന് പരിമിത ഓവറിലെ നായകസ്ഥാനം നല്‍കാനുള്ള തയ്യാറെടുപ്പിലാണ്. ഇപ്പോള്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയില്‍ രോഹിത്തിന്റെ അഭാവത്തില്‍ കൈയടി നേടിയെടുക്കാനുള്ള സുവര്‍ണ്ണാവസരമാണ് ഹര്‍ദിക്കിന് മുന്നിലുള്ളത്. സൂര്യകുമാര്‍ യാദവ് വൈസ് ക്യാപ്റ്റനായി എത്താനാണ് സാധ്യത.

രോഹിത്തിന്റെ സമീപകാല പ്രകടനങ്ങള്‍ നോക്കുമ്പോള്‍ അദ്ദേഹത്തിന് വിശ്രമം നല്‍കുന്നതാണ് നല്ലത്. ഓപ്പണറായും ക്യാപ്റ്റനായും പ്രതീക്ഷക്കൊത്ത പ്രകടനമല്ല സമീപകാലത്ത് അദ്ദേഹം നടത്തുന്നത്. വെസ്റ്റ് ഇന്‍ഡീസ് പര്യടനം ഇന്ത്യ യുവതാരങ്ങള്‍ക്ക് മികവ് തെളിയിക്കാനുള്ള അവസരമായി കണ്ടേക്കും. അങ്ങനെ വന്നാല്‍ പല യുവതാരങ്ങള്‍ക്കും വളര്‍ന്നുവരാനുള്ള സുവര്‍ണ്ണാവസരമാണ് മുന്നിലുള്ളത്.
ജയ്‌സ്വാളിനും റുതുരാജിനുമാണ് രോഹിത്തിന്റെ അഭാവം കൂടുതല്‍ ഗുണം ചെയ്യുക. ഓപ്പണര്‍ റോളില്‍ തിളങ്ങി ശ്രദ്ധ പിടിച്ചുപറ്റാനുള്ള അവസരമാണ് ഇരുവര്‍ക്കും മുന്നിലുള്ളത്. എന്നാല്‍ വെസ്റ്റ് ഇന്‍ഡീസില്‍ തിളങ്ങുക എളുപ്പമാവില്ല. വെസ്റ്റ് ഇന്‍ഡീസ് കരുത്തരുടെ നിരയാണ്. അവസാന ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലെല്ലാം വിറപ്പിക്കുന്ന പ്രകടനം കാഴ്ചവെക്കാന്‍ വെസ്റ്റ് ഇന്‍ഡീസിന് സാധിച്ചിട്ടുണ്ട്.
അതുകൊണ്ട് തന്നെ പൂര്‍ണ്ണമായും യുവതാരങ്ങളെ വിശ്വസിച്ച് ഇന്ത്യക്ക് മുന്നോട്ട് പോകാനാവില്ല. രോഹിത്തില്ലെങ്കിലും കെ എല്‍ രാഹുല്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍ എന്നിവരെല്ലാം ഇന്ത്യന്‍ ടീമിലുണ്ടാവും. അതുകൊണ്ട് തന്നെ രോഹിത്തിന്റെ അഭാവം ഇന്ത്യയെ പ്രതികൂലമായി ബാധിക്കാനുള്ള സാധ്യത കുറവാണ്.