പോര്‍ട്ട് ഓഫ് സ്‌പെയിന്‍: ഇടവേളക്ക് ശേഷം രോഹിത് ശര്‍മയെ തന്റെ വിശ്വരൂപത്തില്‍ കണ്ടിരിക്കുകയാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സിലാണ് ഹിറ്റ്മാന്‍ കളം നിറഞ്ഞാടിയത്. 44 പന്തില്‍ 57 റണ്‍സ് നേടിയ രോഹിത് 35 പന്തിലാണ് അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. 5 ബൗണ്ടറിയും 3 സിക്‌സും ഉള്‍പ്പെടെയാണ് രോഹിത്തിന്റെ തകര്‍പ്പന്‍ പ്രകടനം. ഇടവേളക്ക് ശേഷമാണ് രോഹിത്തില്‍ നിന്ന് ഇത്തരമൊരു ഇടിവെട്ട് ഇന്നിങ്‌സ് കാണുന്നത്.
മൂന്ന് സിക്‌സറുകള്‍ പറത്തിയതോടെ മറ്റാര്‍ക്കുമില്ലാത്ത ഒരു സിക്‌സര്‍ റെക്കോഡ് രോഹിത് ശര്‍മ സ്വന്തമാക്കിയിരിക്കുകയാണ്. ഒരു കലണ്ടര്‍ വര്‍ഷം 30തോ അതിലധികമോ സിക്‌സറുകള്‍ 10 തവണ നേടുന്ന താരമെന്ന റെക്കോഡാണ് രോഹിത് സ്വന്തം പേരിലാക്കിയിരിക്കുന്നത്. മറ്റൊരു താരത്തിനും അവകാശപ്പെടാനാവാത്ത നേട്ടമാണിത്. എട്ട് തവണ ഈ നേട്ടം സ്വന്തമാക്കിയ ന്യൂസീലന്‍ഡിന്റെ ബ്രണ്ടന്‍ മക്കല്ലമാണ് രണ്ടാം സ്ഥാനത്ത്.
യൂനിവേഴ്‌സല്‍ ബോസ് വിശേഷണമുള്ള വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്ല്‍ 7 തവണയാണ് ഈ റെക്കോഡിലേക്കെത്തിയത്. ന്യൂസീലന്‍ഡിന്റെ മാര്‍ട്ടിന്‍ ഗപ്റ്റില്‍ 6 തവണ ഈ നേട്ടം സ്വന്തമാക്കിയപ്പോള്‍ മുന്‍ ശ്രീലങ്കന്‍ നായകനും വെടിക്കെട്ട് ഓപ്പണറുമായ സനത് ജയസൂര്യ 5 തവണയും ഈ റെക്കോഡിന്റെ ഭാഗമായിട്ടുണ്ട്. അഞ്ച് തവണ പോലും ഈ നേട്ടത്തിലെത്താന്‍ മറ്റൊരു ഇന്ത്യക്കാരനും ആയിട്ടില്ലെന്നത് രോഹിത്തിന്റെ കരുത്ത് വ്യക്തമാക്കുന്നു.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ സിക്‌സറെന്ന ക്രിസ് ഗെയ്‌ലിന്റെ റെക്കോഡിനോട് അതിവേഗം അടുക്കുകയാണ് രോഹിത്. 551 ഇന്നിങ്‌സില്‍ നിന്ന് 553 സിക്‌സുകളാണ് ഗെയ്ല്‍ നേടിയിട്ടുള്ളത്. 464 ഇന്നിങ്‌സില്‍ നിന്ന് 534 സിക്‌സുകളാണ് രോഹിത്തിന്റെ സമ്പാദ്യം. ഗെയ്ല്‍ ഇതിനോടകം പാഡഴിച്ചു കഴിഞ്ഞു. നിലവില്‍ രോഹിത്തിന് വെല്ലുവിളി ഉയര്‍ത്താന്‍ മറ്റാരുമില്ല. അതുകൊണ്ടുതന്നെ ഗെയ്‌ലിന്റെ റെക്കോഡ് രോഹിത് അനായാസം മറികടന്നേക്കും.

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ രോഹിത് കളിക്കുന്നുണ്ട്. എന്നാല്‍ ടി20യില്‍ പരമ്പരയില്‍ സ്ഥാനമില്ല. അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയിലും രോഹിത്തിന് ഇടമുണ്ടാവില്ല. എന്നാല്‍ വരാനിരിക്കുന്ന ഏഷ്യാ കപ്പിലും ഏകദിന ലോകകപ്പിലും ഇന്ത്യയുടെ നായകനായി രോഹിത്തുണ്ടാവും. ഈ ടൂര്‍ണമെന്റുകളിലൂടെത്തന്നെ ഗെയ്‌ലിന്റെ റെക്കോഡ് ഭേദിക്കാന്‍ രോഹിത് ശര്‍മക്ക് സാധിച്ചേക്കും.
കൂടാതെ ഇന്ത്യയുടെ അന്താരാഷ്ട്ര ക്രിക്കറ്റിലെ റണ്‍വേട്ടക്കാരില്‍ എംഎസ് ധോണിയെ മറികടന്ന് അഞ്ചാം സ്ഥാനത്തേക്കെത്താനും രോഹിത്തിന് സാധിച്ചിരിക്കുകയാണ്. 17281 റണ്‍സാണ് രോഹിത്തിന്റെ പേരിലുള്ളത്. 18433 റണ്‍സുമായി സൗരവ് ഗാംഗുലിയും 25064 റണ്‍സുമായി രാഹുല്‍ ദ്രാവിഡും 25461 റണ്‍സുമായി വിരാട് കോലിയും 34357 റണ്‍സുമായി സച്ചിന്‍ ടെണ്ടുല്‍ക്കറുമാണ് ഈ റെക്കോഡില്‍ ഹിറ്റ്മാന് മുന്നിലുള്ളത്. രോഹിത്തിന്റെ സിക്‌സര്‍ റെക്കോഡുകളൊന്നും അത്ര വേഗത്തില്‍ തകര്‍ക്കാന്‍ സാധിക്കുന്നതല്ല.
വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ മികച്ച ഫോമിലാണ് രോഹിത് കളിക്കുന്നത്. ഓപ്പണിങ്ങില്‍ യുവതാരം യശ്വസി ജയ്‌സ്വാളിനൊപ്പം ഗംഭീര പ്രകടനം കാഴ്ചവെക്കാന്‍ രോഹിത്തിനായി. ഇരുവരുടേയും കൂട്ടുകെട്ട് ക്ലിക്കായിരിക്കുകയാണെന്ന് പറയാം. മൂന്ന് ഇന്നിങ്‌സില്‍ നിന്ന് 466 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തത്. രണ്ട് മത്സര ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യക്കായി കൂടുതല്‍ റണ്‍സ് നേടുന്ന ഓപ്പണിങ് കൂട്ടുകെട്ടായി മാറാന്‍ ഇരുവര്‍ക്കും സാധിച്ചിരിക്കുകയാണ്.
ഓപ്പണര്‍ സ്ഥാനം ജയ്‌സ്വാളിനായി വിട്ടുകൊടുത്ത ശുബ്മാന്‍ ഗില്ലിന് മൂന്നാം നമ്പറില്‍ കാര്യമായ പ്രകടനം കാഴ്ചവെക്കാനായിട്ടില്ല. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഡിസംബറില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ രോഹിത്-ജയ്‌സ്വാള്‍ ഓപ്പണിങ് കൂട്ടുകെട്ടിനെ നിലനിര്‍ത്തി മുന്നോട്ട് പോകുമോയെന്നത് കാത്തിരുന്ന് കാണാം. മൂന്നാം നമ്പറില്‍ കളിച്ച് മികവുകാട്ടാന്‍ ശുബ്മാന്‍ നന്നായി പ്രയാസപ്പെടുന്നുണ്ട്.