വെസ്റ്റ് ഇന്‍ഡീസുമായുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലെ ഉജ്ജ്വല ജയത്തോടെ റെക്കോര്‍ഡിട്ടിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. മുന്‍ ക്യാപ്റ്റനും ഇതിഹാസ ബാറ്ററുമായ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡാണ് ഹിറ്റ്മാന്‍ പഴങ്കഥയാക്കിയിരിക്കുന്നത്. ഡൊമിനിക്കയില്‍ നടന്ന തികച്ചും ഏകപക്ഷീയമായ ടെസ്റ്റില്‍ വിന്‍ഡീസിനെതിരേ അനായാസ ജയമാണ് രോഹിത്തും സംഘവും സ്വന്തമാക്കിയത്.
ഇന്നിങ്‌സിനും 141 റണ്‍സിനും എതിരാളികളെ ഇന്ത്യ വാരിക്കളയുകയായിരുന്നു. വെറും മൂന്നു ദിവസം കൊണ്ടാണ് വിന്‍ഡീസിനെ ഇന്ത്യ തീര്‍ത്തത്. രണ്ടിന്നിങ്‌സുകളിലും വിന്‍ഡീസിന് 150ന് മുകളില്‍ സ്‌കോര്‍ ചെയ്യാനായില്ല. ആദ്യ ഇന്നിങ്‌സില്‍ 150നും രണ്ടാമിന്നിങ്‌സില്‍ 130നും അവര്‍ ഓള്‍ഔട്ടായി.

2002 മുതല്‍ വെസ്റ്റ് ഇന്‍ഡീസില്‍ ഇന്ത്യ ടെസ്റ്റ് പരമ്പര തോറ്റിട്ടില്ല. ഈ റെക്കോര്‍ഡ് രോഹിത്തിന്‍റെ ടീമും കാത്തുസുക്ഷിച്ചിരിക്കുകയാണ്. ആദ്യ ടെസ്റ്റിലെ വമ്പന്‍ ജയത്തോടെ രണ്ടു ടെസ്റ്റുകളുടെ പരമ്പര നഷ്ടമാവില്ലെന്നു ഇന്ത്യ ഉറപ്പാക്കി. ഡബ്ല്യുടിസി ചാംപ്യന്‍ഷിപ്പിന്റെ മൂന്നാം സീസണിലെ ആദ്യ ടെസ്റ്റ് ഗംഭീര വിജയവുമായി തുടങ്ങാനും ഇന്ത്യക്കു സാധിച്ചിരിക്കുകയാണ്.
ബാറ്ററെന്ന നിലയില്‍ റെക്കോര്‍ഡുകളുടെ ചാകര തീര്‍ത്തെങ്കിലും ഇന്ത്യന്‍ ക്യാപ്റ്റന്റെ റോളില്‍ അത്രത്തോളം നേട്ടം കൈവരിക്കാന്‍ സച്ചിനായിട്ടില്ല. ടെസ്റ്റ് ക്രിക്കറ്റില്‍ അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സി റെക്കോര്‍ഡാണ് രോഹിത് ഇപ്പോള്‍ തകര്‍ത്തിരിക്കുന്നത്. 25 ടെസ്റ്റുകളിലാണ് സച്ചിനു കീഴില്‍ ഇന്ത്യ കളിച്ചത്. പക്ഷെ ഇതില്‍ ടീമിനു ജയിക്കാനായത് വെറും നാലെണ്ണത്തില്‍ മാത്രമാണ്.
അഞ്ചാം ജയത്തോടെയാണ് സച്ചിനെ രോഹിത് ഇപ്പോള്‍ പിന്തള്ളിയിരിക്കുന്നത്. ഇതവരെ നയിച്ച എട്ടു ടെസ്റ്റുകളില്‍ അഞ്ചിലും ടീമിനെ ജയിപ്പിക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്. വെറും രണ്ടു ടെസ്റ്റുകളിലാണ് രോഹിത്തിനു കീഴില്‍ ഇന്ത്യ പരാജയപ്പെട്ടത്.
സച്ചിനെ മാത്രമല്ല അജിത് വഡേക്കര്‍, അജിങ്ക്യ രഹാനെ എന്നിവരുടെ ക്യാപ്റ്റന്‍സി റെക്കോര്‍ഡും രോഹിത് മറികടന്നിരിക്കുകയാണ്. രണ്ടു പേര്‍ക്കും കീഴില്‍ നാലു ടെസ്റ്റുകളിലാണ് ഇന്ത്യ വിജയം കൊയ്തത്. മോശം ഫോമിനെ തുടര്‍ന്നു ഇന്ത്യന്‍ ടെസ്റ്റ് ടീമിനു പുറത്തായിരുന്ന രഹാനെ കഴിഞ്ഞ ഡബ്ല്യുടിസി ഫൈനലിലൂടെയാണ് തിരിച്ചെത്തിയത്.
വിന്‍ഡീസ് പര്യടനത്തില്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ കൂടിയാണ് രഹാനെ. ടെസ്റ്റില്‍ അദ്ദേഹം ഒരിക്കലും ഇന്ത്യയുടെ സ്ഥിരം നായകനായിട്ടില്ല. മുന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ അഭാവത്തിലാണ് ചില മല്‍സരങ്ങളില്‍ ടീമിനെ നയിക്കാന്‍ അന്നു വൈസ് ക്യാപ്റ്റനായിരുന്ന രഹാനെയ്ക്കു നറുക്കുവീണത്.

സച്ചിന്റെ ക്യാപ്റ്റന്‍സി റെക്കോര്‍ഡ് തകര്‍ത്തെങ്കിലും കോലിയുടെ റെക്കോര്‍ഡ് രോഹിത്തിനു സ്വപ്‌നം പോലും കാണാന്‍ സാധിക്കാത്തതാണ്. ഇന്ത്യയെ ഏറ്റവുമധികം ടെസ്റ്റ് വിജയങ്ങളിലേക്കു നയിച്ച ക്യാപ്റ്റനെന്ന ഓള്‍ടൈം റെക്കോര്‍ഡ് കോലിക്കു സ്വന്തമാണ്.
68 ടെസ്റ്റുകളില്‍ നിന്നും 40 ജയങ്ങളാണ് അദ്ദേഹം ടീമിനു നേടിത്തന്നത്. കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് തികച്ചും അപ്രതീക്ഷിതമായി ടെസ്റ്റ് ടീമിന്റെ നായകസ്ഥാനം രാജിവയ്ക്കുന്നതായി കോലി പ്രഖ്യാപിക്കുന്നത്. തുടര്‍ന്ന് രോഹിത് സ്ഥിരം ക്യാപ്റ്റനായി ചുമതലയേല്‍ക്കുകയായിരുന്നു.
കോലി കഴിഞ്ഞാല്‍ ഇന്ത്യക്കു ഏറ്റവുമധികം ടെസ്റ്റ് വിജയങ്ങള്‍ സമ്മാനിച്ചത് മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയാണ്. 60 ടെസ്റ്റുകളിലാണ് അദ്ദേഹത്തിനു കീഴില്‍ ടീം ഇറങ്ങിയത്. ഇവയില്‍ 27 വിജയങ്ങള്‍ സ്വന്തമാക്കാന്‍ ടീമിനു സാധിക്കുകയും ചെയ്തു. ധോണിക്കു പിന്നില്‍ മൂന്നാംസ്ഥാനം മുന്‍ നായകന്‍ സൗരവ് ഗാംഗുലിക്കാണ്. ദാദയ്ക്കു കീഴില്‍ 49 ടെസ്റ്റുകളില്‍ നിന്നും 21 ജയങ്ങള്‍ ടീം ഇന്ത്യ സ്വന്തമാക്കിയിട്ടുണ്ട്.