വെസ്റ്റ് ഇന്‍ഡീസുമായുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ രണ്ടു വമ്പന്‍ നേട്ടങ്ങള്‍ കുറിച്ചിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. ആദ്യ ടെസ്റ്റിലേതു പോലെ രണ്ടാം ടെസ്റ്റിലും തകര്‍പ്പന്‍ തുടക്കമാണ് ഇന്ത്യക്കു ലഭിച്ചിരിക്കുന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ഇന്ത്യ ആദ്യ സെഷനില്‍ ഓപ്പണിങ് വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ടുമായി കുതിക്കുകയാണ്. രോഹിത്തിനൊപ്പം കരിയറിലെ രണ്ടാം ടെസ്റ്റ് കളിക്കുന്ന യശസ്വി ജയ്‌സ്വാളും ഫിഫ്റ്റി പൂര്‍ത്തിയാക്കിക്കഴിഞ്ഞു.
63 റണ്‍സുമായാണ് രോഹിത് ക്രീസിലുള്ളത്. 102 ബോളുകള്‍ നേരിട്ട താരത്തിന്റെ ഇന്നിങ്‌സില്‍ ആറു ഫോറും രണ്ടു സിക്‌സറുകളുമുണ്ടായിരുന്നു. ഈ ഇന്നിങ്‌സിനിടെയാണ് രണ്ടു വലിയ നാഴികക്കല്ലുള്‍ ഹിറ്റ്മാന്‍ പിന്നിട്ടത്. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കുറച്ച് ഇന്നിങ്‌സുകളില്‍ നിന്നും 2000 റണ്‍സ് പൂര്‍ത്തിയാക്കിയ രണ്ടാമത്തെ ഇന്ത്യന്‍ ഓപ്പണറായി രോഹിത് മാറിയിരിക്കുകയാണ്.

40 ഇന്നിങ്‌സുകള്‍ മാത്രമാണ് ഈ നേട്ടത്തിലെത്താന്‍ അദ്ദേഹത്തിനു വേണ്ടി വന്നത്. 53ന് മുകളില്‍ ശരാശരിയോടെയാണിത്. നേരത്തേ രണ്ടാംസ്ഥാനം പങ്കിട്ട മുന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കര്‍, ഗൗതം ഗംഭീര്‍ എന്നിവരുടെ റെക്കോര്‍ഡ് രോഹിത് തകര്‍ക്കുകയായിരുന്നു. ഇരുവര്‍ക്കും 2000 തികയ്ക്കാന്‍ വേണ്ടിവന്നത് 43 ഇന്നിങ്‌സുകളായിരുന്നു.
എന്നാല്‍ ഏറ്റവും വേഗത്തില്‍ 2000 റണ്‍സെടുത്ത ഇന്ത്യന്‍ ഓപ്പണറെന്ന ഓള്‍ടൈം റെക്കോര്‍ഡ് ഇപ്പോഴും മുന്‍ ഇതിഹാസം വീരേന്ദര്‍ സെവാഗിന്റെ പേരില്‍ ഭദ്രമാണ്. 39 ടെസ്റ്റുകളില്‍ നിന്നായിരുന്നു അദ്ദേഹം 2000 റണ്‍സെന്ന മാന്ത്രികസംഖ്യ പൂര്‍ത്തിയാക്കിയത്. ഈ ലിസ്റ്റില്‍ രോഹിത്, ഗവാസ്‌കര്‍, ഗംഭീര്‍ എന്നിവര്‍ കഴിഞ്ഞാല്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ ശിഖര്‍ ധവാന്‍ (47), മുരളി വിജയ് (48), നവ്‌ജ്യോത് സിദ്ധു (48), കെഎല്‍ രാഹുല്‍ (55) എന്നിവരാണ്.
ഇതു കൂടാതെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യക്കു വേണ്ടി 2000 റണ്‍സ് പൂര്‍ത്തിയാക്കിയ ആദ്യത്തെ താരമെന്ന വമ്പന്‍ റെക്കോര്‍ഡും രോഹിത് തന്റെ പേരില്‍ കുറിച്ചിരിക്കുകയാണ്. മറ്റൊരു നാഴികക്കല്ലും അദ്ദേഹം സ്വന്തം പേരിലാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ മൂന്നു ഫോര്‍മാറ്റുകളിലുമായി ഏറ്റവുമധികം റണ്ണെടുത്ത അഞ്ചാമത്തെ ഇന്ത്യന്‍ താരമായും രോഹിത് മാറി.

മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയെയാണ് അദ്ദേഹം പിന്തള്ളിയത്. 17,281 റണ്‍സുമായാണ് ഓള്‍ടൈം റണ്‍വേട്ടക്കാരില്‍ ഹിറ്റ്മാന്‍ അഞ്ചാംസ്ഥാനത്തുള്ളത്. മുന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (34,357), വിരാട് കോലി (25,461), രാഹുല്‍ ദ്രാവിഡ് (25,064), സൗരവ് ഗാംഗുലി (18,433) എന്നിവരാണ് ആദ്യത്തെ നാലു സ്ഥാനങ്ങളില്‍.
അതേസമയം, ട്രിനിഡാഡിലെ ക്വീന്‍സ് പാര്‍ക്ക് ഓവലില്‍ നടക്കുന്ന രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ വിക്കറ്റ് നഷ്ടമില്ലാതെ 121 റണ്‍സെന്ന നിലയിലാണ് ആദ്യദിനം ലഞ്ച് ബ്രേക്കിനു ഇന്ത്യ പിരിഞ്ഞത്. രോഹിത്തിനൊപ്പം 52 റണ്‍സുമായാണ് ജയ്‌സ്വാള്‍ ക്രീസിലുള്ളത്. 56 ബോളുകള്‍ നേരിട്ട താരം എട്ടു ഫോറും ഒരു സിക്‌സറുമടിച്ചു. ഡൊമിനിക്കയിലെ ആദ്യ ടെസ്റ്റില്‍ 171 റണ്‍സുമായി ഇന്ത്യയുടെ ഹീറോയായ ജയ്‌സ്വാള്‍ ഈ മല്‍സരത്തിലും പ്രകടനം ആവര്‍ത്തിക്കുകയായിരുന്നു.