മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സെലക്ടര്‍മാര്‍ക്ക് വലിയ തലവേദന ഉയര്‍ത്തുന്ന പേരാണ് സഞ്ജു സാംസണ്‍. മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനെ ടീമിലേക്ക് പരിഗണിച്ചില്ലെങ്കില്‍ വലിയ സൈബര്‍ ആക്രമണമാണ് ബിസിസിഐക്ക് എതിരേ ഉയരുന്നത്. സഞ്ജുവിനെ പ്ലേയിങ് 11 ഉള്‍പ്പെടുത്തിയില്ലെങ്കിലും വലിയ ആരാധക രോഷം കാണേണ്ടി വരും. അത്രത്തോളം വലിയ ആരാധക പിന്തുണ മലയാളി താരത്തിന് ലഭിക്കുന്നുണ്ട്.
വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന, ടി20 പരമ്പരയ്ക്കുള്ള ടീമില്‍ സഞ്ജു സാംസണിന് ഇടം ലഭിച്ചപ്പോള്‍ ആരാധകര്‍ വലിയ പ്രതീക്ഷയിലായിരുന്നു. ഒന്നാം ഏകദിനത്തില്‍ സഞ്ജുവിനെ ഇന്ത്യ പ്ലേയിങ് 11 ഉള്‍പ്പെടുത്തിയിരുന്നില്ല. പകരം സൂര്യകുമാര്‍ യാദവിനാണ് അവസരം ലഭിച്ചത്. സൂര്യകുമാര്‍ ഫ്‌ളോപ്പായതോടെ സഞ്ജുവിനെ കളിപ്പിക്കണമെന്ന മുറവിളി ശക്തമായി. ഇതോടെ രണ്ടാം ഏകദിനത്തില്‍ സഞ്ജു പ്ലേയിങ് 11 ഇടം നേടുകയും ചെയ്തു.
മൂന്നാം നമ്പറിലേക്കെത്തിയ സഞ്ജുവിന് പക്ഷെ തിളങ്ങാനായില്ല. 19 പന്തില്‍ 9 റണ്‍സെടുത്താണ് അദ്ദേഹം പുറത്തായത്. ലഭിച്ച അവസരത്തെ മുതലാക്കാന്‍ സഞ്ജുവിന് സാധിക്കാതെ പോയി. ആരാധകര്‍ വലിയ പ്രതീക്ഷ വെച്ചിരുന്നെങ്കിലും സഞ്ജു തീര്‍ത്തും നിരാശപ്പെടുത്തി. ഇതോടെ സഞ്ജുവിനെതിരേ വലിയ വിമര്‍ശനമാണ് ഉയരുന്നത്. സഞ്ജുവിന്റെ ഹേറ്റേഴ്‌സെല്ലാം താരത്തെ ഇനി ടീമില്‍ ഉള്‍പ്പെടുത്തരുതെന്ന ആവശ്യമാണ് മുന്നോട്ട് വെക്കുന്നത്.
സഞ്ജുവിനെതിരേ വിമര്‍ശനവും ട്രോളുകളും സജീവമാകവെ അദ്ദേഹത്തിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ സെലക്ടറായ സാബ കരീം. സഞ്ജുവിനെതിരേ വലിയ വിമര്‍ശനം ഉയര്‍ത്തേണ്ടതില്ലെന്നും അവന് അര്‍ഹിച്ച ബാറ്റിങ് പൊസിഷന്‍ നല്‍കാതെ ടീം മാനേജ്‌മെന്റ് അവനെ പ്രയാസപ്പെടുത്തുകയാണെന്നുമാണ് സാബ കരീം ചൂണ്ടിക്കാട്ടുന്നത്.

'സഞ്ജു സാംസണ്‍ മിടുക്കനായ വിക്കറ്റ് കീപ്പറാണ്. അവനെ ഒരു പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ മോശമായി ചിത്രീകരിക്കാന്‍ ആഗ്രഹിക്കുന്നില്ല. ഒരു നല്ല ബാറ്റ്‌സ്മാന്‍ എന്നതിലുപരിയായി നല്ല വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ എന്നാണ് അവനെ ഞാന്‍ വിശേഷിപ്പിക്കാന്‍ ആഗ്രഹിക്കുന്നത്. സഞ്ജുവിന് ഒരു ബാറ്റിങ് പൊസിഷനില്‍ സ്ഥിരമായി സ്ഥാനം ലഭിക്കുന്നില്ല. 4,5 ബാറ്റിങ് പൊസിഷനുകളിലാണ് സഞ്ജു കളിച്ചിരുന്നത്. ഇടവേളക്ക് ശേഷം ടീമിലെത്തിയപ്പോള്‍ മൂന്നാം നമ്പറില്‍ കളിപ്പിച്ചു.
ഇവിടെയാണ് വലിയൊരു ആശയക്കുഴപ്പം ഉണ്ടാകുന്നത്. കെ എല്‍ രാഹുല്‍ തിരിച്ചെത്തുമ്പോള്‍ ഇഷാന്‍ കിഷന്‍ ഓപ്പണറാവില്ലെന്ന് ഉറപ്പാണ്. എന്നാല്‍ ഇഷാന്‍ ഓപ്പണിങ്ങില്‍ ഇതേ മികവ് തുടര്‍ന്നാല്‍ ലോകകപ്പില്‍ ഇന്ത്യ രോഹിത്തിനൊപ്പം ഇഷാനെ ഓപ്പണറാക്കുമോ?'- ജിയോ സിനിമയില്‍ സംസാരിക്കവെ സാബ കരീം പറഞ്ഞു. അഭിനവ് മുകുന്ദ് പറയുന്നത് ഇന്ത്യ ലോകകപ്പില്‍ ബാക്കപ്പ് ഓപ്പണറായി ഇഷാന്‍ കിഷനെ പരിഗണിക്കുമെന്നാണ്.
അപ്പോഴും സഞ്ജു പടിക്ക് പുറത്താവും. സഞ്ജുവിനെ ഒതുക്കാന്‍ ബോധപൂര്‍വ്വമായ ശ്രമമുണ്ട്. അതിനെ ചെറുക്കാന്‍ ലഭിക്കുന്ന ചെറിയ അവസരങ്ങള്‍ പോലും സഞ്ജു മുതലാക്കേണ്ടതായുണ്ട്. ദൗര്‍ഭാഗ്യവശാല്‍ അതിന് സഞ്ജുവിന് സാധിക്കുന്നില്ല. സ്ഥിരമായൊരു ബാറ്റിങ് പൊസിഷനില്‍ കൂടുതല്‍ അവസരങ്ങള്‍ സഞ്ജുവിന് നല്‍കാന്‍ ടീം മാനേജ്‌മെന്റ് തയ്യാറാവുന്നില്ല. ബാറ്റിങ് പൊസിഷന്‍ മാറ്റി മാറ്റി കളിക്കുമ്പോള്‍ സഞ്ജു പ്രയാസപ്പെടുന്നു.
ഏകദിനത്തില്‍ 66 ശരാശരിയുള്ള സഞ്ജുവിന് കൂടുതല്‍ അവസരം നല്‍കിയാല്‍ തിളങ്ങാന്‍ സാധിക്കുമെന്ന കാര്യം ഉറപ്പാണ്. നിലവിലെ പ്രകടനം വിലയിരുത്തുമ്പോള്‍ സഞ്ജുവിന് ഏഷ്യാ കപ്പിലും ഏകദിന ലോകകപ്പിലും ഇടം പ്രതീക്ഷിക്കാനാവില്ല. വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തില്‍ സഞ്ജു പ്ലേയിങ് 11 ഉണ്ടാവാന്‍ സാധ്യത കുറവാണ്. ഇതിന് ശേഷം നടക്കുന്ന ടി20 പരമ്പരയിലും സഞ്ജു ബെഞ്ചിലിരിക്കാനാണ് സാധ്യത.
അങ്ങനെ വന്നാല്‍ താരത്തിന്റെ ലോകകപ്പ് മോഹങ്ങള്‍ക്കത് തിരിച്ചടി നല്‍കിയേക്കും. സഞ്ജുവിന്റെ പ്രതിഭയില്‍ ആര്‍ക്കും സംശയമില്ല. എന്നാല്‍ ടീം മാനേജ്‌മെന്റ് ഇപ്പോഴും താരത്തില്‍ പൂര്‍ണ്ണമായും വിശ്വാസം അര്‍പ്പിച്ചിട്ടില്ല. രാഹുല്‍ ദ്രാവിഡ് പരിശീലകസ്ഥാനത്തുണ്ടായിട്ടും സഞ്ജു സാംസണിന് പിന്തുണ ലഭിക്കുന്നില്ലെങ്കില്‍ ഇനിയാരു വന്നാലും ഇത് തന്നെയാവും സഞ്ജുവിന്റെ അവസ്ഥയെന്ന് പറയാം.