IND vs WI: രോഹിത്തിന്റെ ഓപ്പണിങ് പങ്കാളി ധവാന്‍, അപ്പോള്‍ രാഹുല്‍? ടീമില്‍ അഴിച്ചുപണി വരുന്നു
ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ഏകദിന പരമ്പരയ്ക്കു അടുത്ത ഞായറാഴ്ച തുടക്കമാവുകയാണ്. മൂന്നു മല്‍സരങ്ങളുടെ പരമ്പരയിലാണ് ഇരുടീമുകളും ഏറ്റുമുട്ടുന്നത്. ഈ പരമ്പരയില്‍ ഇന്ത്യയുടെ ടീം ലൈനപ്പില്‍ ചില അഴിച്ചുപണികളുണ്ടാവുമെന്നുറപ്പായിരിക്കുകയാണ്. ഓപ്പണര്‍ ശിഖര്‍ ധവാന്റെ ശക്തമായ തിരിച്ചുവരവാണ് ഇതിനു കാരണം.
ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ഓപ്പണിങ് പങ്കാളിയായി ധവാന്‍ തന്നെ കളിക്കുമെന്നാണ് വിവരം. ഇതോടെ വൈസ് ക്യാപ്റ്റനും നേരത്തേയുള്ള ഓപ്പണിങ് പങ്കാളിയുമായ കെഎല്‍ രാഹുലിന് പൊസിഷന്‍ മാറേണ്ടി വരികയും ചെയ്യും. പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ രാഹുലിനു വിശ്രമം നല്‍കിയിരിക്കുകയാണ്. എന്നാല്‍ രണ്ടാം ഏകദിനത്തില്‍ അദ്ദേഹം തിരിച്ചുവരുന്നതോടെ ലൈനപ്പില്‍ മാറ്റങ്ങളുണ്ടാവും.

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ നാലു ഓപ്പണര്‍മാരാണ് ഇന്ത്യന്‍ സംഘത്തിലുള്ളത്. രോഹിത്, രാഹുല്‍, ധവാന്‍ എന്നിവരെക്കൂടാതെ യുവതാരം ഇഷാന്‍ കിഷനും ഓപ്പണിങ് സ്ഥാനത്തിനുവേണ്ടി രംഗത്തുണ്ട്. ഇതില്‍ ഇഷാനു പ്ലെയിങ് ഇലവനില്‍ സ്ഥാനം ലഭിക്കാന്‍ സാധ്യതയില്ല. ബാക്കിയുള്ള മുന്നുപേര്‍ തമ്മിലാണ് ഓപ്പണിങ് സ്ഥാനത്തിനു വേണ്ടി മല്‍സരം. ഇതില്‍ രോഹിത്തും ധവാനും സ്‌പെഷ്യലിസ്റ്റ് ഓപ്പണര്‍മാരാണ്. മാത്രമല്ല വലംകൈ- ഇടംകൈ ബാറ്റര്‍മാരുമാണ്. രാഹുലാവട്ടെ ഓപ്പണിങ് പൊസിഷനില്‍ മാത്രമല്ല മധ്യനിരയിലും ബാറ്റ് ചെയ്യാന്‍ മിടുക്കുള്ള ബാറ്ററാണ്. നാല്, അഞ്ച് പൊസിഷനുകളില്‍ അദ്ദേഹത്തിനു ബാറ്റ് ചെയ്യാന്‍ കഴിയും.

ഓപ്പണറായി 16 മല്‍സരങ്ങളിലാണ് രാഹുല്‍ കളിച്ചിട്ടുള്ളത്. ഇതില്‍ നിന്നും 47.78 ശരാശരിയില്‍ 669ല റണ്‍സ് താരം നേടിയിട്ടുണ്ട്. രണ്ടു സെഞ്ച്വറികളും രണ്ടു ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു. അഞ്ചാം നമ്പറില്‍ ഇതിനേക്കാള്‍ മികച്ച പ്രകടനമാണ് രാഹുല്‍ കാഴ്ചവച്ചിട്ടുള്ളത്. 56.62 എന്ന തകര്‍പ്പന്‍ ശരാശരിയില്‍ 453 റണ്‍സ് താരം അടിച്ചെടുത്തിട്ടുണ്ട്. ഒരു സെഞ്ച്വറിയും നാലു ഫിഫ്റ്റികളും ഈ പൊസിഷനില്‍ അദ്ദേഹം നേടുകയും ചെയ്തു.

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തായിരിക്കും നാലാം നമ്പറില്‍ ബാറ്റ് ചെയ്യുക. സൗത്താഫ്രിക്കയുമായുള്ള നാലാം നമ്പറിലും അദ്ദേഹം ഈ പൊസിഷനിലാണ് കളിച്ചത്. റിഷഭ് നാലാം സ്ഥാനത്തു ഇറങ്ങുന്നതിനാല്‍ രാഹുലിനു അഞ്ചാം നമ്പറിലേക്കു ഇറങ്ങേണ്ടി വരും. ഇതോടെ സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍ എന്നിവരിലൊരാള്‍ക്കു ഫിനിഷറുടെ റോള്‍ ഏറ്റെടുക്കേണ്ടി വരും. ശ്രേയസിനു പകരം കുറേക്കൂടി വേഗത്തില്‍ റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ ശേഷിയുള്ള സൂര്യക്കായിരിക്കും ഫിനിഷറുടെ സ്ഥാനത്തേക്കു മുന്‍തൂക്കം.

ഏകദിന പരമ്പരയില്‍ ഇന്ത്യയുടെ സാധ്യതാ ഇലവന്‍
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, വിരാട് കോലി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), കെഎല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, ശര്‍ദ്ദുല്‍ ടാക്കൂര്‍, ദീപക് ചാഹര്‍, മുഹമ്മദ് സിറാജ്, യുസ്വേന്ദ്ര ചാഹല്‍, രവി ബിഷ്നോയ്.

ഇന്ത്യയുടെ ഏകദിന സ്ക്വാഡ്
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍, ആദ്യ മല്‍സരം കളിക്കില്ല), റുതുരാജ് ഗെയ്ക്വാദ്, ശിഖര്‍ ധവാന്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, ദീപക് ഹൂഡ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ദീപക് ചാഹര്‍, ഷര്‍ദുല്‍ ടാക്കൂര്‍, യുസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ് , വാഷിംഗ്ടണ്‍ സുന്ദര്‍, രവി ബിഷ്നോയ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ആവേശ് ഖാന്‍.

വെസ്റ്റ് ഇന്‍ഡീസ് ഏകദിന സ്ക്വാഡ്
കരെണ്‍ പൊള്ളാര്‍ഡ് (ക്യാപ്റ്റന്‍), ഫാബിയന്‍ അലെന്‍, ക്രുമ ബോണര്‍, ഡാരെന്‍ ബ്രാവോ, ഷമാറ ബ്രൂക്‌സ്, ജാസണ്‍ ഹോള്‍ഡര്‍, ഷെയ് ഹോപ്പ്, അക്കീല്‍ ഹൊസെയ്ന്‍, അല്‍സാറി ജോസഫ്, ബ്രെന്‍ഡന്‍ കിങ്, നിക്കോളാസ് പൂരന്‍, കെമര്‍ റോച്ച്, റൊമാരിയോ ഷെപാര്‍ഡ്, ഒഡീന്‍ സ്മിത്ത്, ഹെയ്ഡന്‍ വാല്‍ഷ് ജൂനിയര്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications